സെഞ്ച്വറി കൂട്ടുകെട്ടുമായി പ്രതിരോധം തീർത്ത് രഹാനെ- പന്ത്; ഇന്ത്യ ലീഡിലേക്ക്

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെന്ന നിലയിൽ
സെഞ്ച്വറി കൂട്ടുകെട്ടുമായി പ്രതിരോധം തീർത്ത് രഹാനെ- പന്ത്; ഇന്ത്യ ലീഡിലേക്ക്

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെന്ന നിലയിൽ. വെസ്റ്റ് ഇൻഡീസിന്റെ ഒന്നാം ഇന്നിങ്സ് പോരാട്ടം 311 റൺസിൽ അവസാനിച്ചിരുന്നു. സന്ദർശകരുടെ സ്കോറിനൊപ്പമെത്താൻ ആറ് വിക്കറ്റുകൾ കൈയിലുള്ള ഇന്ത്യക്ക് മൂന്ന് റൺസ് കൂടി മതി. 

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അജിൻക്യ രഹാനെ, ഋഷഭ് പന്ത് സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. 174 പന്തില്‍ ആറ് ഫോറുകളുടെ അകമ്പടിയുമായി അജിന്‍ക്യ രഹാനെ 75 റണ്‍സുകളുമായും 120 പന്തില്‍ പത്ത് ഫോറുകളും രണ്ട് സിക്‌സും സഹിതം 85 റണ്‍സുമായി ഋഷഭ് പന്തും ക്രീസില്‍ നില്‍ക്കുന്നു. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 146 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നേരത്തെ മിന്നൽ അർധ സെഞ്ച്വറി നേടിയ യുവതാരം പൃഥ്വി ഷായാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ഷാ, 39 പന്തിൽ എട്ട് ഫോറുകളും ഒരു സിക്സും സഹിതമാണ് അർധ ശതകത്തിലെത്തിയത്. ഒന്നാം വിക്കറ്റിൽ ഷാ–രാഹുൽ സഖ്യം 61 റൺസ് കൂട്ടിച്ചേർത്തു. ഇതിൽ രാഹുലിന്റെ സംഭാവന വെറും നാലു റൺസ് മാത്രം. ചേതേശ്വർ പൂജാരയാണ് (10) പുറത്തായ മൂന്നാമത്തെ താരം.

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മികവു വീണ്ടെടുക്കാനാകാതെ പോയ ഓപ്പണർ ലോകേഷ് രാഹുലാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. ഇതോടെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ രാഹുലിന്റെ ടീമിലെ സ്ഥാനവും തുലാസിലായി. 25 പന്തിൽ നാലു റൺസ് മാത്രം നേടിയ രാഹുലിനെ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ബൗൾഡാക്കുകയായിരുന്നു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഉച്ച ഭക്ഷണത്തിന് ശേഷവും തകർത്തടിച്ച പൃഥ്വിയെ മടക്കി ജോമൽ വറീകനാണ് വിൻഡീസിന് ആശ്വാസം നൽകിയത്. 53 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതം 70 റൺസെടുത്ത ഷായെ വറീകന്റെ പന്തിൽ എക്ട്രാ കവറിൽ ഹെറ്റ്മയർ ക്യാച്ചെടുത്തു. 

കോഹ്‍ലിയും പൂജാരയും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തിയെങ്കിലും തൊട്ടു പിന്നാലെ പൂജാരയും മടങ്ങി. 40 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 10 റൺസെടുത്ത പൂജാരയെ ഷാനൻ ഗബ്രിയേൽ മടക്കി. പൃഥ്വി ഷാ, ചേതേശ്വർ പൂജാര എന്നിവർ തുടർച്ചയായി പുറത്തായ ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‍ലി, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ എന്നിവർ ചേർന്നാണ് ഇന്ത്യയെ 150 കടത്തിയത്. കോഹ്‍ലി അർധ സെഞ്ച്വറി തികയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജേസൺ ഹോൾഡർ കോഹ്‍ലിയെ എൽബിയിൽ കുരുക്കി. വിൻഡീസിനായി ​ഹോൾഡർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com