മഴ വില്ലനായി ; മെല്‍ബണ്‍ ടി-20 ഉപേക്ഷിച്ചു

ഓസീസ് 19 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്ത് നില്‍ക്കെ മല്‍സരം തടസ്സപ്പെടുത്തി മഴയെത്തുകയായിരുന്നു
മഴ വില്ലനായി ; മെല്‍ബണ്‍ ടി-20 ഉപേക്ഷിച്ചു

മെല്‍ബണ്‍: മഴയെ തുടര്‍ന്ന് മെല്‍ബണ്‍ ട്വന്റി-20 മല്‍സരം ഉപേക്ഷിച്ചു. രണ്ട് തവണ വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചെങ്കിലും ഗ്രൗണ്ട് മല്‍സര സജ്ജമല്ലെന്ന് കണ്ടെത്തി മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ടീമിനും ഓരോ പോയിന്റ് വീതം ലഭിക്കും.  

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പേരുകേട്ട ഓസീസ് ബാറ്റിംഗ് നിര ഇന്ത്യന്‍ ബൗളര്‍മാരുടെ കണിശതയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ നൂറു റണ്‍സ് പോലും തികക്കില്ലെന്ന അവസ്ഥയിലായിരുന്നു.

വാലറ്റത്ത് മക്ഡര്‍മട്ടിന്റെ ബാറ്റിംഗാണ് ഓസീസിന് തുണയായത്. 19 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്ത് നില്‍ക്കെ മല്‍സരം തടസ്സപ്പെടുത്തി മഴയെത്തുകയായിരുന്നു. രണ്ട് വിക്കറ്റ് വീതമെടുത്ത ഖലീല്‍ അഹമ്മദും ഭുവനേശ്വര്‍ കുമാറുമാണ് ഓസീസിനെ തകര്‍ത്തത്. ജസ്പ്രീത് ബുംറയും ക്രുണാല്‍ പാണ്ഡ്യയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റു വീതവും നേടി.


ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി ഇന്ത്യ നിലപാട് പ്രഖ്യാപിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഫിഞ്ച് പുറത്തായി.  ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഋഷഭ് പന്തിന് ക്യാച്ചെടുത്തു.  13 പന്തില്‍ 13 റണ്‍സെടുത്ത ക്രിസ് ലിന്നിനെ ഖലീല്‍ അഹമ്മദും മടക്കി. ക്രുണാല്‍ പാണ്ഡ്യയാണ് ക്യാച്ചെടുത്തത്. ഇതോടെ രണ്ട് വിക്കറ്റിന് 27 റണ്‍സ് എന്ന നിലയിലായി ആതിഥേയര്‍.

ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ടിനും ഇന്ത്യന്‍ ബൗളിം?ഗിനെ ചെറുക്കാനായില്ല. 15 പന്തില്‍ 14 റണ്‍സെടുത്ത ഷോര്‍ട്ട് പുറത്തായി. നാല് റണ്‍സെടുത്ത സ്‌റ്റോയിന്‍സിനെ ബുംറയും മടക്കി. 22 പന്തില്‍ 19 റണ്‍സുമായി ചെറുത്തുനില്‍പ്പിന് ശ്രമിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍, ക്രുണാലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായതോടെ ഓസീസ് വന്‍ തകര്‍ച്ച നേരിട്ടു. 20 റണ്‍സെടുത്ത കാള്‍ട്ടര്‍നീലും മക്ഡര്‍മോട്ടുമാണ് ഓസീസ് ഇന്നിംഗ്‌സ് 100 കടത്തിയത്. 

ആദ്യ ടി ട്വന്റിയിലെ അതേ ടീമുമായാണ് ഇന്ത്യ കളിക്കുന്നത്. അതേസമയം ഓസീസ് ടീമില്‍ ഒരു മാറ്റം വരുത്തി. ബില്ലി സ്റ്റാന്‍ലേക്കിന് പകരം നഥാന്‍ കാള്‍ട്ടര്‍ നില്‍ ടീമിലിടം നേടി. ആദ്യ  ട്വന്റി20യില്‍ ഓസ്‌ട്രേലിയയാണ് വിജയിച്ചത്. ഇന്നും ജയിച്ചാല്‍ ഓസീസിന് പരമ്പര നേടാം. ഇന്ത്യയാണ് ജയിക്കുന്നതെങ്കില്‍ ഇരുടീമുകളും പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com