ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരായ കുരുക്ക് മുറുകുന്നുവോ ? നൈകിക്ക് ആശങ്ക; ആശ്വസിപ്പിച്ച് യുവന്റസ്

പത്ത് വര്‍ഷം മുന്‍പ് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു ബലാത്സംഗം പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുലിവാലായി മാറിയിരിക്കുകയാണിപ്പോള്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരായ കുരുക്ക് മുറുകുന്നുവോ ? നൈകിക്ക് ആശങ്ക; ആശ്വസിപ്പിച്ച് യുവന്റസ്

മിലാന്‍: പത്ത് വര്‍ഷം മുന്‍പ് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു ബലാത്സംഗം പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുലിവാലായി മാറിയിരിക്കുകയാണിപ്പോള്‍. വിഷയം ഇപ്പോള്‍ അന്വേഷിക്കാനും നടപടികള്‍ നടക്കുന്നുണ്ട്. ഇതേ വിഷയത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പോര്‍ച്ചുഗല്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുമില്ല. 

ദീര്‍ഘ നാളത്തെ ബന്ധം അവസാനിപ്പിച്ച് റയല്‍ മാഡ്രിഡില്‍ നിന്ന് ഈ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പാണ് ക്രിസ്റ്റ്യാനോ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിലേക്ക് ചേക്കേറിയത്. ലോകം ഏറെ ചര്‍ച്ച ചെയ്ത ഒരു കൂടുമാറ്റമായിരുന്നു. യുവന്റസ് ആരാധകര്‍ താരത്തിന്റെ സാന്നിധ്യം ശരിക്കും ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. 

ലൈംഗിക ആരോപണം ശക്തമായി നില്‍ക്കുന്നതും ഇതുമായി ബന്ധപ്പെട്ട് ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടതോടെ ക്രിസ്റ്റിയാനോ ശരിക്കും പെട്ടുകിടക്കുന്നു. എന്നാല്‍ താരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യുവന്റസ് രംഗത്തെത്തിയത് ക്രിസ്റ്റ്യാനോയ്ക്ക് ആശ്വാസമായി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് സൂപ്പര്‍ താരത്തെ പിന്തുണച്ച് ടീം കുറിപ്പ് എഴുതിയത്. 

ക്രിസ്റ്റ്യാനോക്കെതിരായ ആരോപണത്തെ തങ്ങള്‍ കണക്കാക്കുന്നില്ലെന്ന് യുവന്റസ് വ്യക്തമാക്കി. പത്ത് വര്‍ഷം മുന്‍പ് നടന്നു എന്ന് പറയപ്പെടുന്ന വിഷയമാണിത്. തങ്ങളെ സംബന്ധിച്ച് അദ്ദേഹം മികച്ച പ്രൊഫഷണലിസവും കളിയോട് തികഞ്ഞ ആത്മാര്‍പ്പണം നടത്തുകയും ചെയ്യുന്ന താരമാണ്. താരത്തെ ടീമിലെത്തിക്കുമ്പോഴും ഞങ്ങള്‍ പ്രാധാന്യം നല്‍കിയതും ആ മനോഭാവത്തിനാണ്. എന്ത് തരത്തിലുള്ള ആരോപണങ്ങളാണെങ്കിലും അദ്ദേഹത്തോടുള്ള ടീമിന്റെ സമീപനത്തില്‍ മാറ്റമുണ്ടാകില്ല. 

അതേസമയം ആഗോള ഭീമന്‍മാരായ നൈകി ക്രിസ്റ്റിയാനോക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. പുറത്തുവരുന്ന ആരോപണങ്ങളില്‍ അങ്ങേയറ്റത്തെ ഉത്കണ്ഠയുണ്ട്. ആരോപണങ്ങളുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥകളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് നൈകി വ്യക്തമാക്കി. 

നൈകിയുമായി ക്രിസ്റ്റിയാനോയ്ക്ക് ആജീവനാന്ത കരാറാണുള്ളത്. ലോകത്തില്‍ മൂന്ന് കായിക താരങ്ങള്‍ക്ക് മാത്രമാണ് കമ്പനി ഇത്തരത്തില്‍ ആജീവനാന്ത കരാര്‍ നല്‍കിയത്. എന്‍ബിഎ താരങ്ങളായ ലിബ്രോണ്‍ ജെയിംസ്, മൈക്കല്‍ ജോര്‍ദാന്‍ എന്നിവരാണ് മറ്റ് രണ്ട് താരങ്ങള്‍. 

അമേരിക്കന്‍ മോഡലായ കാതറിന്‍ മയോര്‍ഗയെന്ന 34കാരിയാണ് ക്രിസ്റ്റിയാനോയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 2009ല്‍ ഒരു അമേരിക്കന്‍ നിശാക്ലബില്‍ വച്ച് ക്രിസ്റ്റ്യാനോ തന്നെ ബലാംത്സഗത്തിനിരയാക്കി എന്നായിരുന്നു മോഡലിന്റെ വെളിപ്പെടുത്തല്‍. 

എന്നാല്‍ ക്രിസ്റ്റ്യാനോ ഇത് നിഷേധിച്ചു. പ്രശസ്തിക്ക് വേണ്ടി തന്റെ  പേര് വലിച്ചിഴയ്ക്കുകയാണെന്നായിരുന്നു താരത്തിന്റെ ആരോപണം. പിന്നാലെ താരവുമൊത്തുള്ള ചിത്രങ്ങള്‍ മോഡല്‍ പുറത്തുവിട്ടതോടെ സൂപ്പര്‍ താരം വീണ്ടും വെട്ടിലാകുകയായിരുന്നു. 

എന്തായാലും വിഷയം അന്വേഷിക്കാന്‍ ലാസ് വെഗാസ് ഉത്തരവിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com