ഉപേക്ഷിച്ചു പോയ അച്ഛനും അമ്മയും കാണണം; കായിക മേളയില്‍ മഹേഷിന്റെ പ്രതികാരം

ട്രാക്കിലും പുറത്തും മഹേഷ് പൊരുതിക്കൊണ്ടേയിരിക്കുകയാണ്...
ഉപേക്ഷിച്ചു പോയ അച്ഛനും അമ്മയും കാണണം; കായിക മേളയില്‍ മഹേഷിന്റെ പ്രതികാരം

എന്റെ പേരിന് ഇനിഷ്യല്‍ ഇല്ല. സ്വര്‍ണം നേടിയെത്തിയ പയ്യനെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ഇനിഷ്യല്‍ ചോദിച്ചപ്പോള്‍ അവന്റെ മറുപടി ഇങ്ങനെയായിരുന്നു. അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ അവന് എന്തിനാണ് ഇനിഷ്യലിന്റെ കൂട്ട്...സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇന്നലെ മഹേഷിന്റെ പ്രതികാരത്തിന്റെ ദിവസമായിരുന്നു. 

കൂട്ടത്തിലേറ്റവും ചെറുതായിരുന്നു അവന്‍. അഞ്ച് അടിയില്‍ താഴെ ഉയരം. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ എറിയാനെത്തിയതാണ്. ഒപ്പമുള്ളവരെ കണ്ടപ്പോള്‍ ഭയന്ന് പിന്‍വാങ്ങാന്‍ മുതിര്‍ന്നു. പക്ഷേ പിന്നിട്ട കനല്‍ വഴികള്‍ അവനെ പിടിച്ചു നിര്‍ത്തി. ഫലം വന്നപ്പോള്‍ ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മഹേഷിന് സ്വര്‍ണം.

അനാതത്വത്തേയും ദാരിദ്ര്യത്തേയും പൊരുതി തോല്‍പ്പിക്കുക മാത്രമല്ല. തന്നെ ഉപേക്ഷിച്ചു പോയ അച്ഛനോടും അമ്മയോടുമുള്ള പ്രതികാരം കൂടിയായിരുന്നു മഹേഷിനത്. അവന് ഒന്‍പത് മാസമുള്ളപ്പോഴായിരുന്നു അച്ഛനും അമ്മയും അവനെ ഉപേക്ഷിച്ചു പോകുന്നത്. പിന്നെ അവന് തുണയായത് മുത്തച്ഛനും മുത്തശ്ശിയും. 

പുലര്‍ച്ചെ 4.30ന് അവന് ഉണരണം. വീട്ടുജോലികള്‍ തീര്‍ത്ത് പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് ഒരു ഓട്ടമാണ്. ഗ്രൗണ്ടില്‍ നിന്നും സ്‌കൂളിലേക്ക്. സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ പിന്നെ ലോട്ടറി വില്‍പ്പന. മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം വാടക വീട്ടിലാണ് അവന്റെ താമസം. പക്ഷാഘാതത്തെ തുടര്‍ന്ന് മുത്തച്ഛന്‍ കിടപ്പിലായതോടെ ജീവിക്കാന്‍ അവന്‍ പല പല ജോലികള്‍ ചെയ്യുന്നു. അവന്റെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് വീടുവയ്ക്കാന്‍ മന്ത്രി തോമസ് ഐസക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. കായിക മേളയില്‍ അവന്‍ എറിയാനെത്തിയത് പോലും സഹപാഠിയുടെ സ്‌പൈ്‌സ് കടംവാങ്ങിയാണ്. ട്രാക്കിലും പുറത്തും മഹേഷ് പൊരുതിക്കൊണ്ടേയിരിക്കുകയാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com