പരുങ്ങിയടിച്ച് വിന്‍ഡീസ്; കൂറ്റന്‍ സ്‌കോറിനെതിരെ കൂട്ടത്തകര്‍ച്ചയിലേക്ക്

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് തകരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു
പരുങ്ങിയടിച്ച് വിന്‍ഡീസ്; കൂറ്റന്‍ സ്‌കോറിനെതിരെ കൂട്ടത്തകര്‍ച്ചയിലേക്ക്

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് തകരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച വെസ്റ്റിന്‍ഡീസ് 39 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ് അവര്‍. 

മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകളും ആർ അശ്വിൻ ഒരു വിക്കറ്റും നേടി. നാലാമനായി ഇറങ്ങിയ ഹെറ്റ്‌മേയറെ ജഡേജ റണ്ണൗട്ടാക്കി. ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (രണ്ട്), പവല്‍ (ഒന്ന്), ഹോപ് (പത്ത്), ഹെറ്റ് മേയര്‍ (പത്ത്) എന്നിവരാണ് പുറത്തായത്. ഒന്‍പത് റണ്‍സുമായി ആംബ്രിസും മൂന്ന് റണ്‍സുമായി ചെയ്‌സുമാണ് ക്രീസില്‍. 

നേരത്തെ പൃഥ്വി ഷായ്ക്കും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സെഞ്ച്വറി നേടിയതോടെയാണ് ഇന്ത്യ പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. ജഡേജ സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. 

ടെസ്റ്റ് കരിയറിലെ ജഡേജയുടെ കന്നി സെഞ്ച്വറിയാണ് രാജ്‌കോട്ടില്‍ പിറന്നത്. 132 പന്തുകള്‍ നേരിട്ട് അഞ്ച് വീതം സിക്‌സും ഫോറും തൂക്കി ജഡേജ 100 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോള്‍ മുഹമ്മദ് ഷമിയായിരുന്നു രണ്ട് റണ്‍സുമായി ജഡേജയ്‌ക്കൊപ്പം ക്രീസില്‍. 22 റണ്‍സുമായി ഉമേഷ് യാദവ് ജഡേജയ്ക്ക് പിന്തുണ നല്‍കിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 600 കടന്നത്. 

കോഹ്‌ലി 230 പന്തില്‍ പത്ത് ഫോറിന്റെ അകമ്പടിയോടെ 139  റണ്‍സുമായി മടങ്ങി. കോഹ്‌ലിയുടെ 24ാം ടെസ്റ്റ് ശതകമാണിത്.

അതേസമയം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ദിനത്തില്‍ ആദ്യം നഷ്ടമായത്. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ പന്ത് 84 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 92 റണ്‍സ് അടിച്ചെടുത്തു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന താരത്തെ ദേവേന്ദ്ര ബിഷുവാണ് മടക്കിയത്.

നേരത്തെ ആദ്യ ദിനത്തില്‍ പൃഥ്വി ഷാ (134), ചേതേശ്വര്‍ പൂജാര (86), അജിന്‍ക്യ രഹാനെ (41) എന്നിവരും ഇന്ത്യക്കായി തിളങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com