എന്റെ കൂടെ വരാന്‍ മെസിയോട് ആവശ്യപ്പെട്ടിട്ടില്ല; വെളിപ്പെടുത്തലുമായി ഗെര്‍ഡിയോള

ഗെര്‍ഡിയോള മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പാളയത്തിലേക്കെത്തിക്കാന്‍ ശ്രമിച്ചിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ആ വാദങ്ങളെ തള്ളി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്
എന്റെ കൂടെ വരാന്‍ മെസിയോട് ആവശ്യപ്പെട്ടിട്ടില്ല; വെളിപ്പെടുത്തലുമായി ഗെര്‍ഡിയോള

പെപ് ഗെര്‍ഡിയോള, ലയണല്‍ മെസി, ബാഴ്‌സലോണ എന്നീ പേരുകള്‍ ചേര്‍ത്ത് നിര്‍ത്തി ഉരുവിടുന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്നതാണ്. ഈ സൂപ്പര്‍ പരിശീലകനും ഇതിഹസ താരവും ചേര്‍ന്ന് ബാഴ്‌സലോണ ക്ലബിനെ നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് ഉയര്‍ത്തിയത് ചരിത്രം. ഗെര്‍ഡിയോളയ്ക്ക് കീഴില്‍ കളിക്കുമ്പോള്‍ മെസി മൂന്ന് ലാ ലിഗ, രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും മൂന്ന് ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരവും സ്വന്തമാക്കി.

ബാഴ്‌സലോണ വിട്ട് ഗെര്‍ഡിയോള ബയേണ്‍ മ്യൂണിക്കിലേക്ക് മാറിയത് ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കൂടാരത്തിലേക്കും പെപ് മാറി. മറ്റൊരു ഇംഗ്ലീഷ് ക്ലബിനേയും പരിശീലിപ്പിക്കാന്‍ താത്പര്യമില്ലെന്ന് ഈയടുത്ത് ഗെര്‍ഡിയോള വെളിപ്പെടുത്തിയിരുന്നു. 

ഗെര്‍ഡിയോള മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പാളയത്തിലേക്കെത്തിക്കാന്‍ ശ്രമിച്ചിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ആ വാദങ്ങളെ തള്ളി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം മെസിയെ വന്‍ തുക നല്‍കി ബാഴ്‌സലോണയില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിക്കാന്‍ താന്‍ ശ്രമം നടത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഗെര്‍ഡിയോള. ഈയടുത്ത് സ്പാനിഷ് പത്രമായ എല്‍ മുണ്ടോയാണ് മെസിയെ സിറ്റിയില്‍ എത്തിക്കാന്‍ ഗെര്‍ഡിയോള കഴിഞ്ഞ വര്‍ഷം ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് സൂപ്പര്‍ പരിശീലന്‍ ഇപ്പോള്‍ തള്ളിയിരിക്കുന്നത്. 

'ബാഴ്‌സലോണയില്‍ നിന്ന് ബയേണ്‍ മ്യൂണിക്കിലേക്ക് പോയപ്പോഴും അവിടെ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറിയപ്പോഴും എന്റെ കൂടെ വരാന്‍ മെസിയോട് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. വിട്ടതിന് ശേഷം താന്‍ പരിശീലിപ്പിച്ച ഒരു ക്ലബിലേക്കും മെസിയെ കൊണ്ടു വരാന്‍ ശ്രമിച്ചിട്ടില്ല. ഈ ക്ലബുകളോട് മെസിയെ ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. ബാഴ്‌സലോണ മെസിക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. ഒരു തവണ പോലും മെസിയെ വേണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അതേസമയം ആയിരം തവണ ഞാന്‍ പറഞ്ഞിട്ടുണ്ട് മെസി ബാഴ്‌സലോണയില്‍ തന്നെ നില്‍ക്കണമെന്ന് ' - ഗെര്‍ഡിയോള വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com