അവര്‍ മെസിയെ കൊല്ലാനാണ് പോകുന്നതെന്ന് മറഡോണ; ഏറ്റവും ദുഃഖിതന്‍ മെസി ആയിരുന്നുവെന്ന് സാംപോളി

ദേശീയ ഫുട്‌ബോളില്‍ നിന്ന് മെസി വിരമിക്കല്‍ പ്രഖ്യാപിക്കണം. അര്‍ജന്റീന എന്നും മെസിയെ ബലിയാടാക്കും
അവര്‍ മെസിയെ കൊല്ലാനാണ് പോകുന്നതെന്ന് മറഡോണ; ഏറ്റവും ദുഃഖിതന്‍ മെസി ആയിരുന്നുവെന്ന് സാംപോളി

അവര്‍ മെസിയെ കൊല്ലനാണ് പോകുന്നത്. ടീമില്‍ നിന്നും അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്നും ഒരു പിന്തുണയും ലഭിക്കാത്ത മെസി ദേശീയ ടീമിലേക്ക് മടങ്ങി വരരുത്, അര്‍ജന്റീനിയന്‍ ടീമിനും അസോസിയേഷനും നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ഡീഗോ മറഡോണ പറഞ്ഞു. 

ദേശീയ ഫുട്‌ബോളില്‍ നിന്ന് മെസി വിരമിക്കല്‍ പ്രഖ്യാപിക്കണം. അര്‍ജന്റീന എന്നും മെസിയെ ബലിയാടാക്കും. അതുകൊണ്ടാണ് ദേശീയ ടീമിലേക്ക് മടങ്ങി എത്തി ഈ കുറ്റപ്പെടുത്തലുകളെല്ലാം ഏറ്റുവാങ്ങേണ്ടെന്ന് ഞാന്‍ പറയുന്നത്. മെസിയെ പോലെ മറ്റൊരു കളിക്കാരനില്ല. മെസി ഫോമായില്ലെങ്കില്‍ അര്‍ജന്റീന ജയിക്കില്ലെന്നാണ് പറയുക. തോല്‍വിയുടെ എല്ലാം പഴി മെസി ഏറ്റുവാങ്ങണം, മറഡോണ പറയുന്നു. 

മെസിയെ സ്‌നേഹിക്കുന്നവരുണ്ടെങ്കില്‍ മുന്നോട്ട് വന്ന് പിന്തുണയ്ക്കുകയാണ് വേണ്ടത്. അല്ലാതെ മൗനം പാലിക്കുകയല്ലെന്നും മഷറാനോ ഉള്‍പ്പെടെയുള്ള താരങ്ങളെ കുത്തി മറഡോണ പറഞ്ഞു. മഷറാനോ ഒരു നായകനാണ് എന്നാണ് ഞാന്‍ കരുതിയത്. അങ്ങിനെ കരുതിയത് എന്റെ തെറ്റാണെന്നും മറഡോണ പറയുന്നു. 

റഷ്യന്‍ ലോക കപ്പില്‍ നിന്നും പുറത്തായതില്‍ ഏറ്റവും ദുഃഖിതന്‍ മെസിയായിരുന്നു എന്നാണ് മറഡോണയുടെ പ്രതികരണത്തിന് പിന്നാലെ അര്‍ജന്റീനിയന്‍ മുന്‍ പരിശീലകന്‍ സാംപോളി പ്രതികരിച്ചത്. ടീമില്‍ ഏറ്റവും ആത്മാര്‍ഥതയോടെ കളിച്ചത് മെസിയായിരുന്നു. മെസി ഉള്ളത് കൊണ്ട് മെസി ഇറങ്ങുന്ന എല്ലാ മത്സരവും ജയിക്കുക എന്ന ഉത്തരവാദിത്യം അര്‍ജന്റീനയ്ക്കുണ്ടായിരുന്നു. എന്നാല്‍ മെസിയുടെ നിലവാരത്തിലേക്ക് ടീമിന് ഉയരാനായില്ലെന്ന് സാംപോളി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com