മെസിയല്ല, ക്രിസ്റ്റിയാനോയുമല്ല; ഈ അഞ്ച് പേരിലൊരാളാകാം 

ഫിഫയുടെ പുരസ്‌കാരം പ്രഖ്യാപിച്ചതോടെ ഈ വര്‍ഷത്തെ ബാലണണ്‍ ഡി ഓര്‍ ആര് സ്വന്തമാക്കുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍  ആരാധകര്‍.
മെസിയല്ല, ക്രിസ്റ്റിയാനോയുമല്ല; ഈ അഞ്ച് പേരിലൊരാളാകാം 

ഫിഫയുടെ മികച്ച താരത്തിനുള്ള ദ ബെസ്റ്റ് പുരസ്‌കാരം ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുകയും റയല്‍ മാഡ്രിഡിന് ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത മധ്യനിര മാന്ത്രികന്‍ ലൂക്ക മോഡ്രിച്ചിനായിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ ലയണല്‍ മെസിയോ  അല്ലാത്ത ഒരാള്‍ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഫിഫയുടെ പുരസ്‌കാരം പ്രഖ്യാപിച്ചതോടെ ഈ വര്‍ഷത്തെ ബാലണണ്‍ ഡി ഓര്‍ ആര് സ്വന്തമാക്കുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍  ആരാധകര്‍.

പത്ത് വര്‍ഷം നീണ്ട ക്രിസ്റ്റ്യാനോ, മെസി ദ്വയത്തിന്റെ അപ്രമാദിത്വത്തെ വെല്ലുവിളിച്ച് മോഡ്രിച്ചടക്കം നിരവധി താരങ്ങളാണ് ഇത്തവണ ഫ്രഞ്ച് ഫുട്‌ബോള്‍ മാഗസിന്‍ പുരസ്‌കാരത്തിനായി രംഗത്തുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന അഞ്ച് താരങ്ങള്‍ ഇവരൊക്കെയാണ്. ക്രൊയേഷ്യയുടെ റയല്‍ മാഡ്രിഡ് താരം ലൂക മോഡ്രിച്ച്, ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സല, ഫ്രാന്‍സിന്റെ റയല്‍ മാഡ്രിഡ് താരം റാഫേല്‍ വരാനെ, ഫ്രാന്‍സിന്റെ അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്റോയിന്‍ ഗ്രീസ്മാന്‍, ഫ്രാന്‍സിന്റെ പാരിസ് സെന്റ് ജെര്‍മെയ്മന്‍ താരം കെയ്‌ലിയന്‍ എംബപ്പെ. 

ഈ അഞ്ച് പേരില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് മോഡ്രിചിന് തന്നെ. രണ്ടാം സ്ഥാനത്ത് എംബാപ്പെയും മൂന്നാമത് ഗ്രീസ്മാനും നാലാം സ്ഥാനത്ത് വരാനെയും  അഞ്ചാം സ്ഥാനത്ത് സലയും നില്‍ക്കുന്നു. 

ലൂക്ക മോഡ്രിച്ച്

ഫിഫ ദ ബെസ്റ്റ് സ്വന്തമാക്കിയ മോഡ്രിച്ച് തന്നെയാണ് ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിലെ ഹോട്ട് ഫേവറിറ്റ്. ലോകകപ്പിന്റെ ഫൈനലിലേക്ക് രാജ്യത്തെ നയിച്ച മോഡ്രിച്ച് റയലിന്റെ ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീട നേട്ടത്തിലും മുഖ്യ പങ്കുവഹിച്ചു. മധ്യനിരയില്‍ മോഡ്രിച്ച് നെയ്‌തെടുത്ത കളിയഴകായിരുന്നു ഇരു ടീമുകളുടേയും ബലം. 

കെയ്‌ലിയന്‍ എംബാപ്പെ

ഫ്രാന്‍സിനെ ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ചതില്‍ മുഖ്യപങ്ക് വഹിച്ച താരമാണ് എംബാപ്പെ. ലോകകപ്പിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്‌കാരവും എംബാപ്പെ നേടിയിരുന്നു. 19 വയസ് മാത്രം പ്രായമുള്ള താരത്തിന്റെ വേഗവും ഗോളടിമികവും കളി മെനയാനുള്ള സവിശേഷതകളും ലോകം ശരിക്കും കണ്ടു. അര്‍ജന്റീനയ്‌ക്കെതിരായ മികച്ച പോരാട്ടത്തോടെ താരത്തെ ബ്രസീല്‍ ഇതിഹാസം പെലെയോട് ഉപമിക്കുക വരെയുണ്ടായി. 

അന്റോയിന്‍ ഗ്രീസ്മാന്‍

വര്‍ത്തമാനകാലത്തെ ഏറ്റവും മികച്ച മുന്നേറ്റക്കാരനാണ് ഗ്രീസ്മാന്‍. ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തിലെ നിര്‍ണായക ശക്തി. ഒപ്പം സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുന്നേറ്റത്തില്‍ ശക്തികേന്ദ്രവും ഗ്രീസ്മാന്‍ തന്നെ. 

റാഫേല്‍ വരാനെ

ലോകകപ്പ് നേട്ടവും ചാംപ്യന്‍സ് ലീഗ് കിരീടവും ഒരേ സീസണില്‍ സ്വന്തമാക്കുന്ന അപൂര്‍വ താരമെന്ന നേട്ടത്തോടെയാണ് ഈ പ്രതിരോധ താരം മുന്‍പന്തിയില്‍ എത്തിയത്. രണ്ട് ടീമുകളുടേയും നിര്‍ണായക സാന്നിധ്യമാണ് വരാനെ. 

മുഹമ്മദ് സല


2017-18 സീസണുകളില്‍ ലിവര്‍പൂളിനായി ഗോളുകള്‍ അടിച്ചുകൂട്ടിയാണ് സല ശ്രദ്ധേയനായത്. വിവിധ ടൂര്‍ണമെന്റുകളിലായി കഴിഞ്ഞ സീസണില്‍ സല അടിച്ചുകൂട്ടിയത് 44 ഗോളുകള്‍. ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സല ഈജിപ്ത് ടീമിനെ നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പ് യോഗ്യതയും സമ്മാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com