ധോണിയെ തഴഞ്ഞ് ഇന്ത്യയുടെ ടി20 ടീം; ടെസ്റ്റ് സംഘത്തിലേക്ക് മടങ്ങിയെത്തി രോഹിത്, മുരളി വിജയ്, പാര്‍ത്ഥിവ്

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ടി20 ടീമുകളേയും വിന്‍ഡീസിനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു.
ധോണിയെ തഴഞ്ഞ് ഇന്ത്യയുടെ ടി20 ടീം; ടെസ്റ്റ് സംഘത്തിലേക്ക് മടങ്ങിയെത്തി രോഹിത്, മുരളി വിജയ്, പാര്‍ത്ഥിവ്

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ടി20 ടീമുകളേയും വിന്‍ഡീസിനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരായ അവസാന രണ്ട് ഏകദിന പോരാട്ടത്തിനുള്ള ടീമിലേക്ക് കേദാര്‍ ജാദവിനേയും ഉള്‍പ്പെടുത്തി. എംഎസ്‌കെ പ്രസാദിന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. 

ഓസ്‌ട്രേലിയക്കെതിരെയുള്ള നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുരളി വിജയ്, രോഹിത് ശര്‍മ, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവര്‍ ടെസ്റ്റ് മടങ്ങിയെത്തിയതാണ് ശ്രദ്ധേയം. മുഹമ്മദ് സിറാജിനെയും മയാങ്ക് അഗര്‍വാളിനെയും സെലക്ടര്‍മാര്‍ തഴഞ്ഞു. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ടീമില്‍ ഇടം ലഭിച്ചില്ല. മയാങ്കിനെ വിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ സ്‌ക്വാഡിലെടുത്തിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. കരുണ്‍ നായര്‍ക്ക് ഇത്തവണയും സെലക്ടര്‍മാര്‍ അവസരം നല്‍കിയില്ല. 

ഓസ്‌ട്രേലിയക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിങ് ധോണിയെ പരിഗണിച്ചില്ല എന്നത് ഏറെ ശ്രദ്ധേയമായ നീക്കമായി. ധോണിക്ക് പകരം ദിനേഷ് കാര്‍ത്തികും റിഷഭ് പന്തുമാണ് ടി20 ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍. 

ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യക്കും ഷഹബാസ് നദീമിനും നടാടെ ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിച്ചു. ഓസീസിനും വിന്‍ഡീസിനും എതിരായ ടി20 ടീമിലേക്കാണ് ക്രുണാലിന് അവസരം ലഭിച്ചത്. നദീമിനെ വിന്‍ഡീസിനെതിരായ പോരാട്ടത്തിലേക്കാണ് സെലക്ടര്‍മാര്‍ പരിഗണിച്ചിരിക്കുന്നത്. 

വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പരിഗണിച്ചില്ല. കോഹ്‌ലിക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുകയായിരുന്നു. പകരം രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. 

ഫിറ്റ്‌നെസ് തെളിയിച്ചുവെങ്കിലും വിന്‍ഡീസിനെതിരെ പ്രഖ്യാപിച്ച അവസാന മൂന്ന് ഏകദിനങ്ങള്‍ക്കായുള്ള ടീമില്‍ ഇടം ലഭിയ്ക്കാതിരുന്ന കേധാര്‍ ജാദവിനെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. തന്നെ തിരഞ്ഞെടുക്കാത്തതിനെതിരേ താരം രംഗത്തെത്തിയിരുന്നു. പരുക്ക് പരിഗണിച്ചാണ് ഈ ഒഴിവാക്കലെന്നാണ് എംഎസ്‌കെ പ്രസാദ് ആദ്യം അഭിപ്രായപ്പെട്ടത്. എന്നാല്‍ പിന്നീട് ജാദവിനെ പരമ്പരയിലെ അവസാന രണ്ട് പോരാട്ടങ്ങള്‍ക്കുള്ള ടീമിലേക്ക് പരിഗണിക്കുകയായിരുന്നു. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം- വിരാട് കോഹ്‌ലി, മുരളി വിജയ്, കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, പാര്‍ത്ഥിവ് പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com