മികച്ച താരത്തിന് ലയണല്‍ മെസിയുടെ പേരില്‍ പുരസ്‌കാരം; ആലോചനയുമായി ലാ ലിഗ അധികൃതര്‍

അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ ആലോചന
മികച്ച താരത്തിന് ലയണല്‍ മെസിയുടെ പേരില്‍ പുരസ്‌കാരം; ആലോചനയുമായി ലാ ലിഗ അധികൃതര്‍


ഫുട്‌ബോള്‍ ജീവിതത്തിലെ നല്ലൊരു ഭാഗവും സ്‌പെയിനില്‍ ചെലവിട്ട അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ ആലോചന.  ലാ ലിഗയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനു മെസിയുടെ പേരു നല്‍കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ലാ ലിഗ പ്രസിഡന്റ് ജാവിയര്‍ ടെബാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് ടെബാസിന്റെ മറുപടി. പരിഗണിക്കാവുന്ന കാര്യമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്  മെസി. കുട്ടിക്കാലം മുതല്‍ക്ക് പ്രകടിപ്പിച്ച ആ മികവ് ഇപ്പോഴും തുടരുകയാണ് അദ്ദേഹം. ഭാവിയില്‍ മികച്ച താരങ്ങള്‍ക്കായി മെസിയുടെ പേരില്‍ പുരസ്‌കാരം നല്‍കുക എന്നത് വളരെ നല്ല കാര്യമാണ്. ടെബാസ് വ്യക്തമാക്കി. 

ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെയാണ് മെസിയുടെ പൊഫഷണല്‍ താരമായുള്ള വളര്‍ച്ച. സീനിയര്‍ കരിയറില്‍ ഇതുവരെ മറ്റൊരു ടീമിനു വേണ്ടിയും മെസി പന്ത് തട്ടിയിട്ടില്ല. 

ലാ ലിഗയിലെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് മെസി. ലാ ലിഗയില്‍ 150 അസിസ്റ്റുകള്‍ നടത്തുന്ന ചരിത്രത്തിലെ ആദ്യ താരമാണ് മെസി. ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോര്‍ഡ്. 387 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള താരത്തിനേക്കാള്‍ 76 ഗോളുകള്‍ മെസിക്ക് കൂടുതലുണ്ട്. വിവിധ മത്സരങ്ങളിലായി ഇതുവരെ ബാഴ്‌സയ്ക്കായി നേടിയത് 556 ഗോളുകള്‍. ലാ ലിഗയുടെ ചരിത്രത്തില്‍ ഇത്രയും ഗോള്‍ ഒരു ടീമിനായി നേടിയ മറ്റൊരാളില്ല. ഈ റെക്കോര്‍ഡില്‍ രണ്ടാമതുള്ള താരം നേടിയത് 324 ഗോളുകള്‍ മാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com