ഇതുകൊണ്ടൊക്കെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയപ്പെട്ടുകൊണ്ടേ ഇരിക്കുന്നു...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നിലവിലെ പരിതാപകരമായ പ്രകടനം ഫുട്‌ബോള്‍ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്
ഇതുകൊണ്ടൊക്കെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയപ്പെട്ടുകൊണ്ടേ ഇരിക്കുന്നു...

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നിലവിലെ പരിതാപകരമായ പ്രകടനം ഫുട്‌ബോള്‍ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. കഴിഞ്ഞ ദിവസം വെസ്റ്റ് ഹാം യുനൈറ്റഡിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തിലെ 3-1ന്റെ ഞെട്ടിക്കുന്ന തോല്‍വി കൂടിയായതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കട്ട ഫാന്‍സ് വരെ ടീമിന്റെ പ്രകടനത്തെ അങ്ങേയറ്റം നിരാശയോടെ കാണാന്‍ തുടങ്ങി. 

ഇപ്പോള്‍ ഹോസെ മൗറീഞ്ഞോയുടെ ഓള്‍ഡ്ട്രാഫോര്‍ഡിലെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. റയല്‍ മാഡ്രിഡിനെ മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളിലേക്ക് തുടര്‍ച്ചയായി നയിച്ച ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി എത്തിയേക്കുമെന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 

മുന്‍ താരങ്ങളെല്ലാം പരിശീലകന്‍ ഹോസെ മൗറീഞ്ഞോയുടെ പ്രതിരോധ തന്ത്രത്തെയാണ് പഴിക്കുന്നത്. സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ കാലത്ത് അവസാന ഘട്ടം വരെ ആക്രമിച്ച് മുന്നേറുന്ന മാഞ്ചസ്റ്ററായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞുള്ള മടുപ്പിക്കുന്ന കളിയാണ് മാഞ്ചസ്റ്റര്‍ പുറത്തെടുക്കുന്നത്. ഏഴ് കളികള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വീതം ജയവും തോല്‍വിയും ഒരു സമനിലയുമായി പത്ത് പോയിന്റുകളാണ് മാഞ്ചസ്റ്ററിന്റെ സമ്പാദ്യം. 

മൂന്ന് കാരണങ്ങളാണ് വിദഗ്ധര്‍ ടീമിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

ഭാവനാശൂന്യത

നടപ്പ് സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ലിവര്‍പൂള്‍, ആഴ്‌സണല്‍ ടീമുകള്‍ പുറത്തെടുക്കുന്ന വൈവിധ്യം നിറഞ്ഞ ഫുട്‌ബോളിന്റെ സ്ഥാനത്ത് അമിത പ്രതിരോധത്തിലൂന്നിയ അങ്ങേയറ്റം മടുപ്പിക്കുന്ന ശൈലിയാണ് അവര്‍ക്കിപ്പോള്‍. 

മറ്റ് മുന്‍നിരക്കാരാകട്ടെ മനോഹരമായ ഫുട്‌ബോളുമായി ലീഗിനെ സജീവമാക്കി നിര്‍ത്തുന്നു. മൗറീസിയോ സരിയുടെ വരവോടെ ആക്രമണവും പന്തടക്കവും സമന്വയിപ്പിച്ച ശൈലിയിലാണ് ചെല്‍സിയുടെ മുന്നേറ്റം. കടുത്ത ആക്രമണം അഴിച്ചുവിടുന്ന സ്‌ഫോടനാത്മക ഫുട്‌ബോളുമായാണ് ലിവര്‍പൂള്‍ കഴിഞ്ഞ സീസണിലെ മികവിന്റെ തുടര്‍ച്ച വിടാതെ കാക്കുന്നത്. യറോപ്പിലെ തന്നെ ഏറ്റവും കാവ്യാത്മക ഫുട്‌ബോളാണ് പെപ് ഗെര്‍ഡിയോളയ്ക്ക് കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി മൈതാനത്ത് പുറത്തെടുക്കുന്നത്. ഇവര്‍ക്കിടയിലാണ് മടുപ്പിക്കുന്ന പ്രതിരോധവുമായി മാഞ്ചസ്റ്റര്‍ നില്‍ക്കുന്നത്. പാര്‍ക്കിങ് ദ ബസ് എന്ന് ടീമിനെ ആരാധകര്‍ പരിഹസിക്കുകയാണ്. 

