കോഹ് ലിക്ക് കീഴില്‍ ഇന്ത്യ കളിച്ച മൂന്ന് ടെസ്റ്റില്‍ ഒത്തുകളി; തെളിവുകളുമായി അല്‍ജസീറയുടെ സ്റ്റിങ് ഓപ്പറേഷന്‍

കോഹ് ലിക്ക് കീഴില്‍ ഇന്ത്യ കളിച്ച മൂന്ന് ടെസ്റ്റില്‍ ഒത്തുകളി; തെളിവുകളുമായി അല്‍ജസീറയുടെ സ്റ്റിങ് ഓപ്പറേഷന്‍

റാഞ്ചിയിലെ ടെസ്റ്റില്‍ രണ്ട് ഓസീസ് കളിക്കാരും, ചെന്നൈയിലെ ടെസ്റ്റില്‍ മൂന്ന് ഇംഗ്ലീഷ് താരങ്ങളും ഒത്തുകളിയുടെ ഭാഗമായിട്ടുണ്ടെന്നാണ് ആരോപണം

കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ഇടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിച്ച മൂന്ന് ടെസ്റ്റുകളില്‍ എങ്കിലും ഒത്തുകളി നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അല്‍ജസീറ. ക്രിക്കറ്റിലെ അഴിമതി കഥകളുമായി ബന്ധപ്പെട്ട അല്‍ജസീറ പുറത്തിറക്കിയ അന്വേഷണാത്മക ഡോക്യുമെന്ററിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരേയും ആരോപണം ഉയരുന്നത്. 

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍, യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന അഡ്വെര്‍ട്ടൈസ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡി കമ്പനി അംഗം എന്നിവര്‍ ക്രിക്കറ്റിലെ തങ്ങളുടെ ബന്ധങ്ങള്‍ ഉപയോഗിച്ച് ഐസിസിയെ വരെ സ്വാധീനിച്ച് മത്സര ഫലത്തില്‍ മാറ്റം വരുത്തുന്നു എന്നാണ് അല്‍ജസീറയുടെ ഡോക്യുമെന്ററിയില്‍ ആരോപിക്കുന്നത്. 

ഡേവിജ് ഹാരിസന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏതെങ്കിലും ദിവസത്തെ റിസല്‍ട്ടിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചും, ടെസ്റ്റ് ഫലത്തെ മുഴുവനായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചും പറയുന്നു. 

ടെസ്റ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ പാക്കിസ്ഥാന്റെ ഹസന്‍ റാസ, ലങ്കന്‍ താരങ്ങളായ ദില്‍ഹര ലോകുഹെട്ടിഗേ, ജീവാന്ത് കുലതുംഗ, തരിന്‍ഡു മെന്‍ഡിസ് എന്നിവര്‍ ഒത്തു കളിയിലോ, പിച്ചിന്‍ മാറ്റം വരുത്തി റിസല്‍ട്ടിനെ സ്വാധീനിക്കുന്നതിലോ ഭാഗമാകുന്നുണ്ടെന്നാണ് അല്‍ജസീറ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഗല്ലേ സ്റ്റേഡിയത്തിലെ ക്യുറേറ്റര്‍ തരംഗ ഇന്‍ഡിക പിച്ചില്‍ മാറ്റം വരുത്തി റിസല്‍ട്ടിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയും ചെയ്യുന്നു ഇവിടെ. ഈ സ്റ്റേഡിയത്തിലായിരുന്നു 2017 ജൂലൈയില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 600 റണ്‍സ് അടിച്ചെടുത്തത്. അതേ സ്റ്റേഡിയത്തില്‍ തന്നെയായിരുന്നു 2016 ഓഗസ്റ്റില്‍ രണ്ടര ദിവസം മാത്രം കൊണ്ട് ഓസ്‌ട്രേലിയ ലങ്കയ്ക്ക് മുന്നില്‍ മുട്ടുമടക്കിയതും. 

ഡിസംബര്‍ 16 മുതല്‍ 20 വരെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്, 2017 മാര്‍ച്ച് 16ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ റാഞ്ചിയില്‍ ഇന്ത്യ ഇറങ്ങിയ ടെസ്റ്റ്, 2017 ജൂലൈയിലെ ലങ്കയ്‌ക്കെതിരായ ടെസ്റ്റ് എന്നിവയില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. അല്‍ജസീറയുടെ ക്രിക്കറ്റേഴ്‌സ് മാച്ച് ഫിക്‌സേഴ്‌സ് എന്ന ഡോക്യുമെന്ററി ഞായറാഴ്ച 3.30ന് അല്‍ജസീറ് സംപ്രേക്ഷണം ചെയ്യും. 

റാഞ്ചിയിലെ ടെസ്റ്റില്‍ രണ്ട് ഓസീസ് കളിക്കാരും, ചെന്നൈയിലെ ടെസ്റ്റില്‍ മൂന്ന് ഇംഗ്ലീഷ് താരങ്ങളും ഒത്തുകളിയുടെ ഭാഗമായിട്ടുണ്ടെന്നാണ് ആരോപണം. ആരോപണം ഇംഗ്ലണ്ട് നിഷേധിച്ചു. ഓസ്‌ട്രേലിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com