അരങ്ങേറ്റക്കാരനും വിശ്വസ്തനും അർധ ശതകം; നൂറ് കടന്ന് ഇന്ത്യ മികച്ച സ്കോറിലേക്ക്

അരങ്ങേറ്റ ടെസ്റ്റിൽ അർധ സെഞ്ച്വറി കുറിച്ച്  പൃഥ്വി ഷാ വരവറിയിച്ചതിന് പിന്നാലെ വിശ്വസ്തനായ ചേതേശ്വർ പൂജാരയും തന്റെ പരിചയ സമ്പത്തുമായി കളം നിറഞ്ഞപ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക്
അരങ്ങേറ്റക്കാരനും വിശ്വസ്തനും അർധ ശതകം; നൂറ് കടന്ന് ഇന്ത്യ മികച്ച സ്കോറിലേക്ക്

രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റിൽ അർധ സെഞ്ച്വറി കുറിച്ച്  പൃഥ്വി ഷാ വരവറിയിച്ചതിന് പിന്നാലെ വിശ്വസ്തനായ ചേതേശ്വർ പൂജാരയും തന്റെ പരിചയ സമ്പത്തുമായി കളം നിറഞ്ഞപ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക്. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ സ്കോർ 100 പിന്നിട്ടു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന നിലയിലാണ്. 

കരിയറിലെ 19ാം ടെസ്റ്റ് അർധ ശതകം പൂർത്തിയാക്കിയാണ് പൂജാര മികവ് പുറത്തെടുത്തത്. 74 പന്തിൽ ഒൻപത് ബൗണ്ടറികളുമായി 56 റൺസാണ് പൂജാര അടിച്ചെടുത്തത്. തകർപ്പൻ പ്രകടനവുമായി പൃഥ്വി- പൂജാര സഖ്യം കളം നിറഞ്ഞതോടെ ഇന്ത്യ സുരക്ഷിതമായി തന്നെ മുന്നേറുകയാണ്. കളി നിർത്തുമ്പോൾ  പൃഥ്വി ഷാ 74 പന്തിൽ 75 റൺസോടെയും പൂജാര 74 പന്തിൽ 56 റൺസോടെയും ക്രീസിലുണ്ട്. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 130 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

അരങ്ങേറ്റം കുറിച്ച  പൃഥ്വി 56 പന്തിലാണ് കന്നി അർധ ശതകം പൂർത്തിയാക്കിയത്. 11 ബൗണ്ടറികളുടെ അകമ്പടിയിലാണ് പൃഥ്വിയുടെ 75 റൺസ്. ഇന്ത്യയ്ക്കായി അരങ്ങേറ്റ ടെസ്റ്റിൽ അർധ ശതകം നേടുന്ന പ്രായം കുറഞ്ഞ താരമാകാനും പൃഥ്വിക്ക് സാധിച്ചു.

നേരത്തെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു. ലോകേഷ് രാഹുലാണ് ഇന്ത്യൻ ഇന്നിങ്സിൽ പുറത്തായ ഏക താരം. ആദ്യ ഓവറിൽത്തന്നെ ലോകേഷ് രാഹുലിനെ പുറത്താക്കി ഷാനോൻ ഗബ്രിയേൽ വിൻഡീസിന് ഉജ്വല തുടക്കമാണ് സമ്മാനിച്ചത്. നാലു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ പൂജ്യനായി ഗബ്രിയേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് രാഹുൽ മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com