മിതാലിയെ ഒഴിവാക്കാനുള്ള ആ ഫോണ്‍ കോള്‍ 'മുംബൈയില്‍ നിന്ന്' ?; ബാഹ്യസമ്മര്‍ദ്ദം ചെറുക്കാനുള്ള ധൈര്യം കാണിക്കാത്തതില്‍ കോച്ചിനെതിരെ ബിസിസിഐയില്‍ അമര്‍ഷം ; പവാര്‍ പുറത്തേക്ക്

മിതാലിയെ ഒഴിവാക്കാനുള്ള ആ ഫോണ്‍ കോള്‍ 'മുംബൈയില്‍ നിന്ന്' ?; ബാഹ്യസമ്മര്‍ദ്ദം ചെറുക്കാനുള്ള ധൈര്യം കാണിക്കാത്തതില്‍ കോച്ചിനെതിരെ ബിസിസിഐയില്‍ അമര്‍ഷം ; പവാര്‍ പുറത്തേക്ക്

ലോകകപ്പ് സെമിയില്‍ കോച്ച് രമേഷ് പവാര്‍ തന്നെ മനപ്പൂര്‍വം കളിപ്പിക്കാതെ പുറത്തിരുത്തുകയായിരുന്നു എന്നാണ് മിതാലി രാജ് ആരോപിച്ചത് 

മുംബൈ : ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ ഏകദിന നായിക മിതാലി രാജിനെ കളിപ്പിക്കാതിരുന്നതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നു. മുംബൈ ബിസിസിഐ ആസ്ഥാനത്തെ ഒരു ഉന്നതന്റെ ഫോണ്‍കോളിനെ തുടര്‍ന്നാണ് മിതാലിയെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്നാണ് പുതിയ റിപ്പോര്‍ട്ട്. തൊട്ടുമുമ്പത്തെ മല്‍സരങ്ങളില്‍ അര്‍ധസെഞ്ച്വറി നേടി ഫോമില്‍ നില്‍ക്കെ അകാരണമായി ഒഴിവാക്കി വിവാദം വരുത്തിവെച്ചതില്‍ ബിസിസിഐ അധികൃതര്‍ക്ക് അതൃപ്തിയുണ്ട്. 

കൂടാതെ മിതാലിയെ പുറത്തിരുത്താനുള്ള ബാഹ്യസമ്മര്‍ദ്ദത്തെ ചെറുക്കാനുള്ള ധൈര്യം കോച്ച് പ്രകടിപ്പിക്കാതിരുന്നതിലും ബിസിസിഐയില്‍ അമര്‍ഷം പുകയുന്നു. ലോകകപ്പിലെ ആദ്യ മല്‍സരത്തിനുശേഷം മിതാലിയെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മധ്യനിരയിലേക്കു മാറ്റിയിരുന്നു. ഇതിലും സെമിയില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ കളിപ്പിക്കാതിരുന്നതിലും വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ രമേഷ് പാവാറിനായിട്ടില്ലെന്നാണ് ബിസിസിഐ അധികൃതര്‍ നല്‍കുന്ന സൂചന.

പരിശീലകനെന്ന നിലയില്‍ തീരുമാനം എടുക്കുംമുമ്പ് സീനിയര്‍ താരം എന്ന നിലയില്‍ മിതാലിയുമായി സംസാരിക്കേണ്ടതായിരുന്നു. മിതാലിയെ കൂടി വിശ്വാസത്തിലെടുത്താണ് പവാര്‍ തീരുമാനം നടപ്പാക്കേണ്ടിയിരുന്നത്. നിലവിലെ വിവാദം ടീമിന്റെ ആത്മവിശ്വാസവും ബിസിസിഐയുടെ പ്രതിച്ഛായയും തകര്‍ക്കുന്ന തരത്തിലേക്ക് മാറിയതായും ബിസിസിഐ അധികൃതര്‍ വിലയിരുത്തുന്നു. 

നിലവിലെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രമേഷ് പവാര്‍ വനിതാ ടീം പരിശീലക സ്ഥാനത്ത് തുടരാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഇടക്കാല പരിശീലകനായിരുന്ന അദ്ദേഹത്തിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ടീമംഗങ്ങളുമായി പൊതുവെ മികച്ച ബന്ധമുണ്ടായിരുന്ന പവാറിന് കോച്ച് സ്ഥാനം നീട്ടിനല്‍കുമെന്നായിരുന്നു പരക്കെ അഭിപ്രായം. എന്നാല്‍ വിവാദത്തോടെ രമേഷ് പവാറിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റതായി ബിസിസിഐ വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. 

ലോകകപ്പ് സെമിയില്‍ കോച്ച് രമേഷ് പവാര്‍ തന്നെ മനപ്പൂര്‍വം കളിപ്പിക്കാതെ പുറത്തിരുത്തുകയായിരുന്നു എന്നാണ് മിതാലി രാജ് ആരോപിച്ചത്. ബിസിസിഐ സിഇഒക്കും ജനറല്‍ മാനേജര്‍ക്കും അയച്ച കത്തിലാണ് മിതാലി കോച്ചിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടിയായി മിതാലിയെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും, സ്വന്തം റെക്കോഡ് മാത്രം നോക്കി കളിക്കുന്നവളാണെന്നും മിതാലിക്കെതിരെ രമേഷ് പവാര്‍ ആരോപണം ഉന്നയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com