വെല്ലുവിളികളെ സധൈര്യം നേരിടുന്നവരാണ് ഹീറോസ്; മത്സ്യത്തൊഴിലാളികള്‍ക്ക് ആദരവുമായി പ്രത്യേക ജേഴ്‌സിയില്‍ ബ്ലാസ്‌റ്റേഴ്‌സ് 

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ വിജയത്തോടെ തുടങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ കൊച്ചിയിലെ തങ്ങളുടെ ആദ്യ നാട്ടങ്കത്തിന് ഒരുങ്ങുകയാണ്
വെല്ലുവിളികളെ സധൈര്യം നേരിടുന്നവരാണ് ഹീറോസ്; മത്സ്യത്തൊഴിലാളികള്‍ക്ക് ആദരവുമായി പ്രത്യേക ജേഴ്‌സിയില്‍ ബ്ലാസ്‌റ്റേഴ്‌സ് 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ വിജയത്തോടെ തുടങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ കൊച്ചിയിലെ തങ്ങളുടെ ആദ്യ നാട്ടങ്കത്തിന് ഒരുങ്ങുകയാണ്. പ്രളയത്തെ അതിജീവിച്ച കേരളത്തിന് ആദരമര്‍പ്പിക്കാനുള്ള അവസരമായി തങ്ങളുടെ ആദ്യ ഹോം പോരാട്ടത്തെ മാറ്റാനൊരുങ്ങുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്.സിയുമായാണ് കേരളത്തിന്റെ പോരാട്ടം. 

നാളെ സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ സ്‌പെഷ്യല്‍ ജേഴ്‌സിയണിഞ്ഞാകും ബ്ലാസ്റ്റേഴ്‌സ് കളത്തിലെത്തുക. പ്രളയത്തില്‍ കുടുങ്ങിയ ജനങ്ങളെ സ്വന്തം ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ സേവനത്തെ ഓര്‍മ്മപ്പെടുത്തുന്ന പ്രതീകാത്മക ചിത്രങ്ങള്‍ ആലേഖനം ചെയ്ത ജേഴ്‌സികളാണ് നാളെ ബ്ലാസ്റ്റേഴ്‌സ് അണിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് അംബാസിഡറായ മോഹന്‍ലാലിന്റെ ഒരു വീഡിയോയും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

നേരത്തെ ഐസ്എല്ലിന്റെ കൊച്ചി മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടന സമയത്തും മത്സ്യത്തൊഴിലാളികളെ വിശിഷ്ടാതിഥികളായി എത്തിച്ച് ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധ നേടിയിരുന്നു. കേരളത്തിനായി കഠിനാധ്വാനം ചെയ്ത മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമെന്ന നിലയിലാണ് ജേഴ്‌സിയില്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. 

ഐസ്എല്ലിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ എടികെയെ കൊല്‍ക്കത്തയില്‍ ചെന്ന് 2-0ത്തിന് വീഴ്ത്തിയതിന്റെ കത്തുന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് നാളെ ആദ്യ ഹോം പോരിനിറങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com