രണ്ടാം ടെസ്റ്റ്; ആദ്യ ദിനം ഇന്ത്യയെ വലച്ച് റോസ്റ്റന്‍, കരകയറി വെസ്റ്റ് ഇന്‍ഡീസ്

ഒന്നാം ടെസ്റ്റില്‍ നിന്നും പാഠം പഠിച്ച് നിലയുറപ്പിച്ച് കളിക്കാന്‍ ഉറച്ചായിരുന്നു വിന്‍ഡിസ് ബാറ്റ്‌സ്മാന്‍മാര്‍ ക്രീസിലേക്കെത്തിയത്
രണ്ടാം ടെസ്റ്റ്; ആദ്യ ദിനം ഇന്ത്യയെ വലച്ച് റോസ്റ്റന്‍, കരകയറി വെസ്റ്റ് ഇന്‍ഡീസ്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ റോസ്റ്റന്‍ ചേസിന്റെ മികവില്‍ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷപെട്ട് വെസ്റ്റ് ഇന്‍ഡീസ്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡിസ് 297 റണ്‍സ് എടുത്തിട്ടുണ്ട്. 

കുല്‍ദീപ് യാദവും, ഉമേഷ് യാദവും മൂന്ന്‌ വിക്കറ്റ് വീതം വീഴ്ത്തി. അശ്വിനും ജഡേജയും ഇരുവര്‍ക്കും മികച്ച പിന്തുണ നല്‍കിയതോടെ വിന്‍ഡിസ് ഇന്നിങ്‌സ് അധിക ദൂരം പോവില്ലെന്ന സൂചനയായിരുന്നു നല്‍കിയത്. ഒന്നാം ടെസ്റ്റില്‍ നിന്നും പാഠം പഠിച്ച് നിലയുറപ്പിച്ച് കളിക്കാന്‍ ഉറച്ചായിരുന്നു വിന്‍ഡിസ് ബാറ്റ്‌സ്മാന്‍മാര്‍ ക്രീസിലേക്കെത്തിയത്. കൂടുതല്‍ ബോളുകള്‍ നേരിട്ട് ഇന്നിങ്‌സ് കെട്ടിപ്പടുക്കാനുള്ള ശ്രമം അവരുടെ ഭാഗത്ത് നിന്നുമുണ്ടായി എങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല.

എന്നാല്‍ ഓള്‍ റൗണ്ടര്‍ റോസ്റ്റന്‍ സാഹചര്യത്തിനൊത്ത് ഉയര്‍ന്ന് കളിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആദ്യ ദിനം തന്നെ വിന്‍ഡിസിനെ ഓള്‍ ഔട്ടാക്കാന്‍ സാധിച്ചില്ല. ചേസ് 98 റണ്‍സില്‍ എത്തി നില്‍ക്കെ ഒന്നാം ദിനം കളി അവസാനിപ്പിച്ചു.174 പന്ത് നേരിട്ട് ഏഴ് ഫോറും ഒരു സിക്‌സും പറത്തിയായിരുന്നു റോസ്റ്റന്റെ ഇന്നിങ്‌സ്. 

വിക്കറ്റ് കീപ്പര്‍ ഡൗറിച്ചുനും, നായകന്‍ ഹോള്‍ഡറിനും ഒപ്പം ചേര്‍ന്ന റോസ്റ്റന്‍ ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി വിന്‍ഡിസിനെ കരകയറ്റുകയായിരുന്നു. റോസ്റ്റനൊപ്പം ഹോള്‍ഡര്‍ കൂടി നിലയുറപ്പിച്ചിരുന്നു എങ്കില്‍ കളിയില്‍ ആധിപത്യം ഇന്ത്യയുടെ കയ്യില്‍ നിന്നും പോകുമായിരുന്നു. എന്നാല്‍ നായകനെ റിഷഭിന്റെ കൈകളിലേക്ക് എത്തിച്ച് ഉമേഷ് യാദവ് ആ ഭീഷണി ഒഴിവാക്കി. 92 പന്തില്‍ നിന്നും 52 റണ്‍സ് എടുത്ത് നില്‍ക്കെ ഹോള്‍ഡറിന് മടങ്ങേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com