കളിക്കുമോ ഇന്ത്യ ബാഴ്‌സയെപ്പോലെ; കോണ്‍സ്റ്റന്റൈന് പകരം ആല്‍ബര്‍ട്ട് റോക്ക...? 

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് പകരക്കാരനായി സ്പാനിഷ് കോച്ച് ആല്‍ബര്‍ട്ട് റോക്ക വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
കളിക്കുമോ ഇന്ത്യ ബാഴ്‌സയെപ്പോലെ; കോണ്‍സ്റ്റന്റൈന് പകരം ആല്‍ബര്‍ട്ട് റോക്ക...? 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് പകരക്കാരനായി സ്പാനിഷ് കോച്ച് ആല്‍ബര്‍ട്ട് റോക്ക വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം യുഎഇയില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന് ശേഷമായിരിക്കും മുന്‍ ബംഗളൂരു എഫ്‌സി കോച്ച് ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുക എന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. റോക്കയ്‌ക്കൊപ്പം ബംഗളൂരുവിന്റെ തന്നെ മുന്‍ പരിശീലകനായിരുന്ന ആഷ്‌ലി വെസ്റ്റ് വുഡിനേയും ഇന്ത്യന്‍ അധികൃതര്‍ പരിഗണിക്കുന്നുണ്ട്. 

നിലവിലെ പരിശീലകനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് ഏഷ്യകപ്പ് അവസാനിക്കുന്നതു വരെയാണ് കരാറുള്ളത്. കരാര്‍ പുതുക്കാന്‍ ഭീമമായ പ്രതിഫലമാണ് അദ്ദേഹം ആവശ്യപ്പെടുന്നതാണ് എഐഎഫ്എഫിനെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. കോണ്‍സ്റ്റന്റൈന് കീഴില്‍ മികച്ച ഫലങ്ങള്‍ ഇന്ത്യ നേടിയിട്ടുണ്ടെങ്കിലും പരിശീലകന്റെ ശൈലി ആരാധകര്‍ക്ക് അത്ര പ്രിയമല്ല. അതിനാല്‍ തന്നെ ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും കൂടുതല്‍ നീക്കങ്ങള്‍ അധികൃതര്‍ നടത്തുക. 

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മുന്‍ നായകന്‍ ബൈചുങ്ങ് ബൂട്ടിയ അടക്കം നിര്‍ദ്ദേശിച്ചിട്ടുള്ള പേരാണ് റോക്കയുടേത്. ബംഗളൂരുവിനെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിച്ച സ്പാനിഷ് പരിശീലകന് ഇന്ത്യയെയും കുതിപ്പിലെത്തിക്കാന്‍ കഴിയുമെന്ന് ബൂട്ടിയ അഭിപ്രായപ്പെട്ടിരുന്നു. 

രണ്ട് സീസണില്‍ ബംഗളൂരു പരിശീലകനായിരുന്ന റോക്ക ടീമിനെ എഎഫ്‌സി കപ്പ് ഫൈനലിലും ഐഎസ്എല്‍ ഫൈനലിലുമെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സൂപ്പര്‍കപ്പ് സ്വന്തമാക്കിയത് റോക്കയുടെ കീഴിലിറങ്ങിയ ബംഗളൂരുവായിരുന്നു. 

ഹോളണ്ട് ഇതിഹാസം ഫ്രാങ്ക് റൈക്കാഡിന് കീഴില്‍ ബാഴ്‌സലോണയുടെ സഹ പരിശീലകനായിരുന്ന റോക്ക തുര്‍ക്കിഷ് ക്ലബ് ഗലാത്സരയുടെയും സഹ പരിശീലകനായിരുന്നു. എല്‍ സാവദോര്‍ പരിശീലകനായി ഒരു വര്‍ഷം സേവനമനുഷ്ടിച്ചാണ് റോക്ക ബംഗളൂരുവിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com