മഞ്ഞക്കടലിന്റെ ഹൃദയം തുളച്ച് ലോങ് റേഞ്ചര്‍; ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് മുംബൈ

ജയം എതാനും മിനിറ്റുകള്‍ക്കരികെ അകന്നു പോയതിന്റെ നിരാശയില്‍ മടങ്ങേണ്ടി വന്നു മഞ്ഞപ്പടക്കൂട്ടത്തിന്
മഞ്ഞക്കടലിന്റെ ഹൃദയം തുളച്ച് ലോങ് റേഞ്ചര്‍; ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് മുംബൈ


ആദ്യ ഹോം മാച്ചില്‍ ജയത്തിലേക്ക് കുതിക്കുകയായിരുന്ന ബ്ലാസ്‌റ്റേഴ്‌സ്. പക്ഷേ 94ാം മിനിറ്റില്‍ പതിനെട്ടുകാരന്റെ ബൂട്ടില്‍ നിന്നും പിറന്ന മനോഹരമായ ലോങ് റേഞ്ചര്‍ കൊച്ചിയിലെ മഞ്ഞക്കടലിനെ നിശബ്ദമാക്കി. ജയം എതാനും മിനിറ്റുകള്‍ക്കരികെ അകന്നു പോയതിന്റെ നിരാശയില്‍ മടങ്ങേണ്ടി വന്നു മഞ്ഞപ്പടക്കൂട്ടത്തിന്. 

സഞ്ജു പ്രധാന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചു തുളച്ച ഭൂംജിയുടെ ഗോള്‍. പന്ത് കൈവശം വെച്ച് കളിക്കുന്നതിലും പാസുകളിലും മികച്ച നിന്നത് മുംബൈ സിറ്റിയായിരുന്നു എങ്കിലും 24ാം മിനിറ്റില്‍ ലഭിച്ച നിമിഷത്തില്‍ നര്‍സാറിക്ക് പിഴയ്ക്കാതിരുന്നതോടെ കേരളം ലീഡ് എടുക്കുകയായിരുന്നു. 

ബാക്ക് ഹീലില്‍ നിന്നുമുള്ള ദൗഗലിന്റെ പാസ് ഗോള്‍പോസ്റ്റിന് മുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന നര്‍സാറിയുടെ കാലുകളിലൂടെ ഗോള്‍വല തൊടുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പിന്നോട്ടാഞ്ഞ് കളിക്കുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. പക്ഷേ മത്സരത്തിലുടനീളം മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കായി.

കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ ലോങ് റേഞ്ചിന് സമാനമായതൊന്ന് 65ാം മിനിറ്റില്‍ സ്റ്റൊയാനോവിച്ചിന്റെ ബൂട്ടില്‍ നിന്നു വന്നുവെങ്കിലും നേരിയ വ്യത്യാസത്തില്‍ ഗോള്‍ പോസ്റ്റിന് പുറത്തേക്കു പോയി. കൊച്ചിയുടെ മൈതാനത്ത് ഇതുവരെ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ പക്ഷേ അപ്രതീക്ഷിത പ്രഹരത്തിലൂടെ സമനില പിടിച്ച് ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിക്കാന്‍ അവര്‍ക്കായി. 

കൊല്‍ക്കത്തയ്‌ക്കെതിരെ ജയിച്ചു കയറിയ ടീമിനെ തന്നെയായിരുന്നു ഡേവിഡ് ജെയിംസ് ആദ്യ ഹോം മത്സരത്തിനായും ഇറക്കിയത്. ക്രമറവിച്ചും മലയാളി താരം സഹലും മധ്യനിരയില്‍ നിറഞ്ഞപ്പോള്‍ പോപ്ലാറ്റ്‌നിച്ചും, സ്റ്റൊജാനോവിച്ചും മുന്നേറ്റ നിരയില്‍ മൂര്‍ച്ച കൂട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com