ഇങ്ങനെയൊക്കെ തകര്‍ത്തടിക്കാമോ...ട്രിപ്പിള്‍ സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും, പിന്നെ ട്രിപ്പിള്‍ സെഞ്ചുറി കൂട്ടുകെട്ടുമായി കേരളം

ഒരു ഇന്നിങ്‌സില്‍ ട്രിപ്പിള്‍ സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും നേടിയാണ് കേരള താരങ്ങള്‍ അടിച്ചു കളിച്ചത്
ഇങ്ങനെയൊക്കെ തകര്‍ത്തടിക്കാമോ...ട്രിപ്പിള്‍ സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും, പിന്നെ ട്രിപ്പിള്‍ സെഞ്ചുറി കൂട്ടുകെട്ടുമായി കേരളം

സാംബല്‍പൂര്‍: രഞ്ജി ട്രോഫിയില്‍ സീസണിലെ രണ്ടാം ജയം പിടിച്ച് കേരളം കരുത്ത് കാണിച്ച് കഴിഞ്ഞതേയുള്ളു. ഇപ്പോഴിതാ കേരളത്തിന്റെ കുട്ടിപ്പടയും തകര്‍ത്തു കളിക്കുകയാണ്. ഒരു ഇന്നിങ്‌സില്‍ ട്രിപ്പിള്‍ സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും നേടിയാണ് കേരള താരങ്ങള്‍ അടിച്ചു കളിച്ചത്. 

അണ്ടര്‍ 19 കുച്ച് ബിഹാര്‍ ട്രോഫിയിലാണ് സംഭവം. ട്രിപ്പിള്‍ സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും  കേരള താരങ്ങള്‍ അടിച്ചെടുത്തതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കേരളം 651 റണ്‍സിലേക്കെത്തി. 74 റണ്‍സ് എടുത്ത് നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടമായ ഘട്ടത്തില്‍ നിന്നായിരുന്നു കേരളത്തിന്റെ കുതിപ്പ്. 

ക്യാപ്റ്റന്‍ തന്നെയാണ് കേരളത്തെ മുന്നില്‍ നിന്ന് നയിച്ചത്. കേരളത്തെ നയിച്ച വത്സല്‍ ഗോവിന്ദ് 459 പന്തില്‍ നിന്നാണ് 302 റണ്‍സ് അടിച്ചെടുത്തത്. 32 ബൗണ്ടറിയും രണ്ട് സിക്‌സും പറത്തിയായിരുന്നു വത്സലിന്റെ ഇന്നിങ്‌സ്. വത്സലിന് ഒപ്പം കട്ടയ്ക്ക് നിന്ന അശ്വിന്‍ ആനന്ദ് ഡബിള്‍ സെഞ്ചുറി നേടി. നാലാം വിക്കറ്റില്‍ 347 റണ്‍സാണ് വത്സലും അശ്വിനും ചേര്‍ന്ന് നേടിയത്. 

ക്രിക്കറ്റില്‍ കേരളത്തിന്റെ ഉയര്‍ന്ന സ്‌കോറാണ് ഇത്. 2007-08 സീസണില്‍ രഞ്ജി ട്രോഫിയില്‍ സര്‍വീസസിനെതിരെ നേടിയ 566 റണ്‍സായിരുന്നു ഇതുവരെ കേരളത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ കേരള താരമാണ് വത്സല്‍. കേരളം തീര്‍ത്ത രണ്ടാമത്തെ വലിയ കൂട്ടുകെട്ടുമാണ് വീര്‍ സുരേന്ദ്ര സായി സ്റ്റേഡിയത്തില്‍ കണ്ടത്. രഞ്ജി ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരെ പണ്ഡിറ്റ്-ജോര്‍ജ് എബ്രഹാം സഖ്യം നേടിയ 410 റണ്‍സാണ് കേരള താരങ്ങളുടെ ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com