മധ്യനിരയുടെ പിടിപ്പുകേട് തീരുമോ; വെസ്റ്റ് ഇൻഡീസിനെതിരായ നാലാം പോരിന് ഇന്ത്യ

അഞ്ച് കളികളുള്ള പരമ്പര 1–1ന് തുല്യതയിലായതോടെ ഇനിയുള്ള രണ്ട് മത്സരങ്ങളും ഇരു ടീമുകൾക്കും നിർണായകമാണ്
മധ്യനിരയുടെ പിടിപ്പുകേട് തീരുമോ; വെസ്റ്റ് ഇൻഡീസിനെതിരായ നാലാം പോരിന് ഇന്ത്യ

മുംബൈ: ആ തോൽവി ഇന്ത്യ പ്രതീക്ഷിക്കാത്തതായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ മികച്ച രീതിയിൽ തുടങ്ങിയിട്ടും മധ്യനിരയുടെ പിടിപ്പുകേടിൽ മത്സരം കൈവിട്ടത്തിന്റെ ഞെട്ടൽ മാറ്റാനും ഒപ്പം പരമ്പരയിൽ മുന്നിലേക്ക് കയറാനും ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നാലാം ഏകദിന പോരിനിറങ്ങും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. 

ബാറ്റിങിലെ ബാലൻസില്ലായ്മയാണ് തോൽവിയുടെ കാരണം എന്ന വിലയിരുത്തലിലാണ് ഇന്ത്യ. അഞ്ച് സ്പെഷലിസ്റ്റ് ബൗളർമാരെ ഇറക്കി മൂന്നാം പോരിനിറങ്ങിയ തന്ത്രം പിഴച്ചതോടെ 43 റൺസിനായിരുന്നു മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ തോൽവി. അഞ്ച് കളികളുള്ള പരമ്പര 1–1ന് തുല്യതയിലായതോടെ ഇനിയുള്ള രണ്ട് മത്സരങ്ങളും ഇരു ടീമുകൾക്കും നിർണായകമാണ്.

മധ്യനിരയിൽ എംഎസ് ധോണിയുടെ മോശം ഫോമാണ് ഇന്ത്യയെ വലയ്ക്കുന്നത്. ടീമിലേക്ക് തിരിച്ചെത്തിയ കേദാർ ജാദവ് ഇന്ന് കളിക്കാൻ സാധ്യതയേറെ. അങ്ങനെയെങ്കിൽ കഴിഞ്ഞ മത്സരത്തിൽ വിൻഡീസ് താരങ്ങളുടെ പ്രഹരമേറ്റുവാങ്ങിയ ഖലീൽ അഹമ്മദ് പുറത്തിരിക്കും. രവീന്ദ്ര ജഡേജയ്ക്ക് വീണ്ടും അവസരം നൽകുമോ എന്നതും ആകാംക്ഷ ഉണർത്തുന്നു. നാല് വിക്കറ്റ് നേട്ടത്തോടെ ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുമ്രയ്ക്കും ഭുവനേശ്വർ കുമാറിനും ഇന്ന് ജോലി ഭാരം കൂടും. 

അതേസമയം, ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിനു ശേഷം ഏകദിന പരമ്പരയിലെ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച വിൻഡീസ് എഴുതിത്തള്ളേണ്ടെന്ന മുന്നറിയിപ്പാണ് മൂന്നാം പോരിലെ വിജയത്തിലൂടെ നൽകുന്നത്. ഷായ് ഹോപിന്റെയും ഷിമ്രോൺ ഹെറ്റ്മെയറുടെയും ബാറ്റിങ് ഫോമിലാണ് വിൻഡീസ് പ്രതീക്ഷകൾ. ഇരുവരെയും നേരത്തെ മടക്കി വിൻഡീസ് ഇന്നിങ്സിന് പെട്ടെന്നു ഷട്ടറിടാനായില്ലെങ്കിൽ ഇന്നും ഇന്ത്യയ്ക്കു വിയർക്കേണ്ടിവരും.

ബാറ്റിങിൽ ഏറെ പരിചയ സമ്പന്നനായ മർലോൺ സാമുവൽസിന്റെ ഫോമില്ലായ്മ വിൻഡീസിനെ വെട്ടിലാക്കുന്നു. എന്നാൽ മൂന്നാം പോരിൽ ഇന്ത്യയുടെ വിജയം തടഞ്ഞ പ്രധാന താരം സാമുവൽസ് തന്നെയായിരുന്നു. മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ബൗളിങിൽ തിളങ്ങാൻ വെറ്ററൻ താരത്തിന് സാധിച്ചു. 

മുംബൈയിൽ ഇന്ന് സെഞ്ച്വറി നേടാൻ സാധിച്ചാൽ കുമാർ സംഗക്കാരയ്ക്കു ശേഷം ഏകദിനത്തിൽ തുടർച്ചയായി നാല് ശതകങ്ങൾ നേടുന്ന ആദ്യ താരമായി ക്യാപ്റ്റൻ വിരാട് കോഹ്‍ലി മാറും.

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന ഇന്ത്യക്കാരൻ എന്ന റെക്കോർഡ് ക്യാപ്റ്റൻ‌ വിരാട് കോഹ്‍ലിയിൽ നിന്ന് സ്വന്തമാക്കാൻ ഓപണർ ശിഖർ ധവാന് 109 റൺസ് മതി. റെക്കോർഡ് നേട്ടം സംഭവിച്ചാൽ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയ്ക്കു ശേഷം ഏറ്റവും വേഗത്തിൽ 5000 റൺസ് ക്ലബിലെത്തുന്ന താരമായും ധവാൻ മാറും.

ഓപണിങ് കൂട്ടുകെട്ടിൽ 4000 റൺസ് തികയ്ക്കാൻ ശിഖർ ധവാൻ – രോഹിത് ശർമ സഖ്യത്തിന് 40 റൺസ് കൂടി മതി. സച്ചിൻ ടെണ്ടുൽക്കർ – വീരേന്ദർ സെവാഗ് സഖ്യത്തിനു ശേഷം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ഓപണിങ് ജോഡിയാകാൻ വേണ്ടത് വെറും അഞ്ച് റൺസും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com