മെസിയും ക്രിസ്റ്റ്യാനോയും ഇല്ലെങ്കിലും എല്‍ ക്ലാസിക്കോ കാണണം; കാണേണ്ട കാര്യമുണ്ട്

മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും അഭാവത്തിലും എല്‍ക്ലാസിക്കോയ്ക്ക് ആവേശ പോര് നല്‍കുന്ന നിരവധി ഘടകങ്ങളുണ്ട്..
മെസിയും ക്രിസ്റ്റ്യാനോയും ഇല്ലെങ്കിലും എല്‍ ക്ലാസിക്കോ കാണണം; കാണേണ്ട കാര്യമുണ്ട്

2007ന് ശേഷം ആദ്യമായി, മെസിയും ക്രിസ്റ്റിയാനോയും ഇല്ലാതെ വരുന്ന എല്‍ ക്ലാസിക്കോ. ലോകത്തിലെ രണ്ട് വമ്പന്മാര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലിന്റെ ആവേശ പോര് നല്‍കിയിരുന്ന എല്‍ ക്ലാസിക്കോ ഇനി എന്തിന് കാണണം എന്ന ചോദ്യമുയര്‍ത്തുന്നവരുണ്ട്. 

ബാഴ്‌സയുടേയും റയലിന്റേയും ആരാധകരല്ല, മെസിയുടേയും ക്രിസ്റ്റിയാനോയുടേയും ആരാധകരാണ് ആ ചോദ്യമുയര്‍ത്തുന്നത്. മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും അഭാവത്തിലും എല്‍ക്ലാസിക്കോയ്ക്ക് ആവേശ പോര് നല്‍കുന്ന നിരവധി ഘടകങ്ങളുണ്ട്..

റാമോസ്-സുവാരസ്

എല്‍ ക്ലാസിക്കോയിലെ രണ്ട് വില്ലന്മാരാണ് ഇരുവരും. എതിര്‍ ടീമുകളുടെ ആരാധകര്‍ ഒരേപോലെ വെറുക്കുന്നവര്‍. മെസിയുടെ അഭാവത്തില്‍ ബാഴ്‌സയുടെ ഫിനിഷിങ് ടച്ച് വരുന്നത് സുവാരസിന്റെ കാലുകളില്‍ നിന്നാവും. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ മാത്രമാണ് സുവാരസ് അടിച്ചിരിക്കുന്നത്. എല്‍ക്ലാസിക്കോയിലേക്ക് വരുമ്പോള്‍ സുവാരസ് ആ ഗോള്‍ വരള്‍ച്ച പരിഹരിക്കുമെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷ. 

റയലിന്റെ ഹൃദയ തുടിപ്പാണ് റാമോസ്. സുവാരസിനെ പിടിച്ചു കെട്ടാന്‍ റയല്‍ നിയോഗിക്കുന്നതും റാമോസിനെ. പക്ഷേ ക്രിസ്റ്റ്യാനോ പോയതിന് ശേഷം റാമോസിന്റെ റയലിലെ കളി അത്ര മികച്ചതല്ല. റാമോസിന്റെ പിഴവുകള്‍ റയലിനെ ഗോള്‍ വഴങ്ങുന്നതിലേക്ക് എത്തിക്കുന്നു. ലാ ലീഗയില്‍ സെപ്തംബര്‍ 22 മുതല്‍ ജയിക്കാന്‍ റയലിനായിട്ടില്ല. റയലിന് വിജയ വഴിയില്‍ വരണം എങ്കില്‍ റാമോസ് സുവാരസിനെ പൂട്ടണം.

കുട്ടിഞ്ഞോ-ബെയില്‍

മെസിയുടേയും ക്രിസ്റ്റിയാനോയുടേയും അഭാവത്തില്‍ റയലിന്റേയും ബാഴ്‌സയുടേയും റെക്കോര്‍ഡ് ട്രാന്‍സ്ഫറുകളിലേക്കാണ് ശ്രദ്ധ മുഴുവന്‍. 1300 കകോടി രൂപയ്ക്ക് ബാഴ്‌സയിലെത്തിയ കുട്ടിഞ്ഞോ കഴിഞ്ഞ പല കളികളിലും ആദ്യ മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കി ബാഴ്‌സയെ മുന്നിലെത്തിക്കുന്നുണ്ട്. എല്‍ ക്ലാസിക്കോയില്‍ കൂടി ആ മികവ് കുട്ടിഞ്ഞോയില്‍ നിന്നും വന്നാല്‍ റയല്‍ തുടക്കത്തിലെ സമ്മര്‍ദ്ദത്തിലാവും. 

റൊണാള്‍ഡോയുടെ വിടവ് നികത്താന്‍ താന്‍ പ്രാപ്തനാണെന്ന് ബെയ്‌ലിന് ഈ എല്‍ക്ലാസിക്കോയിലൂടെ തെളിയിക്കേണ്ടതുമുണ്ട്. കഴിഞ്ഞ സീസണില്‍ എല്‍ ക്ലാസിക്കോയില്‍ ബെയില്‍ നിന്നും പിറന്ന സമനില ഗോള്‍ ആരാധകര്‍ മറന്നിട്ടുണ്ടാകാനും ഇടയില്ല. 

പിക്വെ-ബെന്‍സെമ

റൊണാള്‍ഡോയുടെ അഭാവത്തില്‍ സെന്‍ട്രല്‍ സ്‌ട്രൈക്കറുടെ പൊസീഷനില്‍ ബെന്‍സെമ സ്വതന്ത്രനാവുന്നു എന്നതാണ് ഈ എല്‍ ക്ലാസിക്കോയുടെ പ്രത്യേകത. എന്നാല്‍ ഈ സീസണിലെ കളികളില്‍ ബെന്‍സെമ വിജയിച്ചിട്ടില്ല. വിക്ടോറിയ പ്ലസെനിനെതിരെ നേടിയ ഹെഡറാണ് സെപ്തംബര്‍ ഒന്നിന് ശേഷം ബെന്‍സെമ നേടിയ ഏക ഗോള്‍.

മിസ്റ്റര്‍ ബാഴ്‌സലോണയും ഈ സീസണില്‍ ബാഴ്‌സ കുപ്പായത്തില്‍ നിരവധി പിഴവുകള്‍ വരുത്തി കഴിഞ്ഞു. റൊണാള്‍ഡോയുടെ അഭാവത്തില്‍ ബെന്‍സെമയെ പൂട്ടാനാവും പിക്വെയുടെ ചുമതല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com