ആദ്യം കുംബ്ലെ; 19 വര്‍ഷം ഒന്‍പത് മാസം 19 ദിവസങ്ങള്‍ക്ക് ശേഷം യാസിര്‍ ഷ

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പാക്കിസ്ഥാന്‍ താരത്തിന്റെ മൂന്നാമത്തെ മികച്ച ബൗളിങ് പ്രകടനമായും ഷായുടെ എട്ട് വിക്കറ്റ് നേട്ടം മാറി 
ആദ്യം കുംബ്ലെ; 19 വര്‍ഷം ഒന്‍പത് മാസം 19 ദിവസങ്ങള്‍ക്ക് ശേഷം യാസിര്‍ ഷ

ദുബായ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ പിടിമുറുക്കിയപ്പോള്‍ അതിന് അവര്‍ കടപ്പെട്ടത് യാസിര്‍ ഷ എന്ന ലെഗ് സ്പിന്നറോടാണ്. ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്ത് പാക്കിസ്ഥാന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ കിവികള്‍ 50 റണ്‍സ് വരെ വിക്കറ്റ് നഷ്ടമില്ലാതെ മുന്നേറുകയായിരുന്നു. 

എന്നാല്‍ യാസിര്‍ ഷ പന്തെറിയാന്‍ എത്തിയതോടെ അവരുടെ കഷ്ടകാലവും തുടങ്ങി. 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവരുടെ പത്ത് വിക്കറ്റുകളും നിലംപൊത്തി. അതില്‍ എട്ടും ഈ ലെഗ് സ്പിന്നര്‍ പോക്കറ്റിലാക്കി. 12.3 ഓവര്‍ പന്തെറിഞ്ഞ യാസിര്‍ 41 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകള്‍ പിഴുത് കരിയറിലെ മികച്ച പ്രകടനവും പുറത്തെടുത്തു. ടീമിന് 328 റണ്‍സിന്റെ മികച്ച ലീഡ് സമ്മാനിക്കാനും താരത്തിനായി. 

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ കിവികള്‍ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകളും ഷാ തന്നെ വീഴ്ത്തി. ടെസ്റ്റിന്റെ ഒരു ദിനത്തില്‍ പത്ത് വിക്കറ്റുകള്‍ എന്ന നേട്ടവും ഷ സ്വന്തമാക്കി. ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയ്ക്ക് ശേഷം ടെസ്റ്റിന്റെ ഒരു ദിനത്തില്‍ തന്നെ പത്ത് വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമെന്ന പെരുമയാണ് ഈ പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ സ്വന്തം പേരില്‍ ചേര്‍ത്തത്.

1999 ഫെബ്രുവരി ഏഴിന് പാക്കിസ്ഥാനെതിരെയാണ് കുംബ്ലെ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഒരിന്നിങ്‌സില്‍ തന്നെ കുംബ്ലെ ഈ നേട്ടം സ്വന്തമാക്കിയാണ് ചരിത്രമെഴുതിയത്. എന്നാല്‍ യാസിറിന്റെ നേട്ടം രണ്ടിന്നിങ്‌സില്‍ നിന്നാണെന്ന് വ്യത്യാസം മാത്രമേ ഉള്ളു. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പാക്കിസ്ഥാന്‍ താരത്തിന്റെ മൂന്നാമത്തെ മികച്ച ബൗളിങ് പ്രകടനമായും ഷായുടെ എട്ട് വിക്കറ്റ് നേട്ടം മാറി. 1987ല്‍ ഇംഗ്ലണ്ടിനെതിരെ അബ്ദുല്‍ ഖാദിര്‍ 56 റണ്‍സിന് ഒന്‍പത് വിക്കറ്റ് വീഴ്ത്തിയത് ഒന്നാം സ്ഥാനത്തും 1979ല്‍ ഓസ്‌ട്രേലിയക്കെതിരെ സര്‍ഫ്രാസ് നവാസ് 86 റണ്‍സ് വഴങ്ങി ഒന്‍പത് വിക്കറ്റ് വീഴ്ത്തിയതുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

19 വര്‍ഷം ഒന്‍പത് മാസം 19 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒരു ടെസ്റ്റ് മത്സരത്തിന്റെ ഒരു ദിവസത്തില്‍ തന്നെ എതിര്‍ ബൗളര്‍ ഒരു ടീമിലെ പത്ത് വിക്കറ്റുകള്‍ നേടുന്നത്. മികച്ച ലീഡ് സ്വന്തമാക്കി പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ ഫോളോ ഓണിന് വിട്ടതോടെയാണ് യാസിറിന് നേട്ടത്തിലെത്താന്‍ സാധിച്ചത്. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് റോസ് ടെയ്‌ലര്‍- ലാതം സഖ്യത്തിന്റെ മികവില്‍ കിവികള്‍ തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com