വംശീയ വിദ്വേഷം നടത്തുന്നവരെ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് വിടും; പുതിയ ശിക്ഷയുമായി ചെല്‍സി

ജൂത വിഭാഗത്തില്‍പ്പെടുന്ന ക്ലബ് ഉടമ റൊമന്‍ അബ്രാഹിമോവിച്ചാണ് ഈ പുതിയ വഴിക്ക് പിന്നില്‍
വംശീയ വിദ്വേഷം നടത്തുന്നവരെ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് വിടും; പുതിയ ശിക്ഷയുമായി ചെല്‍സി

ലണ്ടന്‍: കളി കാണാന്‍ എത്തിയാല്‍ കളി കാണണം. വംശീയ അധിക്ഷേപം നടത്തിയാല്‍ കളികാണാന്‍ എത്തുന്നതിനുള്ള വിലക്ക് മാത്രമാവില്ല ഇനി നേരിടേണ്ടി വരിക. നേരെയങ്ങ് ഔസ്ച്വിറ്റ്‌സിലേക്ക് വിടും. എവിടെയെന്നല്ലേ? പോളണ്ടിലെ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക്. 

ചെല്‍സി എഫ്‌സിയാണ് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ജൂത വിഭാഗത്തില്‍പ്പെടുന്ന ക്ലബ് ഉടമ റൊമന്‍ അബ്രാഹിമോവിച്ചാണ് ഈ പുതിയ വഴിക്ക് പിന്നില്‍. യഹൂദര്‍ക്കെതിരായ വിദ്വേഷത്തെ ഫുട്‌ബോളില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ലക്ഷ്യം വയ്ക്കുന്നത്. 

ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ നടത്തുന്ന ആരാധകരെ, രണ്ടാം ലോക മഹായുദ്ധകാലത്തെ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ എത്തിച്ച് ബോധവത്കരണ ക്ലാസ് നല്‍കുവാനാണ് ചെല്‍സിയുടെ പദ്ധതി. മത്സരം കാണുന്നതിനുള്ള വിലക്കാണ് ശിക്ഷയായി നല്‍കുന്നത് എങ്കില്‍ അവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ നമുക്കാവില്ല. 

എന്നാല്‍ ഈ പുതിയ വഴിയിലൂടെ, എന്താണ് അവര്‍ ചെയ്തത് എന്നതില്‍ അവരെ പൂര്‍ണ ബോധ്യരാക്കുവാന്‍ സാധിക്കും. അത് ഇനിയുള്ള നാളുകളില്‍ ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുമെന്ന് ക്ലബ് വിലയിരുത്തുന്നു. വംശീയ വിദ്വേഷം നടത്തുന്നവരെ കാണികള്‍ക്കിടയില്‍ നിന്നും കണ്ടെത്തി മൂന്ന് വര്‍ഷം വരെ അവര്‍ക്ക് സ്റ്റേഡിയത്തില്‍ എത്തി കളി കാണുന്നതിന് വിലക്കേര്‍പ്പെടുത്തുകയാണ് പതിവ്. 

ഇനിമുതല്‍ രണ്ട് ഓപ്ഷനുകളാവും ഇത്തരം തെറ്റ് ചെയ്യുന്നവര്‍ക്ക് മുന്നില്‍ വയ്ക്കുക. വിലക്ക് വേണമോ? അല്ലെങ്കില്‍ ഞങ്ങളുടെ ഡൈവേഴ്‌സിറ്റി ഓഫീസര്‍ക്കൊപ്പം സമയം ചിലവിട്ട് ചെയ്ത തെറ്റ് മനസിലാക്കണമോ എന്ന്. 2017ല്‍ ടോട്ടന്‍ഹാമിനെതിരായ മത്സരത്തിനിടെ യഹൂദര്‍ക്കെതിരായി ആരവം ഉയര്‍ത്തിയ തങ്ങളുടെ ആരാധകരെ ചെല്‍സി പരസ്യമായി വിമര്‍ശിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com