ഭൂട്ടാനെ തകര്‍ത്തെറിഞ്ഞ് കൗമാരം; അണ്ടര്‍ 15 സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ സെമിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2018 01:01 PM  |  

Last Updated: 29th October 2018 01:01 PM  |   A+A-   |  

 

തിംഫു: അണ്ടര്‍ 15 സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ സെമിയിലേക്ക് മുന്നേറി. ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ ഭൂട്ടാനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യന്‍ ചുണക്കുട്ടികളുടെ മുന്നേറ്റം. 

നേരത്തെ ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ പാക്കിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവങ്ങിയ ഇന്ത്യക്ക് ഭൂട്ടാനെതിരായ മത്സരം നിര്‍ണായകമായിരുന്നു. ബംഗ്ലാദേശ്- നേപ്പാള്‍ മത്സരത്തിലെ വിജയികളാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. 

കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ഇന്ത്യന്‍ കൗമാരം നയം വ്യക്തമാക്കി. ശുഭോ പോളാണ് ഇന്ത്യക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം നേടിയ ഇന്ത്യ രണ്ടാം പകുതിയിലാണ് ശേഷിച്ച നാല് ഗോളുകള്‍ വലയിലെത്തിച്ചത്. 

രണ്ടാം പകുതി തുടങ്ങി 66ാം മിനുട്ടില്‍ കുശാങ് രണ്ടാം ഗോള്‍ വലയിലാക്കി ടീമിന്റെ ലീഡുയര്‍ത്തി. 83ാം മിനുട്ടില്‍ ശുഭോ തന്റെ രണ്ടാം ഗോളിലൂടെ ലീഡ് നില മൂന്നിലെത്തിച്ചു. 89ാം മിനുട്ടില്‍ അമന്‍ ഇന്ത്യയുടെ പട്ടിക പൂര്‍ത്തിയാക്കി.