വെങറാശാന്‍ ബയേണ്‍ മ്യൂണിക്കിലേക്ക്... സിദാനേയും പരിഗണിക്കുന്നു...?

മുന്‍ ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സന്‍ വെങര്‍, മുന്‍ റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍ എന്നിവരിലൊരാളെ കോവാകിന്റെ പകരക്കാരനായി ബയേണ്‍ പരിഗണിക്കുന്നതായി ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്
വെങറാശാന്‍ ബയേണ്‍ മ്യൂണിക്കിലേക്ക്... സിദാനേയും പരിഗണിക്കുന്നു...?

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റേയും സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയുടേയും റയല്‍ മാഡ്രിഡിന്റേയും ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെയും നിരാശാജനകമായ മുന്നേറ്റമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം. ഹോസെ മൗറീഞ്ഞോ, ഏണസ്‌റ്റോ വെല്‍വര്‍ഡേ, ലോപ്റ്റഗുയി, നികോ കോവാക് എന്നിവരുടെ പരിശീലക കസേര തെറിക്കുമെന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവരുന്നു. 

ജുപ് ഹെയ്‌നക്‌സിന്റെ പകരക്കാരനായി ഈ സീസണിലാണ് മുന്‍ താരം കൂടിയായ നികോ കോവാകിനെ ബയേണ്‍ മ്യൂണിക്ക് പരിശീലക സ്ഥാനത്ത് അവരോധിച്ചത്. സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനങ്ങളുമായി ടീം കളം നിറഞ്ഞതോടെ കാര്യങ്ങള്‍ സുഗമമാകുമെന്നും ഇത്തവണയും ബാവേറിയന്‍ ടീമിന് ലീഗില്‍ എതിരുണ്ടാകില്ലെന്നും പ്രതീതികളുണ്ടായി. 

എന്നാല്‍ അതെല്ലാം കൈവിടുന്ന അവസ്ഥയിലാണ് നിലവില്‍ ജര്‍മന്‍ കരുത്തരുടെ നില്‍പ്പ്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒന്ന് പോലും വിജയിക്കാന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് നിലവിലെ ചാംപ്യന്‍മാര്‍. ബുണ്ടസ് ലീഗയില്‍ അടുപ്പിച്ച് രണ്ട് തോല്‍വികളും ബയേണിന് ഞെട്ടിക്കുന്നതായിരുന്നു. താരങ്ങളുടെ പരുക്കും ഫോമില്ലായ്മയും കോവാകിന് ടീം തിരഞ്ഞെടുപ്പില്‍ തലവേദനയായി നില്‍ക്കുകയും ചെയ്യുന്നു. കോച്ചിനെ പുറത്താക്കില്ലെന്ന് ക്ലബ് അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോവാകിന് കാര്യങ്ങള്‍ അനുകൂലമല്ലെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

മുന്‍ ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സന്‍ വെങര്‍, മുന്‍ റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍ എന്നിവരിലൊരാളെ കോവാകിന്റെ പകരക്കാരനായി ബയേണ്‍ പരിഗണിക്കുന്നതായി ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ജര്‍മന്‍ മാധ്യമമായ സ്‌പോര്‍ട് ബില്‍ഡാണ് വെങര്‍, സിദാന്‍ എന്നിവരിലൊരാളെ ബാവേറിയന്‍സ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കൊവാകിന് സമയം അനുവദിക്കുമെന്നാണ് ബയേണ്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ അടുത്ത് നടക്കുന്ന മത്സരങ്ങളിലും സമാന ഫലങ്ങളാണെങ്കില്‍ കാര്യങ്ങള്‍ അദ്ദേഹത്തിന് എളുപ്പമാകില്ലെന്ന് ചുരുക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com