സൈനിക സേവനം താത്പര്യമില്ല; വ്യാജ രേഖകൾ സമർപ്പിച്ചു; ദക്ഷിണ കൊറിയൻ താരത്തിന് ഫുട്ബോളിൽ നിന്ന് ആജീവനാന്ത വിലക്ക്

നിര്‍ബന്ധിത സൈനിക സേവനം നടത്താന്‍ താത്പര്യമില്ലാത്തതിന്റെ പേരില്‍ നടത്തിയ തട്ടിപ്പാണ് താരത്തിന് വിനയായത്
സൈനിക സേവനം താത്പര്യമില്ല; വ്യാജ രേഖകൾ സമർപ്പിച്ചു; ദക്ഷിണ കൊറിയൻ താരത്തിന് ഫുട്ബോളിൽ നിന്ന് ആജീവനാന്ത വിലക്ക്

സിയൂള്‍: ദക്ഷിണ കൊറിയന്‍ ഫുട്‌ബോള്‍ താരം ജങ് ഹ്യുന്‍ സുവിന് ആജീവനാന്ത വിലക്ക്. കൊറിയ ഫുട്‌ബോള്‍ അസോസിയേഷനാണ് താരത്തിനെ ആജീവനാന്തം ഫുട്‌ബോളില്‍ നിന്ന് വിലക്കിയത്. 

നിര്‍ബന്ധിത സൈനിക സേവനം നടത്താന്‍ താത്പര്യമില്ലാത്തതിന്റെ പേരില്‍ നടത്തിയ തട്ടിപ്പാണ് താരത്തിന് വിനയായത്. ദക്ഷിണ കൊറിയയില്‍ എല്ലാ പൗരന്‍മാരും രണ്ട് വര്‍ഷം സൈന്യത്തില്‍ ജോലി എടുക്കണമെന്ന നിയമമുണ്ട്. എന്നാല്‍ ഇത് ഒഴിവാക്കാനായി ജങ് ഹ്യുന്‍ വ്യാജ രേഖകള്‍ കാണിച്ച് സൈനിക സേവനം ചെയ്യാതെ ഇരിക്കുകയായിരുന്നു. 

2014ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ കൊറിയന്‍ ടീമില്‍ കളിച്ച താരമാണ് ജങ് ഹ്യുന്‍. സൈനിക സേവനത്തിലേക്ക് വരുന്നതിന് മുന്നോടിയായി താരം സേനയെ സംബന്ധിച്ച അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 544 മണിക്കൂര്‍ കായികവുമായി ബന്ധപ്പെട്ട സാമൂഹിക സേവനവും ജങ് ഹ്യുന്‍ പൂര്‍ത്തിയാക്കി. 

എന്നാല്‍ സൈനിക സേവനം ചെയ്യുന്നതിനുള്ള സമയം നീട്ടിക്കിട്ടുന്നതിന്റെ ഭാഗമായി 2017ല്‍ 196 ദിവസം സാമൂഹിക സേവനം നടത്തിയതായി കാണിച്ച് താരം സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. 

ഇതേത്തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് അസോസിയേഷന്‍ നീങ്ങിയത്. വിലക്കിനൊപ്പം പരമാവധി തുക പിഴയടക്കാനും ശിക്ഷയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com