മികച്ച ടീമാണ് ഇതെന്ന് പറയാന്‍ നിങ്ങളാരാണ്? ശാസ്ത്രിയെ വെട്ടി ഭരണാധികാര സമിതി, ഐപിഎല്‍ നേരത്തെയാക്കും

15 വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീമാണ് ഇതെന്ന ശാസ്ത്രിയുടെ വാക്കുകളേയും ഭരണാധികാര സമിതി വിമര്‍ശിച്ചു
മികച്ച ടീമാണ് ഇതെന്ന് പറയാന്‍ നിങ്ങളാരാണ്? ശാസ്ത്രിയെ വെട്ടി ഭരണാധികാര സമിതി, ഐപിഎല്‍ നേരത്തെയാക്കും

ലോക കപ്പ് മുന്നില്‍ കണ്ട് ഐപിഎല്‍ മത്സരങ്ങള്‍ നേരത്തെയാക്കിയേക്കും. ലോക കപ്പിന് ഒരുങ്ങുന്നതിന് വേണ്ടി ഇന്ത്യയുടെ പേസര്‍മാരോട് ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കോഹ് ലിയും കോച്ച് രവി ശാസ്ത്രിയും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഐപിഎല്‍ ടൂര്‍ണമെന്റ് നേരത്തെ നടത്താനുള്ള തീരുമാനം വരുന്നത്. 

കഴിഞ്ഞ മാസം സുപ്രീംകോടതി നിയോഗിച്ച ഭരണാധികാര സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഭുവിയും ഭൂമ്രയും ഉള്‍പ്പെടെ ലോക കപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങുന്ന പേസര്‍മാര്‍ ഐപിഎല്ലില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ആവശ്യം കോഹ് ലി ഉന്നയിച്ചത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് നായകനും, ഇന്ത്യയുടെ ഉപനായകനുമായ രോഹിത് ശര്‍മ കോഹ് ലിയുടെ നിലപാട് തള്ളിയിരുന്നു. 

ഭൂമ്രയ്ക്ക് താത്പര്യം ഉണ്ടെങ്കില്‍ കളിപ്പിക്കുമെന്നായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. ഇങ്ങനെ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഐപിഎല്‍ നേരത്തെ നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം വരുന്നത്. 

മാര്‍ച്ച് 23ന് ഐപിഎല്‍ തുടങ്ങുന്ന നിലയില്‍ മത്സരങ്ങള്‍ ക്രമീകരിക്കും എന്നാണ് റിപ്പോര്‍ട്ട്. മെയ് 30നാണ് ലോക കപ്പ് ആരംഭിക്കുന്നത്. നിലവിലെ തിയതി അനുസരിച്ച് മെയ് മൂന്നാം വാരത്തോടെയെ ഐപിഎല്‍ അവസാനിക്കുകയുള്ളു.കോഹ് ലിയുടെ നിര്‍ദേശം ഭരണാധികാര സമിതി അംഗീകരിക്കുകയാണ് എങ്കില്‍ ടീം ഫ്രാഞ്ചൈസികളെ അത് പ്രതികൂലമായി ബാധിക്കും.

മാത്രമല്ല, വിനോദ് റായിയും, ഡയാന ഇഡുല്‍ജിയും അടങ്ങുന്ന സംഘം വിദേശത്തെ ടീം ഇന്ത്യയുടെ മോശം പ്രകടനത്തെ കുറിച്ച് ശാസ്ത്രിയോടും കോഹ് ലിയോടും സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ടീം മാനേജ്‌മെന്റും, കളിക്കാരും മുന്നോട്ടു വെച്ച ചില ആവശ്യങ്ങളിലെ അതൃപ്തിയും ഇവര്‍ ടീം നായകനേയും കോച്ചിനേയും അറിയിച്ചു. 

15 വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീമാണ് ഇതെന്ന ശാസ്ത്രിയുടെ വാക്കുകളേയും ഭരണാധികാര സമിതി വിമര്‍ശിച്ചു. അത് വിലയിരുത്തേണ്ടതും പറയേണ്ടതും ടീം കോച്ച് അല്ല, മറിച്ച് ജനങ്ങളാണ് എന്നാണ് ഭരണാധികാര സമിതി ശാസ്ത്രിക്ക് നല്‍കിയ മറുപടി. ഹൈദരാബാദില്‍ നടന്ന യോഗത്തിനിടെ നിലവിലെ ഇന്ത്യന്‍ ടീമിനെ പുകഴ്ത്തുന്നതിന് ഇടയിലായിരുന്നു ശാസ്ത്രിയുടെ സംസാരം തടഞ്ഞ് ഭരണാധികാര സമിതി അംഗം പ്രതികരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com