ഈ പിറവിക്ക് നന്ദി പറഞ്ഞ് അനുഷ്‌ക, ജന്മദിനാശംസ ഒഴുകുന്നു; ആഘോഷം ഹരിദ്വാറില്‍

ഏകദിനത്തിലായാലും ടെസ്റ്റിലായാലും കരിയറിലെ മികച്ച വര്‍ഷത്തിലൂടെയാണ് കോഹ് ലി കടന്നു പോകുന്നത്
ഈ പിറവിക്ക് നന്ദി പറഞ്ഞ് അനുഷ്‌ക, ജന്മദിനാശംസ ഒഴുകുന്നു; ആഘോഷം ഹരിദ്വാറില്‍

മുപ്പതാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഇന്ന്. നേട്ടങ്ങളുടെ കൊടുമുടി കയറുന്നതിനിടെ എത്തിയ ജന്മദിനത്തില്‍ കോഹ് ലിക്കുള്ള ജന്മദിനാശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വിന്‍ഡിസിനെതിരായ ട്വന്റി20യില്‍ നിന്നും വിശ്രമം അനുവദിച്ചതിനാല്‍ ടീം അംഗങ്ങള്‍ക്കൊപ്പമുള്ള ആഘോഷം കോഹ് ലിക്കും ആരാധകര്‍ക്കും നഷ്ടമായി. 

കോഹ് ലിക്ക് ജന്മം നല്‍കിയതിന് ദൈവത്തോട് നന്ദി പറഞ്ഞാണ് അനുഷ്‌ക ജന്മദിനാശംസ നേര്‍ന്നത്. കോഹ് ലിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും അനുഷ്‌ക ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നു. 

വിവാഹത്തിന് ശേഷമുള്ള കോഹ് ലിയുടെ ആദ്യ ജന്മദിനം എത്തുമ്പോള്‍ ഇരുവരും എങ്ങിനെയാവും ആഘോഷിക്കുക എന്നതും ആരാധകരില്‍ ആകാംക്ഷ നിറയ്ക്കുന്ന കാര്യമാണ്. അനുഷ്‌കയ്ക്ക് ഒപ്പം ഹരിദ്വാറിലായിരിക്കും കോഹ് ലിയുടെ ജന്മദിനാഘോഷം എന്നാണ് റിപ്പോര്‍ട്ട്. 

ശനിയാഴ്ച രാത്രി ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ അനുഷ്‌കയും കോഹ് ലിയും എത്തി. നരേന്ദ്ര നഗറിലെ ആനന്ദ ഹോട്ടലിലാണ് ഇവര്‍ തങ്ങുന്നത്. ആനന്ദ് ധം ആത്മഭൂധ് ആശ്രമത്തിലാകും കോഹ് ലി ജന്മദിനം ചിലവഴിക്കുക. അനുഷ്‌കയുടെ കുടുംബം വിശ്വസിക്കുന്ന മഹാരാജ് ആനന്ദ് ബാബയുടെ ആശ്രമമാണ് ഇത്. 

നവംബര്‍ ഏഴ് വരെ അനുഷ്‌കയും കോഹ് ലിയും ഹരിദ്വാറില്‍ തുടരും. ഋഷികേഷില്‍ കറങ്ങിയാവും ഇവരുടെ മടക്കം. വിവാഹം ഉള്‍പ്പെടെയുള്ള ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ക്കെല്ലാം മുന്‍പ് അനുഷ്‌ക ഇവിടെ ആശ്രമത്തില്‍ എത്തിയിരുന്നു.

 ഏകദിനത്തിലായാലും ടെസ്റ്റിലായാലും കരിയറിലെ മികച്ച വര്‍ഷത്തിലൂടെയാണ് കോഹ് ലി കടന്നു പോകുന്നത്. സച്ചിനെ പിന്തള്ളി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് പിന്നിട്ട കോഹ് ലി, റെക്കോര്‍ഡുകള്‍ പലതും ഇനി തന്റെ പേരിലാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. 

ഈ വര്‍ഷം 11 ഇന്നിങ്‌സില്‍ നിന്നാണ് കോഹ് ലി ഏകദിനത്തില്‍ 1000 റണ്‍സ് തികച്ചിരിക്കുന്നത്. ഇതോടെ 2011 മുതല്‍ ആറാം വട്ടമാണ് കോഹ് ലി കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് തികയ്ക്കുന്നത്. 1000 റണ്‍സ് എന്ന നേട്ടം നഷ്ടമായത് 2015ല്‍ മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com