ബിസിസിഐയോട് ഇനി ചോദ്യങ്ങള്‍ ചോദിക്കാം, ഉത്തരം ലഭിക്കും; ബിസിസിഐ പൊതുമേഖല സ്ഥാപനം, വിവരാവകാശ പരിധിയില്‍ വരുമെന്ന് വിവരാവകാശ കമ്മീഷന്‍

വരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് 15 ദിവസത്തിനകം ഉത്തരം നല്‍കാന്‍ ബിസിസിഐ തയാറാവണമെന്ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു
ബിസിസിഐയോട് ഇനി ചോദ്യങ്ങള്‍ ചോദിക്കാം, ഉത്തരം ലഭിക്കും; ബിസിസിഐ പൊതുമേഖല സ്ഥാപനം, വിവരാവകാശ പരിധിയില്‍ വരുമെന്ന് വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി; ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെക്കുറിച്ചുള്ള എന്ത് വിവിരങ്ങളും ഇനി വിവരാവകാശത്തിലൂടെ അറിയാന്‍ സാധിക്കും. ബിസിസി പൊതുസ്ഥാപനമാണെന്നും അതിനാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍. ഇനി വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് 15 ദിവസത്തിനകം ഉത്തരം നല്‍കാന്‍ ബിസിസിഐ തയാറാവണമെന്ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

സര്‍ക്കാരില്‍ നിന്ന് നേരിട്ട് ധനസഹായം സ്വീകരിക്കുന്നില്ലെങ്കിലും ബിസിസിഐക്ക് കോടികളുടെ നികുതിയിളവ് ലഭിക്കുന്നുണ്ട്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ മറ്റ് സ്‌പോര്‍ട് ഫെഡറേഷനുകള്‍ പോലെതന്നെയാണ് ബിസിസിഐ എന്നും ഉത്തരവില്‍ വ്യക്തമാക്കി. ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന ക്യാഷ് അവാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടിക്കൊണ്ടുള്ള ചോദ്യത്തിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് സുഭാഷ് അഗര്‍വാള്‍ എന്ന വ്യക്തി നല്‍കിയ അപ്പീലിലാണ് ഉത്തരവിറക്കിയത്. 

നിലവില്‍ ബിസിസിഐയ്ക്ക് നേരിട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്നില്ല. എന്നാല്‍ ബി.സി.സി.ഐയുടെ ഇവന്റുകള്‍ക്ക് ലഭിക്കുന്ന നികുതിയിളവുകള്‍, സംസ്ഥാന അസോസിയേഷനുകള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന സൗജന്യ ഭൂമി തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ ക്രിക്കറ്റ് ബോര്‍ഡ് മറ്റ് കായിക സംഘടനകള്‍ പോലെ പൊതുസ്ഥാപനമാണ്. അതിനാല്‍ സെക്ഷന്‍ നാല് 1 ബി പ്രകാരം ബിസിസിഐ വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരുമെന്നും കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com