ഒറ്റ വിജയം മതി ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടാൻ; പക്ഷേ എളുപ്പമല്ല കാര്യങ്ങൾ, മുന്നിൽ കൊറിയയാണ്
By സമകാലിക മലയാളം ഡെസ്ക് | Published: 01st October 2018 11:12 AM |
Last Updated: 01st October 2018 11:12 AM | A+A A- |

ക്വാലാലംപൂര്‍: ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ച് നിർണായക ദിനമാണിന്ന്. എഎഫ്‌സി അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിറങ്ങുകയാണ് ഇന്ത്യൻ കൗമാരം. കേവലം വിജയത്തിനപ്പുറം ഒരു ലോകകപ്പ് യോഗ്യത സ്വന്തമാക്കാനുള്ള നിർണായക ലക്ഷ്യവും ഇന്ത്യക്ക് മുന്നിലുണ്ട്. എതിരാളികൾ നിസാരക്കാരല്ല. ഏഷ്യൻ ഫുട്ബോൾ കരുത്തരായ ദക്ഷിണ കൊറിയയാണ് ക്വാർട്ടറിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്.
കൊറിയയെ അട്ടിമറിച്ചാൽ ഇന്ത്യക്കു സെമി ഫൈനലിലേക്കു യോഗ്യത നേടാം. ഒപ്പം അടുത്ത വര്‍ഷം പെറുവില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ടിക്കറ്റുമുറപ്പിക്കാം. ഇന്ത്യന്‍ സമയം വൈകീട്ട് 6.15നാണ് കിക്കോഫ്. സ്റ്റാര്‍ സ്‌പോര്‍സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച്ഡി എന്നിവയില്‍ മല്‍സരം തത്സമയം കാണാം.
നേരത്തേ 2017ല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ വേദിയായ അണ്ടര്‍ 17 ലോകകപ്പില്‍ ആതിഥേയരെന്ന നിലയിൽ ടീം ലോകകപ്പ് കളിച്ചിരുന്നു. എന്നാല്‍ ഇത്തവണ യോഗ്യതാ റൗണ്ട് കടമ്പ പിന്നിട്ട് അഭിമാനത്തോടെ ലോകകപ്പ് ഫൈനൽ റൗണ്ട് യോഗ്യതയെന്ന സുവര്‍ണാവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.
ബിബിയാനോ ഫെര്‍ണാണ്ടസ് പരിശീലകനായ ഇന്ത്യൻ സംഘത്തിന് മുന്നിൽ പക്ഷേ കാര്യങ്ങൾ അത്രയെളുപ്പമല്ല. മുന്നിൽ വരാൻ പോകുന്നത് ഏഷ്യയിലെ ഏറ്റവും അപകടകാരികളായ ടീമാണ് കൊറിയയാണ്. ഇന്ത്യന്‍ കൗമാര സംഘം ജീവന്‍മരണ പോരാട്ടം പുറത്തെടുത്താൽ മാത്രം മതിയാകുമെന്ന് തോന്നുന്നുല്ല. ഒപ്പം അത്ഭുത പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.
ഇന്ത്യയെ സംബന്ധിച്ച് സെമി ബർത്ത്, ലോകകപ്പ് യോഗ്യത എന്നിവയ്ക്കൊപ്പം മറ്റൊരു ലക്ഷ്യം കൂടെയുണ്ട്. ഒരു മധുര പ്രതികാരത്തിന്റെ കടം വീട്ടലും ഇന്ത്യ മുന്നിൽ കാണുന്നു. 2002ൽ നടന്ന ഇതേ പോരിന്റെ ക്വാർട്ടറിൽ തന്നെ കൊറിയയുമായി ഇന്ത്യ ഏറ്റുമുട്ടിയിരുന്നു. അന്ന് കൊറിയ 3-1ന് ഇന്ത്യയെ തകര്‍ത്തിരുന്നു. ആ തോല്‍വിക്ക് 16 വർഷങ്ങൾക്കിപ്പുറം കണക്കുതീർക്കാനുള്ള സുവർണാവസരവും ടീമിന് ഒത്തുകിട്ടി.
ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ഇന്ത്യ ഇതുവരെ കാഴ്ചവച്ചത്. ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് കൗമാരനിരയുടെ ക്വാർട്ടർ പ്രവേശം. വിയറ്റ്‌നാമിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തി മികച്ച തുടക്കമിട്ട ഇന്ത്യ പിന്നീട് കരുത്തരായ ഇറാനേയും തൊട്ടുപിന്നാലെ ഇന്തോനേഷ്യയേയും ഗോള്‍രഹിത സമനിലയില്‍ തളച്ച് ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലേക്ക് കടന്നത്. തുടര്‍ച്ചയായി രണ്ട് കളികളില്‍ മഞ്ഞക്കാര്‍ഡ് കണ്ട പ്രതിരോധ താരം ബികാഷ് യുംനാമിന് ഇന്നു പുറത്തിരിക്കേണ്ടി വരുന്നത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്.
India U16 stay a win away from qualifying to the @FIFAcom U17 World Cup. Cheer to #BackTheBlue #WeAreIndia@theafcdotcom U16 Championship quaterfinal live on @StarSportsIndia.
— Indian Football Team (@IndianFootball) September 30, 2018
#IndianFootball #KORvIND #StarsOfTomorrow pic.twitter.com/wt2bS1myNx
ഗ്രൂപ്പ‌് ഘട്ടത്തിലെ മൂന്ന് കളികളില്‍ നിന്ന് 12 ഗോളുകള്‍ അടിച്ചുകൂട്ടിയ കൊറിയ കിരീട സാധ്യതയിൽ മുന്നിൽ നിൽക്കുന്നു. അതുകൊണ്ടു തന്നെ കൊറിയയുടെ കരുത്തിന് മുന്നിൽ ഇന്ത്യക്ക് ആരും ഒരു സാധ്യതയും കല്‍പ്പിക്കുന്നില്ല എന്നത് ടീമിന് നല്ലതാണ്. ഒട്ടും സമ്മർദ്ദമില്ലാതെ കളിക്കാൻ അത് ഉപകരാപ്പെടും. എളുപ്പം കീഴടങ്ങില്ല എന്ന ആത്മവിശ്വാസമാണ് ഇന്ത്യയെ നയിക്കുന്നത്. അവസാന നിമിഷം വരെ ടീം പോരാടുമെന്ന് കോച്ച് ഉറപ്പ് നല്‍കുന്നു.