ഒരു ഭാഗത്ത് വിവാദങ്ങള്‍ അരങ്ങേറുന്നു; ലോകോത്തര കമ്പനികളുടെ ഇഷ്ട താരം കോഹ്‌ലി തന്നെ

ലോകത്തിലെ ഏറ്റവും ജനപ്രിയനായ കായിക താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി
ഒരു ഭാഗത്ത് വിവാദങ്ങള്‍ അരങ്ങേറുന്നു; ലോകോത്തര കമ്പനികളുടെ ഇഷ്ട താരം കോഹ്‌ലി തന്നെ

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രിയനായ കായിക താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അതുകൊണ്ടു തന്നെ വിപണി മൂല്യത്തില്‍ ഏറ്റവും വില പിടിപ്പുള്ള താരമായും കോഹ്‌ലി നിറഞ്ഞു നില്‍ക്കുന്നു. 

ലോകത്തെ മുന്‍നിര കമ്പനികളുടെ വാച്ചുകള്‍, കാറുകള്‍, സ്‌പോര്‍ട്‌സ് ഷൂകള്‍, മോട്ടോര്‍ബൈക്കുകള്‍, ഹെല്‍ത്ത് ഫുഡുകള്‍, ഹെഡ് ഫോണുകള്‍ തുടങ്ങി ടൂത്ത് ബ്രഷുകളുടെ വരെ പരസ്യത്തിലും മറ്റും കോഹ്‌ലി പ്രത്യക്ഷപ്പെടുന്നു. ടിസ്സോട്ട്, ഓഡി, പ്യുമ, യൂബര്‍, ഹീറോ തുടങ്ങി 21 ഓണം അന്താരാഷ്ട്ര കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറാണ് കോഹ്‌ലി.

പരസ്യ വരുമാനത്തില്‍ നിന്ന് ഓരോ വര്‍ഷവും ഇന്ത്യന്‍ നായകന്‍ കോടികളാണ് സമ്പാദിക്കുന്നത്. ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്, ഫുട്‌ബോള്‍ സെര്‍ജിയോ അഗ്യുറോ എന്നിവരെല്ലാം കോഹ്‌ലിക്ക് പിന്നില്‍ നില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്ന കായിക താരമായി ഫോബ്‌സ് തിരഞ്ഞെടുത്തത് ബോക്‌സിങ് താരം ഫ്‌ലോയ്ഡ് മെയ്‌വെതറെയാണ്. ബാഴ്‌സലോണയുടെ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. വിപണി മൂല്യത്തില്‍ ഈ രണ്ട് താരങ്ങളോട് കിടപിടിക്കാന്‍ പോന്നവനാണ് കോഹ്‌ലിയും.

ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള താരമെന്ന റെക്കോര്‍ഡ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കായിരുന്നു. ധോണിയെ പിന്തള്ളിയാണ് കോഹ്‌ലി ആ സ്ഥാനം കൈയടക്കിയത്. ബോളിവുഡ് താരം അനുഷ്‌ക ശര്‍മയെ വിവാഹം കഴിച്ചതോടെ ഇന്ത്യന്‍ സമൂഹത്തില്‍ മറ്റൊരു തരത്തിലുള്ള സ്വാധീനം സൃഷ്ടിക്കാനും കോഹ്‌ലിക്ക് സാധിച്ചതോടെ താരത്തിന്റെ വിപണി മൂല്യത്തില്‍ വീണ്ടും ഉയര്‍ച്ചയുണ്ടായി. 

സമീപ കാലത്ത് നടത്തിയ വിവാദ പ്രസ്താവനകളൊന്നും കോഹ്‌ലിയുടെ വിപണി മൂല്യത്തെ ബാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ താരങ്ങളേക്കാള്‍ താത്പര്യം മറ്റ് രാജ്യങ്ങളിലെ ബാറ്റ്‌സ്മാന്‍മാരുടെ കളി കാണാനാണ് താത്പര്യമെന്ന ഒരു ആരാധകന്റെ അഭിപ്രായത്തെ കോഹ്‌ലി അതി ശക്തമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമില്ലെങ്കില്‍ ഇവിടെ ജീവിക്കാതെ മറ്റ് രാജ്യത്ത് പോയി ജീവിക്കണമെന്ന് കോഹ്‌ലി പറഞ്ഞത് വന്‍ വിവാദമായിരുന്നു. സ്വന്തം രാജ്യത്തിരുന്ന് മറ്റ് രാജ്യമാണ് ഇഷ്ടമാണെന്ന് പറയുന്ന ആളുകള്‍ രാജ്യം വിട്ട് പോകണമെന്നും കോഹ്‌ലി പറഞ്ഞിരുന്നു. മുന്‍ ക്രിക്കറ്റ് താരങ്ങളടക്കം നിരവധി പേരാണ് ഈ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ കോഹ്‌ലിയെ നിശിതമായി വിമര്‍ശിച്ചത്.

എന്നാല്‍ ഇതൊന്നും കോഹ്‌ലിയുടെ പ്രകടനത്തെയോ വിപണി മൂല്യത്തെയോ ബാധിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com