പോള്‍ പോഗ്ബ, റൊമേലു ലുകാകു, അലക്‌സിസ് സാഞ്ചസ് തുടങ്ങി സൂപ്പര്‍ താരങ്ങളൊക്കെയുണ്ടായിട്ടും മാഞ്ചസ്റ്റര്‍ ഇരുട്ടില്‍ തപ്പുന്നു. കളിക്കാനിറങ്ങുമ്പോള്‍ തന്നെ പരാജയപ്പെട്ടവരുടെ ശരീര ഭാഷയിലാണ് ഇവരെല്ലാം പന്ത് തട്ടുന്നതെന്ന് ഫുട്‌ബോള്‍ പണ്ഡിതര്‍ വിമര്‍ശിക്കുന്നു. 

യോജിപ്പില്ലായ്മ

പോര്‍ട്ടോയെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചാണ് മുന്‍പ് മൗറീഞ്ഞോ ശ്രദ്ധേയനായി. പിന്നീട് ചെല്‍സി, റയല്‍ മാഡ്രിഡ് ക്ലബുകളുടേയും കോച്ചായി ഇരുന്നിട്ടുള്ള മൗറീഞ്ഞോയുടെ താരങ്ങളുമായുള്ള ഉടക്ക് പ്രസിദ്ധമാണ്. ഇകര്‍ കാസിയസ്, സെര്‍ജിയോ റാമോസ്, പെപെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഈദന്‍ ഹസാദ് തുടങ്ങിയവരെല്ലാം മൗറീഞ്ഞോയുടെ കീഴില്‍ കളിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സമാന അന്തരീക്ഷമാണ് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും. മാഞ്ചസ്റ്ററിന്റെ ഏറ്റവും വില പിടിച്ച താരമായ പോള്‍ പോഗ്ബയാണ് ഈ പട്ടികയിലെ ഇപ്പോഴത്തെ താരം. പോഗ്ബയെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് പരസ്യമായി തന്നെ മൗറീഞ്ഞോ പ്രതികരിച്ചതും കൂട്ടിവായിക്കാം. നിലവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്യാപ്റ്റന്റെ ആംബാന്‍ഡ് ധരിക്കുന്ന പോഗ്ബ ഇനി അത് ധരിക്കേണ്ടതില്ലെന്ന നിലപാടിലാണ് മൗറീഞ്ഞോ. കോച്ചുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഇടയ്ക്കിടെ ബാഴ്‌സലോണയിലേക്ക് പോകുന്ന കാര്യം പറയാന്‍ പോഗ്ബയെ പ്രേരിപ്പിക്കുന്നതെന്ന വിലയിരുത്തലുകളുമുണ്ട്. ലൂക് ഷോ, ആന്റണി മാര്‍ഷല്‍ തുടങ്ങി നിരവധി താരങ്ങള്‍ മൗറീഞ്ഞോയുടെ തന്ത്രങ്ങള്‍ ശരിയല്ലെന്ന നിലപാടുള്ളവരാണ്. 

അതേസമയം താരങ്ങളുടെ സമീപനത്തിലെ പോരായ്മകളാണ് ടീമിന്റെ മോശം പ്രകടനത്തിന് പിന്നിലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മൗറീഞ്ഞോ. 

ദുരന്ത മൈതാനമായി ഓള്‍ഡ്ട്രാഫോര്‍ഡ്

സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ കാലത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ശക്തമായ തട്ടകമായിരുന്നു ഓള്‍ഡ്ട്രാഫോര്‍ഡ്. ആ മൈതാനത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എക്കാലത്തും വലിയ വെല്ലുവിളികളാണ് എതിരാളികള്‍ക്ക് സമ്മാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി രണ്ടാം ഡിവിഷനിലെ വരെ ടീമുകള്‍ വന്ന് ഓള്‍ഡ്ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തുന്നത് കണ്ട് മൂക്കത്ത് വിരല്‍ വെയ്ക്കുകയാണ് ആരാധകര്‍. ലീഗ് കപ്പില്‍ മുന്‍ ചെല്‍സി ഇതിഹാസം ഫ്രാങ്ക് ലംപാര്‍ഡ് പരിശീലിപ്പിച്ച ഡെര്‍ബി കൗണ്ടി മാഞ്ചസ്റ്ററിനെ ഓള്‍ഡ്ട്രാഫോര്‍ഡില്‍ കീഴടക്കിയതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. അതിന് മുന്‍പ് ഈ സീസണില്‍ സ്ഥാനക്കയറ്റം കിട്ടിയെത്തിയ വോള്‍വര്‍ഹാംപ്റ്റണ്‍ ചുവന്ന ചെകുത്താന്‍മാരെ സമനിലയിലും തളച്ചു. 

എന്തായാലും മൗറീഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാസത്തിന് ഈയാഴ്ചയോടെ തന്നെ തിരശ്ശീല വീഴുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com