ആ സങ്കടമെല്ലാം തീര്‍ത്ത് ഹോളണ്ട്;ലോക ചാമ്പ്യന്മാരെ തകര്‍ത്തു, ജര്‍മ്മനിയെ തരംതാഴ്ത്തി

യുവേഫ നേഷന്‍സ് ലീഗില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ ഹോളണ്ട് പട മുട്ടുകുത്തിച്ചത്
ആ സങ്കടമെല്ലാം തീര്‍ത്ത് ഹോളണ്ട്;ലോക ചാമ്പ്യന്മാരെ തകര്‍ത്തു, ജര്‍മ്മനിയെ തരംതാഴ്ത്തി

അവരില്ലാതെയായിരുന്നു റഷ്യയിലെ ലോക കപ്പ് മാമാങ്കം. മാസങ്ങള്‍ക്കിപ്പുറം ലോക ചാമ്പ്യന്മാരെ തകര്‍ത്തുവിട്ട് ആ വിഷമം അങ്ങ് അവസാനിപ്പിക്കുകയാണ് ഓറഞ്ച് പട. യുവേഫ നേഷന്‍സ് ലീഗില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ ഹോളണ്ട്  മുട്ടുകുത്തിച്ചത്. 

ജോര്‍ജിനോയുടേയും മെമ്ഫിസും തകര്‍ത്തു കളിച്ചതോടെ ലോക കപ്പ് മുതല്‍ തുടങ്ങിയ ഫ്രാന്‍സിന്റെ തേരോട്ടത്തിനും കാടിഞ്ഞാണ്‍ വീണു. ഫ്രാന്‍സിനെ തകര്‍ത്തു വിട്ടതിനൊപ്പം ജര്‍മനിയെ ഗ്രൂപ്പ് എയില്‍ നിന്ന് തരം താഴ്ത്താനും ജയത്തോടെ ഹോളണ്ടിനായി.  

തുടക്കത്തില്‍ തന്നെ ഹോളണ്ട് ലോക ചാമ്പ്യന്മാര്‍ക്കെതിരെ ആധിപത്യം സ്ഥാപിച്ചു. കളിയുടെ തുടക്കത്തില്‍ നഷ്ടപ്പെടുത്തിയ അവസരത്തിന് പകരം 44ാം മിനിറ്റില്‍ വിജ്‌നാല്‍ഡം വല കുലുക്കിയപ്പോള്‍ ഫ്രാന്‍സിന് ആദ്യ പ്രഹരമേറ്റു. ഇതിന് ശേഷം തിരിച്ചു വരവിനുള്ള താത്പര്യം പോലും പ്രകടിപ്പിക്കാതെയായിരുന്നു ഫ്രാന്‍സിന്റെ കളി. സ്റ്റോപ്പേജ് ടൈമിലെ പെനാല്‍റ്റി കൂടിയായതോടെ ഫുട്‌ബോള്‍ ലോകത്ത് വീണ്ടും ഓറഞ്ച് വസന്തം...

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്താന്‍ ഹോളണ്ടിന് അവസരം ലഭിച്ചിരുന്നു. 12 വാര അകലെ നിന്ന് വന്ന വിജ്‌നാല്‍ഡമിന്റെ ഷോട്ട് പക്ഷേ ഫ്രാന്‍സ് നായകന്റെ കൈകളിലേക്കെത്തി. ഇതിന് പകരമെന്നൊണം ഫ്രാന്‍സിന് വേണ്ടി ഗ്രീസ്മാന്റെ മുന്നേറ്റവുമുണ്ടായി. എന്നാല്‍ ഗ്രിസ്മാന്റെ ഹെഡര്‍ ജാസ്പര്‍ പിഴവില്ലാതെ സേവ് ചെയ്തു. 

ജര്‍മനിയുമായിട്ടാണ് ഹോളണ്ടിന്റെ അടുത്ത മത്സരം. ഫ്രാന്‍സിനെ തോല്‍പ്പിച്ച ഹോളണ്ട് പഴയ പ്രതാപത്തിലേക്ക് എത്തുന്നുവെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ വിശ്വാസം. ഫ്രാന്‍സിനെതിരെ കണ്ട് ഊര്‍ജസ്വലരായ യുവ നില ജര്‍മനിക്കെതിരേയും ജയം പിടിച്ചാല്‍ ഫൈനലിലേക്ക് കുതിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com