പ്രായവും പ്രശ്‌നം, മോശം ഫോമും; എന്നിട്ടും ചെന്നൈയ്ക്ക ഭ്രാന്തുണ്ടോയെന്ന് ചോദ്യം; ഇതിലും മനോഹരമായി വാട്‌സന്‍ എങ്ങിനെ മറുപടി നല്‍കും

രണ്ടും കല്‍പ്പിച്ച് ഒരു ബാറ്റ്‌സ്മാന്‍ ഇങ്ങനെ നിന്നു കളിച്ചാല്‍ ഏത് കൊലകൊമ്പന്‍ ബൗളര്‍ക്കാണ് അതിനെയൊന്ന് ഇളക്കാന്‍ സാധിക്കുക? അതും അടുത്ത മാസം പ്രായം 37ലേക്ക കടക്കുന്നൊരു ബാറ്റ്‌സ്മാന്‍
പ്രായവും പ്രശ്‌നം, മോശം ഫോമും; എന്നിട്ടും ചെന്നൈയ്ക്ക ഭ്രാന്തുണ്ടോയെന്ന് ചോദ്യം; ഇതിലും മനോഹരമായി വാട്‌സന്‍ എങ്ങിനെ മറുപടി നല്‍കും

ഓപ്പണറായി ഇറങ്ങി നേരിട്ട ആദ്യ പത്ത് ബോള്‍, പൂജ്യം റണ്‍സ്. ഐപിഎല്‍ കിരീടം ചെന്നൈയുടെ കൈകളിലേക്ക് എത്തിച്ച് റായിഡു ബൗണ്ടറി അടിക്കുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എല്‍ഡിലുണ്ടായിരുന്ന താരത്തിന്റെ സ്‌കോര്‍ 57 പന്തില്‍ 117...രണ്ടും കല്‍പ്പിച്ച് ഒരു ബാറ്റ്‌സ്മാന്‍ ഇങ്ങനെ നിന്നു കളിച്ചാല്‍ ഏത് കൊലകൊമ്പന്‍ ബൗളര്‍ക്കാണ് അതിനെയൊന്ന് ഇളക്കാന്‍ സാധിക്കുക? അതും അടുത്ത മാസം പ്രായം 37ലേക്ക്‌ കടക്കുന്നൊരു ബാറ്റ്‌സ്മാന്‍...

ടൂര്‍ണമെന്റിലുടനീളം ഓരോ ബാറ്റ്‌സ്മാന്‍മാരേയും എണ്ണിയെണ്ണി വിറപ്പിച്ചു വില്യംസനിന്റെ അറയിലെ വജ്രായുധങ്ങള്‍. പക്ഷേ അത് ഷെയിന്‍ വാട്‌സന്‍ എന്ന ക്രിക്കറ്ററുടെ മുന്നില്‍ വിലപ്പോയില്ല. 14 വര്‍ഷത്തെ രാജ്യാന്തര ക്രിക്കറ്റ് കരിയര്‍. വാട്‌സന്റെ മികവ് ഓസീസ് ജനത ശരിക്കും തിരിച്ചറിഞ്ഞിരുന്നുവോ എന്ന സംശയം ബാക്കിയാണ്. പ്രായം ഒന്നിനൊന്ന് കൂടുമ്പോഴും ഉള്ളിലുള്ള ക്രിക്കറ്റെല്ലാം പുറത്തെടുത്ത് ഓസ്‌ട്രേലിയന്‍ ജനതയ്ക്കുള്ളില്‍ കുറ്റബോധം നിറയ്ക്കുന്നുണ്ടാകും വാട്‌സന്‍ ഇപ്പോള്‍. 

2009ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഓസ്‌ട്രേലിയയുടെ കൈകളിലേക്ക് വെച്ചുകൊടുത്തതിന് സമാനമായ ഇന്നിങ്‌സായിരുന്നു വാട്‌സന്റെ ബാറ്റില്‍ നിന്നും വാങ്കെടെയില്‍ വിരിഞ്ഞത്. ആറ് റണ്‍സ് മാത്രം എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തി കീവീസ് ഓസീസിനെ കുഴക്കി. പക്ഷേ വാട്‌സന്‍ കീവിസിന്റെ തന്ത്രങ്ങളെല്ലാം തകര്‍ത്ത്, എതിര്‍ നിരയുടെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് ഓസ്‌ട്രേലിയയെ ക്ിരീടത്തിലേക്ക് എത്തിക്കുകയായിരുന്നു. 

