ചീഫ് സെലക്ടറെ മറികടന്ന് നിലപാടുമായി ധോനി; വിജയ് ഹസാരെയില്‍ കളിക്കില്ല

ചീഫ് സെലക്ടറെ മറികടന്ന് നിലപാടുമായി ധോനി; വിജയ് ഹസാരെയില്‍ കളിക്കില്ല

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ജാര്‍ഖണ്ഡിന് വേണ്ടി എം.എസ്.ധോനി ഇറങ്ങില്ല. ക്വാര്‍ട്ടറില്‍ ധോനി കളിക്കുമെന്ന് ദേശീയ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ എംഎസ്‌കെ പ്രസാദ് പ്രഖ്യാപിച്ചിരുന്നു എങ്കിലും കളിക്കില്ലെന്ന് ധോനി വ്യക്തമാക്കുകയായിരുന്നു. 

കഴിഞ്ഞ ഏഷ്യാ കപ്പിലും ഇംഗ്ലണ്ട് പരമ്പരയിലും പ്രതീക്ഷ രീതിയില്‍ ബാറ്റേന്താന്‍ ധോനിക്കായിരുന്നില്ല. ഇതിന് പിന്നാലെയാണ് ധോനി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുമെന്ന് എംഎസ്‌കെ പ്രസാദ് പരസ്യമായി പറയുന്നത്. എന്നാല്‍ താന്‍ വരുന്നതോടെ ടീമിന്റെ താളം തെറ്റും എന്ന കാരണം ചൂണ്ടി കളിക്കുന്നില്ലെന്ന് ധോനി തീരുമാനിക്കുകയായിരുന്നു എന്ന് ജാര്‍ഖണ്ഡ് ടീം കോട്ട് രാജീവ് കുമാര്‍ വ്യക്തമാക്കി. 

ഈ ഘട്ടത്തില്‍ ടീമിനൊപ്പം ചേരുന്നത് ശരിയാവില്ലെന്നാണ് ധോനിയുടെ വിലയിരുത്തല്‍. ടീമിലെ കളിക്കാരെല്ലാം നന്നായി കളിക്കുന്നുണ്ട് എന്നാണ് ധോനി പറഞ്ഞത്. എല്ലാവരും നന്നായി കളിക്കുമ്പോള്‍ അതില്‍ ഒരാളുടെ സ്ഥാനം താന്‍ തട്ടിയെടുക്കുന്നത് ശരിയല്ലല്ലോ എന്നായിരുന്നു ധോനിയുടെ പ്രതികരണം. ടീമിന്റെ ഭാഗമാകുമോ ഇല്ലയോ എന്നതില്‍ ധോനി മാത്രമാണ് തീരുമാനം എടുക്കേണ്ടതെന്നും ജാര്‍ഖണ്ഡ് കോച്ച് പറഞ്ഞു. 

എന്നാല്‍, കഴിഞ്ഞ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ധോനി വിജയ് ഹസാരെ ട്രോഫിയുടെ നോക്ക് ഔട്ട് സ്‌റ്റേജില്‍ കളിക്കുമെന്നായിരുന്നു എംഎസ്‌കെ പ്രസാദിന്റെ വാക്കുകള്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഈ വര്‍ഷം 22 ദിവസം മാത്രമാണ് ധോനി കളിക്കാനിറങ്ങിയത്. ഇന്ത്യക്കായി ധോനി കളിച്ചത് 15 ഏകദിനവും ഏഴ് ട്വിന്റി20യും. ഫോമില്ലായ്മ വലയ്ക്കുന്ന ധോനി കൂടുതല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കണം എന്ന നിര്‍ദേശം ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു വെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com