ചൈനയിൽ ചെന്ന് വൻമതിൽ കെട്ടി ഇന്ത്യ; ​പോരാട്ടം ​ഗോൾരഹിത സമനില

21 വർഷം മുൻപ് ഏറ്റ തോൽവിക്ക് പകരം ചോദിക്കാൻ  കഴിഞ്ഞില്ലെങ്കിലും കരുത്തരായ ചൈനയെ ​ഗോൾരഹിത സമനിലയിൽ കുരുക്കി ഇന്ത്യ
ചൈനയിൽ ചെന്ന് വൻമതിൽ കെട്ടി ഇന്ത്യ; ​പോരാട്ടം ​ഗോൾരഹിത സമനില

ബെയ്ജിങ്: 21 വർഷം മുൻപ് ഏറ്റ തോൽവിക്ക് പകരം ചോദിക്കാൻ  കഴിഞ്ഞില്ലെങ്കിലും കരുത്തരായ ചൈനയെ ​ഗോൾരഹിത സമനിലയിൽ കുരുക്കി ഇന്ത്യ. അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ പോരാട്ടത്തിലാണ് ജയത്തോളം പോന്ന സമനില ഇന്ത്യ പിടിച്ചത്. ക്യാപ്റ്റൻ സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ സംഘം ആതിഥേയരെ ​ഗോളടിക്കാൻ അനുവ​ദിക്കാതെ പിടിച്ചുകെട്ടി. ചൈനക്കെതിരെ ഇത് 18ാം തവണയാണ് ഇന്ത്യ മത്സരിക്കാനിറങ്ങിയത്. ടീമിന്റെ ആറാം സമനിലയാണിത്.  

ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുകളിലുള്ള ചൈനക്കെതിരെ മികച്ച പ്രതിരോധം തീർത്താണ് ഇന്ത്യ സമനില പിടിച്ചെടുത്തത്. അനസ് എടത്തൊടിക പകരക്കാരനായാണ് കളിക്കാനെത്തിയത്. മറ്റൊരു മലയാളി താരം അഷിഖ് കുരുണിയന് അവസരം ലഭിച്ചില്ല. ഗോൾ പോസ്റ്റിന് മുന്നിൽ ഗുർപ്രീത് സിങിന്റെ മികച്ച പ്രകടനവും ഇന്ത്യക്ക് തുണയായി.

മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് കൈവശം വയ്ക്കുന്നതിൽ ചൈന വിജയിച്ചു. മത്സരം ജയിക്കാനുള്ള അവസരം ഇരു ഭാ​ഗത്തും ലഭിച്ചിരുന്നു. രണ്ടാം പകുതിയിൽ ചൈനയുടെ ശ്രമം ബാറിൽ തട്ടി തെറിച്ചതും അവർക്ക് തിരിച്ചടിയായി. ആദ്യ പകുതിയിൽ പ്രീതം കോട്ടലിന്റെ ഷോട്ടും രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഫാറൂഖ് ചൗധരിയുടെ ശ്രമവും ചൈനീസ് ഗോൾ കീപ്പർ രക്ഷപ്പെടുത്തി. അല്ലായിരുന്നെങ്കിൽ ചരിത്രത്തിലാദ്യമായി ചൈനയിൽ കളിക്കാനെത്തി വിജയം സ്വന്തമാക്കിയെന്ന അനുപമ നേട്ടം ഇന്ത്യ സ്വന്തമാക്കുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com