'അവള്‍ കൗശലക്കാരിയും കള്ളം പറയുന്നവളും'; ഹര്‍മന്‍പ്രീത് കൗറിന് എതിരേ മിതാലി രാജിന്റെ മാനേജര്‍

ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മിതാലി രാജിനെ സെമിയില്‍ കളിപ്പിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു
'അവള്‍ കൗശലക്കാരിയും കള്ളം പറയുന്നവളും'; ഹര്‍മന്‍പ്രീത് കൗറിന് എതിരേ മിതാലി രാജിന്റെ മാനേജര്‍

മുംബൈ; വനിത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ കാണാതെ പുറത്തുപോയതിന് പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് എതിരേ മിതാലി രാജിന്റെ മാനേജര്‍. ഹര്‍മന്‍പ്രീത് കൗര്‍ കൗശലക്കാരിയും കള്ളം പറയുന്നവളുമാണെന്നാണ് അന്നിഷ ഗുപ്ത പറഞ്ഞത്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മിതാലി രാജിനെ സെമിയില്‍ കളിപ്പിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 

മിതാലി രാജിനെ പുറത്തിരുത്തിയ ക്യാപ്റ്റന്റെ തീരുമാനത്തെ അന്നിഷ ഗുപ്ത രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം സ്‌പോര്‍ട്‌സില്‍ വിശ്വസിക്കുന്നില്ലെന്നും രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നതെന്നുമാണ് മിതാലിയുടെ മാനേജരുടെ ആരോപണം. 

'ടീമിന്റെ ഉള്ളില്‍ എന്താണെന്ന് നടക്കുന്നതെന്ന് തനിക്കറിയില്ല. എന്നാല്‍ മത്സരങ്ങള്‍ കണ്ടവര്‍ക്കറിയാം ആരൊക്കെയാണ് മികച്ച പ്രകടനം കാഴ്ച വെച്ചതെന്നും ആരാണ് കാഴ്ച വെക്കാത്തതെന്നും. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച മിഥാലിക്ക് ലഭിച്ച പ്രതികരണം നമ്മള്‍ കണ്ടു. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നതായി പ്രസ്താവനകള്‍ കണ്ടു. ഇംഗ്ലണ്ട് പോലുള്ള ഒരു രാജ്യത്തിനെതിരായ സെമിഫൈനലില്‍ ഏറ്റവും അനുഭവസമ്പത്തുള്ള താരത്തെ ഒഴിവാക്കരുതായിരുന്നു.'   അന്നിഷ ഗുപ്ത പറഞ്ഞു. 

എന്നാല്‍ മിഥാലിയെ ഒഴിവാക്കിയതില്‍ തെറ്റില്ലെന്നാണ് കൗര്‍ പറഞ്ഞത്. ടീമിന്റെ താല്‍പ്പര്യം കണക്കിലെടുത്താണ് അത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയതെന്നും അവര്‍ വ്യക്തമാക്കി. ലോകകപ്പ് പ്രതീക്ഷയില്‍ കളിക്കാനിറങ്ങിയ ടീമിനെ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ടൂര്‍ണമെന്റില്‍ ഒരു തോല്‍വിപോലുമില്ലാതെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യയെ 112 ല്‍ ഒതുക്കിയ ഇംഗ്ലണ്ട് നിഷ്പ്രയാസം വിജയം നേടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com