അവർ പിണക്കത്തിലല്ല; ഇതിഹാസത്തിനൊപ്പം ഭാവി താരങ്ങൾക്ക് ടിപ്സ് പകർന്ന് ബല്യകാല സുഹൃത്തും (വീഡിയോ)

ദീര്‍ഘകാലം പിണക്കത്തിലായിരുന്ന സച്ചിനും കാംബ്ലിയും വീണ്ടും ഒരുമിച്ചു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ
അവർ പിണക്കത്തിലല്ല; ഇതിഹാസത്തിനൊപ്പം ഭാവി താരങ്ങൾക്ക് ടിപ്സ് പകർന്ന് ബല്യകാല സുഹൃത്തും (വീഡിയോ)

മുംബൈ: സച്ചിൻ ടെണ്ടുൽക്കർ എന്ന ഇതിഹാസ താരം വരവറിയിച്ചത് സ്കൂൾ പോരാട്ടത്തിലെ മികവിലൂടെയായിരുന്നു. അന്ന് ശാരദാശ്രമം സ്കൂളിനായി തകർത്തടിക്കുമ്പോൾ സച്ചിനൊപ്പം ക്രീസിലുണ്ടായിരുന്ന താരമാണ് വിനോദ് കാംബ്ലി. സച്ചിനൊത്ത പ്രതിഭയെന്ന് അന്നേ വിലയിരുത്തപ്പെട്ട കാംബ്ലിയുടെ കരിയറിന് പക്ഷേ അധികം ആയുസുണ്ടായില്ല. ഇരുവരും സ്കൂൾ കാലത്ത് തുടങ്ങിയ കൂട്ടുകെട്ട് ഇന്ത്യൻ ടീമിൽ വരെ എത്തിയിരുന്നു. കളത്തിന് പുറത്തും സച്ചിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു കാംബ്ലി. പിന്നീട് ഈ ബന്ധത്തിൽ ഉലച്ചിൽ വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ദീര്‍ഘകാലം പിണക്കത്തിലായിരുന്ന സച്ചിനും കാംബ്ലിയും വീണ്ടും ഒരുമിച്ചു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സച്ചിന്റെ ക്രിക്കറ്റ് അക്കാദമിയില്‍ കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ വിനോദ് കാംബ്ലി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. പൂനെയില്‍ സച്ചിന്‍ മിഡിൽസെക്‌സ് ഗ്ലോബല്‍ അക്കാദമിയിലാണ് സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നത്. സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയതിന്റെ 29-ാം വാര്‍ഷികത്തിലായിരുന്നു മുന്‍ സുഹത്തുക്കള്‍ ഒത്തു ചേര്‍ന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 1989ല്‍ പതിനാറാം വയസില്‍ പാക്കിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 

കുട്ടികള്‍ക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ ക്യാമ്പിന്റെ സമാപന ദിവസം സച്ചിനും കാംബ്ലിയും എത്തി. കുട്ടികള്‍ക്ക് പരിശീലനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനും തെറ്റുകള്‍ തിരുത്താനുമെല്ലാം ഇവര്‍ സഹായിക്കുകയും ചെയ്തു. സച്ചിനെയും കാംബ്ലിയെയും കൂടാതെ ഇംഗ്ലണ്ടിലെ ലെവല്‍ ഫോര്‍ പരിശീലകന്‍ ജോഷ് ക്‌നാപ്പെട്ടും ക്യാമ്പിന് നേതൃത്വം നല്‍കി.

സ്വീപ്പ് ഷോട്ട്, കവര്‍ ഡ്രൈവ്, ബാറ്റിങ് ടിപ്പുകള്‍, സ്പിന്‍ ബൗളിങ്, ബൗളിങ്ങിന് മുന്നോടിയായുള്ള ജംപിങ് പരിശീലനവും സച്ചിന്‍ പകര്‍ന്നു നല്‍കി. ഒരു ക്രിക്കറ്റ് താരത്തിന് ആവശ്യമായ ശാരീരികവും മാനസികവുമായ പരിശീലനമെല്ലാം സച്ചിന്റെ അക്കാദമിയില്‍ നല്‍കുന്നുണ്ട്. മാനുഷിക മൂല്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കുന്ന പരിശീലനമാണ് നടക്കുന്നതെന്ന് സച്ചിന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com