ഓസ്ട്രേലിയ അപകടകാരികളായിരിക്കാം; ജയിക്കാനുറച്ചാണ് ഞങ്ങളെത്തുന്നതെന്ന് ഹിറ്റ്മാൻ

ദൈര്‍ഘ്യമേറിയ ഓസീസ് പര്യടനത്തിനായി ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ എത്തി
ഓസ്ട്രേലിയ അപകടകാരികളായിരിക്കാം; ജയിക്കാനുറച്ചാണ് ഞങ്ങളെത്തുന്നതെന്ന് ഹിറ്റ്മാൻ

സിഡ്നി: ദൈര്‍ഘ്യമേറിയ ഓസീസ് പര്യടനത്തിനായി ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ എത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ സമ്പൂര്‍ണ പരമ്പര വിജയത്തിനു ശേഷമാണ് ഇന്ത്യ ഓസീസ് വെല്ലുവിളി ഏറ്റെടുക്കാനെത്തിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം തുടങ്ങുന്നത്. അതിന് ശേഷം നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കും. 

ഒരു ടീമെന്ന നിലയില്‍ തങ്ങള്‍ സാന്നിധ്യമറിയിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഓസ്‌ട്രേലിയയെന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്വന്തം മണ്ണിൽ ഓസ്ട്രേലിയ അപകടകാരികൾ ആണെങ്കിലും ഓസ്ട്രേലിയയിൽ ഇന്ത്യ ജയിക്കാനുറച്ച് തന്നെയാണ് എത്തുന്നത്. സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. ഓസീസിനെതിരെ ഇതു തീര്‍ച്ചയായും ടീമിന് മുതല്‍ക്കൂട്ടാവുമെന്നും ഹിറ്റ്മാന്‍ വിശദമാക്കി. 

ബൗണ്‍സും പേസുമുള്ള പിച്ചില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ കൂടുതല്‍ അപകടകാരികളാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു സാഹചര്യം ശരിക്കും മുതലെടുക്കാനാകും. ഓസീസ് പേസർമാർ ഉയരമുള്ളവരും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു ഉയരം കുറവുമാണ്. അതുകൊണ്ടു തന്നെ അവരെ നേരിടുക എളുപ്പമല്ല. എങ്കിലും മുന്‍ പര്യടനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം തന്നെ ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും ഹിറ്റ്മാന്‍ ഉറപ്പു നല്‍കി. പെര്‍ത്ത് ടെസ്റ്റിലായിരിക്കും ടീം ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലി കഴിഞ്ഞാൽ ഓസ്ട്രലിയ ഏറ്റവും ഭയപ്പെടുന്ന താരമാണ് രോഹിത് ശർമ്മ. ഓസ്ട്രലിയൻ മണ്ണിൽ നാല് ഏകദിന സെഞ്ചുറികളും രോഹിത് ശർമയുടെ പേരിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com