ഷക്കീബ് അല്‍ ഹസനെ മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സ് പറത്തി അര്‍ധ സെഞ്ചുറിയിലേക്ക് എത്തിയായിരുന്നു വാട്‌സന്‍ വാംങ്കെഡെയില്‍ ശരിക്കും തന്റെ കളി തുടങ്ങിയത്. 33 ബോളില്‍ നിന്നായിരുന്നു ആ അര്‍ധ സെഞ്ചുറി. 13ാം ഓവറില്‍ തുടര്‍ച്ചയായ മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തി വാട്‌സന്‍ സന്ദീപിനെ അതിര്‍ത്തി കടത്തി നേടിയത് 27 റണ്‍സ്. അതോടെ വാട്‌സനെ തളയ്ക്കാന്‍ തന്ത്രങ്ങള്‍ തേടി വില്യംസന്‍ വലഞ്ഞു. 

ഡുപ്ലസി മടങ്ങിയതിന് പിന്നാലെ ഒരു ആശങ്കയ്ക്കും വക നല്‍കാതെ, സൂപ്പര്‍ ഓവറിന്റെ ആകാംക്ഷയിലേക്ക് ആരാധകരെ തള്ളി വിടാതെ ചെന്നൈയെ വാട്‌സന്‍ കിരീടത്തിലേക്ക് എത്തിക്കുമ്പോള്‍ പ്രായം എന്ന ഘടകം മാറ്റിവെച്ച് ആ ഓസീസ് മുന്‍ ഓള്‍റൗണ്ടറെ ടീമിലേക്ക് എത്തിക്കാന്‍ ചെന്നൈയുടെ തലയില്‍ വിരിഞ്ഞ ബുദ്ധി തന്നെയാണ് ഫുള്‍ മാര്‍ക്കും വാങ്ങുന്നത്. 

2017ല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടിയായിരുന്നു വാട്‌സന്‍ ഐപിഎല്ലിലേക്ക് എത്തിയത്. തന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം വര്‍ഷം എന്നായിരുന്നു ബാംഗ്ലൂരിനൊപ്പമുള്ള സീസണിനെ വാട്‌സന്‍ തന്നെ വിശേഷിപ്പിച്ചത്. 

പത്താം ഐപിഎല്‍ സീസണില്‍ വാട്‌സന്‍ നേടിയത് 11.83 ബാറ്റിങ് ആവറേജില്‍ 71 റണ്‍സ്. ബൗളിങ്ങിലും അന്ന് വാട്‌സന് താളം തെറ്റി. 10.02 എന്ന ഇക്കണോമിയിലായിരുന്നു വാട്‌സന്‍ സീസണ്‍ അവസാനിപ്പിച്ചത്. ഒന്‍പതാം ഐപിഎല്‍ സീസണില്‍ രാജസ്ഥാന് വേണ്ടി കളിക്കാനിറങ്ങിയപ്പോഴും വാട്‌സന്‍ പൂര്‍ണമായും പരാജയപ്പെട്ടിരുന്നു. 2016ല്‍ 13.76 ആവറേജില്‍ വാട്‌സന്‍ നേടിയത് 179 റണ്‍സ്. 

ഇങ്ങനെ തുടര്‍ച്ചയായ സീസണുകളില്‍ മോശമായി കളിച്ച താരത്തെ തൊട്ടടുത്ത സീസണില്‍ ചെന്നൈ സ്വന്തമാക്കുന്നു. അതും നാല് കോടി രൂപയ്ക്ക്. പ്രായവും, മോശം ഫോമുമെല്ലാം വാട്‌സന് എതിരായി നില്‍ക്കുമ്പോഴായിരുന്നു ബാംഗ്ലൂരിനോടും ഡല്‍ഹിയോടും ലേലത്തില്‍ മല്ലിട്ട് ചെന്നൈ വാട്‌സന് വേണ്ടി എത്തുന്നത്. ഐപിഎല്‍ താര ലേലത്തിന് ശേഷം ചെന്നൈയെ കളിയാക്കിയവര്‍ കൈ ചൂണ്ടിയത് വാട്‌സന് കൂടി നേരെയായിരുന്നു. 

പക്ഷേ വാട്‌സന്‍ എത്തിയത് എത്തേണ്ടിടത്ത് തന്നെയായിരുന്നു. പതിനൊന്നാം ഐപിഎല്‍ സീസണില്‍ 15 കളികളില്‍ നിന്നും വാട്‌സന്‍ അടിച്ചെടുത്തത് 555 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ കുറിച്ചത് ടീമിനെ കിരീടത്തിലേക്ക് എത്തിച്ച് ഫൈനലില്‍. പറത്തിയ സിക്‌സുകള്‍ 35. ഫോറുകള്‍ 44. ധോനിയെ വിശ്വസിക്കുക എന്ന തത്വത്തിന് വാട്‌സന്റെ കാര്യത്തിലും മാറ്റമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com