ഇത്തവണ വനിതാ ട്വന്റി20 ലോക കപ്പ് തകര്‍ക്കും; ഡിആര്‍എസ് ഉള്‍പ്പെടെ വമ്പന്‍ മാറ്റങ്ങള്‍ ഒരുക്കി ഐസിസി

ഇത്തവണ വനിതാ ട്വന്റി20 ലോക കപ്പ് തകര്‍ക്കും; ഡിആര്‍എസ് ഉള്‍പ്പെടെ വമ്പന്‍ മാറ്റങ്ങള്‍ ഒരുക്കി ഐസിസി

വനിതാ ക്രിക്കറ്റിന് അതിന്റേതായ വ്യക്തിത്വം നേടിക്കൊടുക്കാനും, ഐസിസി കലണ്ടറില്‍ അതിന്റേതായ സ്ഥാനം നല്‍കാനും ശ്രമിച്ചാണ് ഐസിസിയുടെ പരിഷ്‌കാരങ്ങള്‍

ദുബൈ: ഐസിസിയുടെ ലോക കപ്പ് മത്സരങ്ങളിലേക്കും ഡിആര്‍എസ് എത്തുന്നു. നാളെ തുടങ്ങുന്ന വനിതാ ലോക കപ്പ് ട്വന്റി20യില്‍ ഡിആര്‍എസ് നടപ്പിലാക്കുമെന്ന് ഐസിസി വ്യക്തമാക്കി. പുരുഷന്മാരുടെ ട്വന്റി20 ലോക കപ്പില്‍ നിന്നും വനിതകളുടെ ലോക കപ്പ് വേര്‍പെടുത്തിയത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ക്കൊപ്പമാണ് ഡിആര്‍എസും ഐസിസി കൊണ്ടുവരുന്നത്. 

നേരത്തെ പുരുഷ, വനിതാ ട്വന്റി20 ലോക കപ്പുകള്‍ ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ വനിതാ ക്രിക്കറ്റിന് അതിന്റേതായ വ്യക്തിത്വം നേടിക്കൊടുക്കാനും, ഐസിസി കലണ്ടറില്‍ അതിന്റേതായ സ്ഥാനം നല്‍കാനും ശ്രമിച്ചാണ് ഐസിസിയുടെ പരിഷ്‌കാരങ്ങള്‍. 200 രാജ്യങ്ങളില്‍ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ലൈവ് കാണുവാനും സാധിക്കും എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 

വനിതാ ക്രിക്കറ്റിന് കാണികള്‍ കൂടി വരുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ മാറ്റങ്ങള്‍. 100 കോടി വരുന്ന ക്രിക്കറ്റ് ഫാന്‍സില്‍ 70 ശതമാനം പേരും വനിതാ ക്രിക്കറ്റിന് കൂടുതല്‍ കവറേജ് നല്‍കണം എന്ന് ആവശ്യപ്പെടുന്നതായി ഐസിസി വ്യക്തമാക്കുന്നു. ഐസിസിയുടെ ഗ്ലോബല്‍ ബ്രോഡ്കാസ്റ്റ് പാര്‍ട്ണറായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് വഴിയായിരിക്കും ലൈവ് ടെലികാസ്റ്റ്. 

ഹോട്ട്‌സ്റ്റാര്‍ പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും ലൈവ് കാണാം. വനിതാ ട്വന്റി20 ലോക കപ്പിനായി മികച്ച കമന്ററി ടീമിനേയുമാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അഞ്ജും ചോപ്ര, ഓസീസ് മുന്‍ താരം ലിസ സ്തലേക്കര്‍, ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍, ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍, വിന്‍ഡിസ് മുന്‍ ബൗളര്‍ ഇയാന്‍ ബിഷപ് എന്നിങ്ങനെ 14 അംഗങ്ങളുടെ കമന്ററി പാനലാണുള്ളത്. 

കഴിഞ്ഞ വര്‍ഷം നടന്ന വനിതാ ലോക കപ്പിന് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്നാണ് കൂടുതല്‍ പ്രധാന്യം നല്‍കി ഐസിസി ട്വിന്റി20 ലോക കപ്പ് നടത്തുന്നത്. നവംബര്‍ ഒന്‍പത് മുതല്‍ നവംബര്‍ 24 വരെ വെസ്റ്റ് ഇന്‍ഡീസിലാണ് ടൂര്‍ണമെന്റ്. വിന്‍ഡിസാണ് നിലവിലെ ചാമ്പ്യന്മാര്‍. 2016ല്‍ ഇന്ത്യയില്‍ നടന്ന ട്വന്റി20 ലോക കപ്പില്‍ ഓസീസിനെ തോല്‍പ്പിച്ച് വിന്‍ഡിസ് കിരീടം നേടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com