ബയേണ്‍ മ്യൂണിക്കിനെ രക്ഷപ്പെടുത്താന്‍ എത്തുമോ വെങറാശാന്‍; കൊവാക്കിന്റെ ഭാവി തുലാസില്‍

ഇപ്പോഴിതാ സജീവ ഫുട്ബാള്‍ മാനേജ്‌മെന്റിലേക്ക് വെങര്‍ തിരിച്ചു വരവിനായി ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു
ബയേണ്‍ മ്യൂണിക്കിനെ രക്ഷപ്പെടുത്താന്‍ എത്തുമോ വെങറാശാന്‍; കൊവാക്കിന്റെ ഭാവി തുലാസില്‍

പാരിസ്: നീണ്ട 22 വര്‍ഷം ആഴ്‌സണലിന്റെ പരിശീലക സ്ഥാനത്ത് നിന്ന ശേഷം വിഖ്യാത കോച്ച് ആഴ്‌സന്‍ വെങര്‍ പിരിഞ്ഞത് കഴിഞ്ഞ സീസണ്‍ അവസാനിച്ചപ്പോഴായിരുന്നു. പിന്നീട് അദ്ദേഹം താത്കാലിക ഇടവേള നല്‍കി വിശ്രമത്തിലായിരുന്നു. വെങര്‍ ഏത് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നത് ഫുട്‌ബോള്‍ ആരാധകര്‍ കൗതുകത്തോടെ നോക്കി നില്‍ക്കുന്ന കാര്യവുമാണ്. അതിനിടെ പല ടീമുകളും അദ്ദേഹത്തെ പരിശീലകനാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇപ്പോഴിതാ സജീവ ഫുട്ബാള്‍ മാനേജ്‌മെന്റിലേക്ക് വെങര്‍ തിരിച്ചു വരവിനായി ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 2019 ജനുവരി ഒന്ന് മുതല്‍ താന്‍ ഫുട്‌ബോള്‍ പരിശീലകനായി വീണ്ടും രംഗത്തിറങ്ങുമെന്ന് വെങര്‍ തന്നെ വ്യക്തമാക്കിയിരുന്നു. എവിടെയാണെന്ന് ഇതുവരെ തീരുമാനിയിട്ടില്ല. അസോസിയേഷനുകള്‍ ജപ്പാനടക്കമുള്ള ദേശീയ ടീമുകള്‍ തുടങ്ങി പലരും സമീപിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 

ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് പരിശീലക സ്ഥാനത്തേക്ക് വെങറെ കാര്യമായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീട പ്രതീക്ഷയില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ബയേണ്‍ മ്യൂണിക്ക്, പരിശീലകന്‍ നിക്കോ കൊവാക്കിനെ പുറത്താക്കിയേക്കുമെന്നും വാര്‍ത്തകളുണ്ട്. ഇതിന് പിന്നാലെയാണ് വെങറുടെ വരവിന്റെ വാര്‍ത്തകളും വന്നത്.

കഴിഞ്ഞ ദിവസം ജര്‍മന്‍ ബുണ്ടസ് ലീഗ പോരാട്ടത്തില്‍ ദുര്‍ബലരായ ഫോര്‍ച്ചുണ ഡസ്സല്‍ഡോര്‍ഫുമായുള്ള പോരാട്ടത്തില്‍ 3-1ന് മുന്നില്‍ നിന്ന ടീം അവസാന ഘട്ടത്തില്‍ വന്‍ രണ്ട് ഗോളുകള്‍ വഴങ്ങി സമനിലയില്‍ കരുങ്ങിപ്പോയിരുന്നു. നല്ല പൊസഷനും ആധിപത്യവും ഉണ്ടായിട്ടും അവസാന നിമിഷം കളി കൈവിട്ട ബയേണിന്റെ പ്രകടനം കോവാക്കിനെതിരെ ആരാധകരെ തിരിക്കാന്‍ പര്യാപ്തമായിരുന്നു. 

നേരത്തെ ഇനിയൊരു ഇംഗ്ലീഷ് ക്ലബിനെ പരിശീലിപ്പിക്കില്ല എന്ന് വെങര്‍ വ്യക്തമാക്കിയിരുന്നു. ഫുള്‍ഹാം മാനേജ്‌മെന്റ് വെങറുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റ നിലപാട് അദ്ദേഹം അറിയിച്ചത്. ഇതോടെയാണ് മറ്റ് ടീമുകള്‍ ഇദ്ദേഹത്തെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിന് തുടക്കമിട്ടത്. ബയേണിനൊപ്പം ഇറ്റാലിയന്‍ സീരി എയില്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന എസി മിലാനും വെങര്‍ക്കായി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ജര്‍മനടക്കമുള്ള വിവിധ ഭാഷകള്‍ അനായാസം സംസാരിക്കാന്‍ കഴിവുള്ളതും വെങര്‍ക്ക് തുണയാകും. 

ഫ്രഞ്ച് ലീഗ് വണില്‍ വന്‍ കുതിപ്പ് നടത്തുന്ന പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് വെങറിനെ പരിഗണിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com