ഇന്നെങ്കിലും ജയിക്കുമോ ?; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ മഞ്ഞപ്പട ഇന്ന് ചെന്നൈക്കെതിരെ

ടൂര്‍ണമെന്റില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിന്‍ എഫ് സിയും ഇന്ന് ഏറ്റുമുട്ടും
ഇന്നെങ്കിലും ജയിക്കുമോ ?; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ മഞ്ഞപ്പട ഇന്ന് ചെന്നൈക്കെതിരെ

ചെന്നൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴിസിന് ഇന്ന് മരണപ്പോരാട്ടം. ടൂര്‍ണമെന്റില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിന്‍ എഫ് സിയും ഇന്ന് ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയിലാണ് മത്സരം.

എട്ട് മല്‍സരത്തില്‍ ഒരു ജയം അടക്കം ഏഴ് പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. അവസാന നാലിലേക്ക് ഇടംപിടിക്കണമെങ്കില്‍ മഞ്ഞപ്പടയ്ക്ക് ഇന്ന് വിജയിച്ചേ തീരൂ. കൈപ്പിടിയിലായ മത്സരങ്ങള്‍ അവസാന നിമിഷം തുലയ്ക്കുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാവുന്നത്. 

നോര്‍ത്ത് ഈസ്റ്റിനെതിരെ ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്ലാസ്‌റ്റേഴ്‌സ്, ഇഞ്ചുറിടൈമില്‍ രണ്ടു ഗോളുകള്‍ വഴങ്ങിയാണ് തോറ്റവി ഇരന്നു വാങ്ങിയത്. ടൂര്‍ണമെന്റിലെ ഈ സീസണില്‍ മൊത്തം പത്തുഗോളടിച്ച ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത് പന്ത്രണ്ട് ഗോളാണ്. ഓരോ കളിയിലും വ്യത്യസ്ത താരങ്ങളെ പരീക്ഷിക്കുന്ന കോച്ച് ഡേവിഡ് ജയിംസിന്റെ തന്ത്രങ്ങളും ഫലം കാണുന്നില്ല. ഇതോടെ കോച്ചും കടുത്ത സമ്മര്‍ദ്ദത്തിലാണ്. 

എട്ട് കളിയില്‍ ഒരുജയത്തോടെ നാല് പോയിന്റ് മാത്രമുള്ള ചെന്നൈയിന്‍ ഒന്‍പതാം സ്ഥാനത്താണ്. ഇന്ന് തോറ്റാല്‍ നിലവിലെ ചാമ്പ്യന്‍മാരുടെ പ്ലേ ഓഫ് സാധ്യത ഏറക്കുറെ അവസാനിക്കും. തുടര്‍ച്ചയായി ജെജെ ലാല്‍പെഖുലയുടെ ഉന്നം പിഴയ്ക്കുന്നതാണ് ചെന്നൈയിന് വിനയാവുന്നത്. പത്തുഗോളടിച്ച ചെന്നൈയിനാകട്ടെ വഴങ്ങിയത് 16 ഗോളുകളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com