ഇറ്റലിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങി; 61 വര്‍ഷത്തിന് ശേഷം ഈ നേട്ടം

ക്രിസ്റ്റ്യാനോയുടെ വരവോടെ സീസണില്‍ പരാജയമറിയാതെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് യുവന്റസ്
ഇറ്റലിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങി; 61 വര്‍ഷത്തിന് ശേഷം ഈ നേട്ടം

ടൂറിന്‍: റയല്‍ മാഡ്രിഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിന്റെ പാളയത്തിലേക്ക് പോയത് ലോകം എറെ കൗതുകത്തോടെ നോക്കിക്കണ്ട കൂടുമാറ്റമായിരുന്നു. ക്രിസ്റ്റിയാനോയുടെ മൂല്യം എന്താണെന്ന് റയല്‍ ആരാധകര്‍ക്ക് ഇപ്പോള്‍ ശരിക്കും ബോധ്യമാകുന്നുണ്ട്. സ്‌പെയിനിലെ കഥ ഇങ്ങനെ ആണെങ്കില്‍ ഇറ്റലിയില്‍ അതിന്റെ നേരെ വിപരീതമാണ് കാര്യങ്ങള്‍. 

ക്രിസ്റ്റ്യാനോയുടെ വരവോടെ സീസണില്‍ പരാജയമറിയാതെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് യുവന്റസ്. ഇതില്‍ ഒന്‍പതും വിജയിച്ചു. യുവന്റസിന് പത്ത് മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ അവിടെ മറ്റൊരു നേട്ടം സ്വന്തമാക്കി.

യുവന്റസിനായുള്ള ആദ്യ പത്ത് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടിയ റൊണാള്‍ഡോ 61 വര്‍ഷത്തിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ യുവന്റസ് താരമായി മാറി. 61 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിഹാസ വെയ്ല്‍സ് താരമായ ജോണ്‍ ചാള്‍സും യുവന്റസിനായി പത്ത് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടി ക്ലബ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. സമാന നേട്ടത്തിലാണ് ഇപ്പോള്‍ റൊണാള്‍ഡോ എത്തിയിരിക്കുന്നത്. 

അരങ്ങേറ്റ സീസണില്‍ ജോണ്‍ ചാള്‍സ് 28 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 155 മത്സരങ്ങള്‍ കളിച്ച താരം ഇറ്റാലിയന്‍ ടീമിനായി 108 ഗോളുകളും നേടി. 1957 മുതല്‍ 1962 വരെ അഞ്ച് വര്‍ഷമാണ് ജോണ്‍ യുവന്റസിനായി കളിച്ചത്.

യുവന്റസ് അവരുടെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക മുടക്കി സ്വന്തമാക്കിയ താരമാണ് ക്രിസ്റ്റിയാനോ. തന്റെ പ്രതിഭയോട് നൂറ് ശതമാനം നീതി പുലര്‍ത്തി ആരാധകരുടെ വിശ്വാസം നേടിയെടുക്കാന്‍ കുറഞ്ഞ സമയം കൊണ്ട് പോര്‍ച്ചുഗല്‍ നായകന് സാധിച്ചു. 

നേരത്തെ യുവന്റസ് കുപ്പായത്തിലെത്തിയ കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വയ്ന്‍, ഫിലിപ്പോ ഇന്‍സാഗി എന്നിവര്‍ ആദ്യ പത്ത് കളികളില്‍ നേടിയത് ആറ് ഗോളുകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com