ഷക്കിരി എത്തിയാല്‍ സെര്‍ബിയക്കാര്‍ കൈകാര്യം ചെയ്യും; മുന്നൊരുക്കമായി താരത്തെ ഒഴിവാക്കി ലിവര്‍പൂള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th November 2018 04:58 PM |
Last Updated: 05th November 2018 04:58 PM | A+A A- |

ചാമ്പ്യന്‍സ് ലീഗില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ കളത്തിലിറങ്ങാനിരിക്കെ ഷകിരിയെ ടീമില്‍ നിന്നും ഒഴിവാക്കി ലിവര്‍പൂള്‍. സെര്‍ബിയന്‍ ആരാധകരുടെ പ്രതിഷേധം ഭയന്നാണ് സ്വിസ് മധ്യനിര താരത്തെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയത്.
സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലാണ് മത്സരം. ലോക കപ്പിലെ സെര്‍ബിയ-സ്വിറ്റ്‌സര്‍ലാന്‍ഡ് പോരിനിടയിലേക്ക് ബാല്‍ക്കന്‍ രാഷ്ട്രീയം ഷക്കിരി കൊണ്ടുവന്നിരുന്നു. രണ്ട് കൈകളും പിണച്ച്, അല്‍ബേനിയയുടെ ഇരട്ടതലയുള്ള കഴുകന്റെ ചിഹ്നം ഉയര്‍ത്തിയായിരുന്നു ഷക്കിരിയുടെ സെര്‍ബിയയ്‌ക്കെതിരായ ഗോള്‍ ആഘോഷം. കൊസോവന്‍ പതാക പതിച്ച ഷൂസുമായിട്ടാണ് ഷക്കിരീ കളിക്കാനിറങ്ങിയതും.
അതിനാല്‍, റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരായ മത്സരത്തില്‍ ഷക്കിരിയെ സെര്‍ബിയന്‍ ആരാധകര്‍ ലക്ഷ്യം വയ്ക്കുമെന്ന് ഉറപ്പായിരുന്നു. ആന്‍ഫീല്‍ഡില്‍ രണ്ടാഴ്ച മുന്‍പ് ലിവര്‍പൂളും റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡും ഏറ്റുമുട്ടിയപ്പോള്‍, ഷക്കിരിയുടെ കളത്തിലെ ഓരോ ചുവടും കൂവിയാണ് സെര്‍ബിയന്‍ ആരാധകര്‍ സ്വീകരിച്ചത്.
ഇതോടെ സെര്‍ബിയന്‍ തലസ്ഥാനത്തെ മത്സരത്തില്‍ ഷക്കിരി ഇറങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് വ്യക്തമായിരുന്നു. കൊസോവയുടെ സ്വാതന്ത്ര്യം ഇതുവരെ സെര്‍ബിയ അംഗീകരിച്ചിട്ടില്ല. 1990ലാണ് യുഗോസ്ലേവിയയില്‍ നിന്നും കൊസോവ വേര്‍പെട്ടുവരുന്നത്. ഇത് 1998-99ലെ കൊസോവന്‍ യുദ്ധത്തിലേക്ക് നയിച്ചു. യുദ്ധത്തില്‍ ഒരു മില്യണ്‍ അല്‍ബേനിയക്കാര്‍ക്ക് സ്വന്തം മണ്ണ് വിട്ടുപോവേണ്ടി വന്നു.