ട്വന്റി-20: കൊൽക്കത്തയിൽ വിന്‍ഡീസിനെ 109 റൺസിലൊതുക്കി ഇന്ത്യ 

നിശ്ചിത ഓവർ പൂർത്തിയായപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് സ്കോർബോർഡിൽ ചേർക്കാനെ വെസ്റ്റ് ഇൻഡീസിന് സാധിച്ചുള്ളു
ട്വന്റി-20: കൊൽക്കത്തയിൽ വിന്‍ഡീസിനെ 109 റൺസിലൊതുക്കി ഇന്ത്യ 

കൊൽക്കത്ത:  ടെസ്റ്റ് ഏകദിന പരമ്പരകൾ സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി-20 പരമ്പര ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് മുന്നിൽ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ബാറ്റിങ് തകർച്ച. നിശ്ചിത ഓവർ പൂർത്തിയായപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് സ്കോർബോർഡിൽ ചേർക്കാനെ വെസ്റ്റ് ഇൻഡീസിന് സാധിച്ചുള്ളു. ഇന്ത്യൻ ബോളർമാരിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ് മികച്ചുനിന്നു.

വിരാട് കോഹ്‍ലിയും എം.എസ്. ധോണിയും ഇല്ലാതെയാണ് ട്വന്റി 20 ലോക ചാംപ്യന്‍മാരായ വിന്‍ഡീസിനെതിരെ ഇന്ത്യ ഇറങ്ങിയത്. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. 20 പന്തിൽ 27 റൺസെടുത്ത ഫാബിയൻ അലനാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയിലെ ടോപ് സ്കോറർ. 

സ്‌കോര്‍ബോർഡിൽ 16 റൺസ് കുറിച്ചപ്പോഴേക്കും വീൻഡീസ് നിരയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഡെനേഷ് രാംദിൻ ഉമേഷ് യാദവിന്റെ പന്തിൽ‌ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. പിന്നാലെ നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഷായ് ഹോപ് റണ്ണൗട്ടായതോടെ അടുത്ത വിക്കറ്റും വീണു. ഷിംറോണ്‍ ഹെറ്റ്മിറിനെ ബുംറ പുറത്തായപ്പോൾ സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 28റൺസ് എന്ന നിലയിലായിരുന്നു. 

നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ കീറോണ്‍ പൊള്ളാര്‍ഡും ഡാരന്‍ ബ്രാവോയും ചേര്‍ന്ന് സ്കോർബോർഡിൽ ചലനമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും സ്കോർ 47ലെത്തിയപ്പോൾ ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ പൊള്ളാര്‍ഡ് പുറത്തായി. പിന്നാലെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ബ്രാവോയും പുറത്ത്.  പതിനാറാമത്തെ ഓവറിലെ അവസാന പന്തില്‍ കുല്‍ദീപിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യൂ ആയി കാര്‍ലോസ് ബ്രാത്തും മടങ്ങി. 

ഡെനേഷ് രാംദിൻ (അഞ്ച് പന്തിൽ രണ്ട്),  ഷായ് ഹോപ് (10 പന്തിൽ 14), ഷിമ്രോൻ ഹെയ്റ്റ്മർ (ഏഴ് പന്തിൽ പത്ത്), കീറോൺ പൊള്ളാർഡ് (26 പന്തിൽ 14), ബ്രാവോ (പത്ത് പന്തിൽ അഞ്ച്), റോവ്മൻ പവൽ (13 പന്തിൽ നാല്), ക്യാപ്റ്റൻ കാർലോസ് ബ്രാത്ത്‍വൈറ്റ് (11 പന്തിൽ നാല്) എന്നിങ്ങനെയാണ് വിൻഡീസ് താരങ്ങളുടെ പ്രകടനങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com