പരുക്കേറ്റ് കണ്ണീരോടെ കളംവിട്ട് നെയ്മർ; വിജയം വിടാതെ ബ്രസീൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2018 05:30 AM  |  

Last Updated: 21st November 2018 05:30 AM  |   A+A-   |  

 

കാമറൂണിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ പോരാട്ടത്തിൽ ബ്രസീലിന് വിജയം. എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ബ്രസീൽ സ്വന്തമാക്കിയത്. കളിയുടെ എട്ടാം മിനുട്ടിൽ തന്നെ പരുക്കേറ്റ് സൂപ്പർ താരം നെയ്മർ കളം വിട്ടിട്ടും വിജയം കൈവിടാതെ കാക്കാൻ ബ്രസീലിന് സാധിച്ചു. നെയ്മറിന് പകരം ഇറങ്ങിയ റിച്ചാർലിസണാണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്.

ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ നേടിയ തകർപ്പൻ ഹെഡ്ഡറിലൂടെ ആയിരുന്നു റിച്ചാർലിസന്റെ ഗോൾ. ബ്രസീലിനായി താരം നേടുന്ന മൂന്നാം ഗോളാണിത്. 

കളി തുടങ്ങി എട്ടു മിനുട്ടിനകം തന്നെ നെയ്മറിന് കളം വിടേണ്ടി വന്നു. മസിലിനേറ്റ പരുക്കാണ് നെയ്മറിനെ വലച്ചത്. കണ്ണീരോടെയാണ് നെയ്മർ കളം വിട്ടത്. നെയ്മറിന്റെ പരുക്കിന്റെ തീവ്രത കൂടുതൽ പരിശോധനകൾക്ക് മാത്രമെ വ്യക്തമാവുകയുള്ളൂ.  

ലോകകപ്പിന് ശേഷം നടന്ന എല്ല മത്സരങ്ങളിലും ബ്രസീൽ വിജയം സ്വന്തമാക്കി മുന്നേറുകയാണ്. ലോകകപ്പിന് ശേഷം ആറ് മത്സരങ്ങൾ കളിച്ച കാനറികൾ എല്ലാം വിജയിക്കുകയും ഒരു ഗോൾ പോലും വഴങ്ങുകയും ചെയ്തിട്ടില്ല. തുടർച്ചയായ മൂന്നാം മത്സരത്തിൽ ആണ് ബ്രസീൽ 1-0 എന്ന സ്കോറിന് വിജയിക്കുന്നത്. കഴി‌ഞ്ഞ മത്സരത്തിൽ ഉറു​ഗ്വെക്ക് എതിരെയും അതിനു മുൻപ് അർജന്റീനക്ക് എതിരെയും 1-0ത്തിന് തന്നെയാണ് ബ്രസീൽ വിജയിച്ചത്.