മികച്ച തുടക്കം; രഞ്ജിയിൽ കരുത്തോടെ കേരളം; ജലജ് സക്സേനയ്ക്ക് സെഞ്ച്വറി

ആന്ധ്രയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ശക്തമായ നിലയിലേക്ക്
മികച്ച തുടക്കം; രഞ്ജിയിൽ കരുത്തോടെ കേരളം; ജലജ് സക്സേനയ്ക്ക് സെഞ്ച്വറി

തിരുവനന്തപുരം: ആന്ധ്രയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ശക്തമായ നിലയിലേക്ക്. ആന്ധ്രയുടെ പോരാട്ടം 254 റൺസിൽ അവസാനിപ്പിച്ച കേരളം രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 227 റൺസെന്ന നിലയിൽ കരുത്തോടെ നിൽക്കുന്നു. ആന്ധ്രയുടെ ഒന്നാമിന്നിങ്സ് സ്കോറിനേക്കാൾ 27 റൺസ് മാത്രം പിന്നിലാണ് കേരളം. സെഞ്ച്വറി നേടിയ ജലജ് സക്സേനയുടെ മികച്ച ബാറ്റിങിന്റെ ബലത്തിലാണ് കേരളം ഉജ്ജ്വല തുടക്കമിട്ടത്. 

ഒന്നാം ഇന്നിങ്സ് തുടങ്ങിയ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപണർമാരായ അരുൺ കാർത്തിക്കും ജലജ് സക്സേനയും ചേർന്ന് ആദ്യ വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 139ൽ നിൽക്കെ, 56 റൺസുമായി കാർത്തിക്ക് പുറത്തായി. എന്നാൽ പിന്നാലെയെത്തിയ രോഹൻ പ്രേം സക്സേനയ്ക്കൊപ്പം താളം കണ്ടെത്തിയതോടെ സ്കോർബോർഡ് ഉയർന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ജലജ് സക്സേന 127 റൺസോടെയും രോഹൻ പ്രേം 34 റൺസോടെയും ക്രീസിൽ നിൽക്കുന്നു. 217 പന്തുകൾ നേരിട്ട് 11 ഫോറുകളുടെ അകമ്പടിയോടെയാണ് ജലജ് സക്സേന 127 റൺസുമായി പുറത്താകാതെ നിൽക്കുന്നത്. 

എട്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന നിലയിൽ‍ ഇന്നലെ കളി അവസാനിപ്പിച്ച ആന്ധ്രയ്ക്ക്, ഇന്ന് 29 റൺസ് കൂടിയെ കൂട്ടിച്ചേർക്കാനായുള്ളു. അവസാന രണ്ട് വിക്കറ്റുകൾ ബേസിൽ തമ്പിയും സന്ദീപ് വാര്യരും ചേർന്ന് എടുത്തു. നേരത്തേ മധ്യനിര ബാറ്റ്‌സ്മാന്‍ റിക്കി ഭുയിയുടെ (109) സെഞ്ച്വറിയാണ് ആന്ധ്രയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നാലാമനായി ക്രീസിലെത്തിയ ഭുയി 205 പന്തില്‍ 10 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെ അകമ്പടിയോടെയാണ് 109 റണ്‍സെടുത്തത്. ശിവചരണ്‍ സിങാണ് (45) സന്ദര്‍ശകരുടെ മറ്റൊരു പ്രധാന സ്‌കോറര്‍. കേരളത്തിനായി കെസി അക്ഷയ് നാലും ബേസില്‍ തമ്പി മൂന്നും വിക്കറ്റ് വീഴ്ത്തി. സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com