പരിക്ക് റമദാന്‍ വ്രതം എടുക്കാതിരുന്നതിന് ദൈവം നല്‍കിയ ശിക്ഷ; സലയ്‌ക്കെതിരെ മുസ്ലീം മതപണ്ഡിതന്‍

ബ്രിട്ടനില്‍ നിന്നും ഉക്രെയ്‌നിലേക്കുള്ള യാത്ര റമദാന്‍ വ്രതം അനുഷ്ടിക്കുന്നതില്‍ നിന്നും പിന്മാറുവാനുള്ള ഒഴികഴിവ് അല്ല
പരിക്ക് റമദാന്‍ വ്രതം എടുക്കാതിരുന്നതിന് ദൈവം നല്‍കിയ ശിക്ഷ; സലയ്‌ക്കെതിരെ മുസ്ലീം മതപണ്ഡിതന്‍

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ചുലച്ചായിരുന്നു മുഹമ്മദ് സല കളിക്കളം വിട്ടത്. ഈജിപ്തിന് സല ലോക കപ്പില്‍ കളത്തിലിറങ്ങുന്നത് കാണുവാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് ഫുട്‌ബോള്‍ ലോകം. 

എന്നാല്‍, റമദാന്‍ വ്രതം അനുഷ്ടിക്കാതിരുന്നതിന്റെ പേരില്‍ ദൈവം സലയെ ശിക്ഷിച്ചിരിക്കുകയാണ് ഈ പരിക്കിലൂടെയെന്ന വാദവുമായിട്ടാണ് ഒരു മുസ്ലീം മത പ്രഭാഷകന്‍ രംഗത്തെത്തുന്നത്. കളിക്ക് വേണ്ടി റമദാന്‍ വ്രതം സല വേണ്ടെന്ന് വെച്ചു. ബ്രിട്ടനില്‍ നിന്നും ഉക്രെയ്‌നിലേക്കുള്ള യാത്ര റമദാന്‍ വ്രതം അനുഷ്ടിക്കുന്നതില്‍ നിന്നും പിന്മാറുവാനുള്ള ഒഴികഴിവ് അല്ലെന്നുമാണ് കുവൈത്തില്‍ നിന്നുമുള്ള മത പ്രഭാഷകന്‍ മുബാറഖ് അല്‍ ബതാലി ആരോപിക്കുന്നത്. 

ദൈവം അവനെ ശിക്ഷിച്ചു എന്ന് അല്‍ ബതാലി ട്വീറ്റ് ചെയ്തതായിട്ടാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടയിലും റമദാന്‍ വ്രതം അനുഷ്ടിക്കും എന്ന് സല ആദ്യം വ്യക്തമാക്കിയിരുന്നു എങ്കിലും, ഫൈനലിന് രണ്ട് ദിവസം മുന്‍പ് വ്രതത്തില്‍ നിന്നും  സലയ്ക്ക് പിന്മാറേണ്ടി വന്നുവെന്ന് ലിവര്‍പൂളിന്റെ ഫിസിയോതെറാപ്പിസ്റ്റ് പിന്നീട് വ്യക്തമാക്കി. 

1990ന് ശേഷം ആദ്യമായിട്ടാണ് ഈജിപ്ത് ലോക കപ്പിലേക്ക് യോഗ്യത നേടുന്നത്. അതും സലയുടെ കരുത്തില്‍. അതിനിടയിലാണ് റാമോസിന്റെ പരുക്കന്‍ കളിയുടെ പ്രതിഫലനമായി സല പരിക്കില്‍ കുടുങ്ങുന്നത്. നാല് ആഴ്ച വരെ സലയ്ക്ക് വിശ്രമം വേണ്ടി വരും എന്നായിരുന്നു ലിവര്‍പൂള്‍ ഫിസിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 

ഈജിപ്തിന്റെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ സലയ്ക്ക നഷ്ടമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്ത് പ്രതിസന്ധി അതിജീവിച്ചും ഞാന്‍ ലോക കപ്പിലേക്ക് എത്തുമെന്ന് സലയും വ്യക്തമാക്കിയിരുന്നു. മൂന്ന് ആഴ്ചയില്‍ കൂടുതല്‍ സല കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കില്ലെന്നും, ലോക കപ്പില്‍ സല ഉണ്ടാകുമെന്നും ഈജിപ്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും ഉറപ്പിച്ചു പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com