ഗുഡ് ബൈ കൊളംബിയ; അര്‍ജന്റീനയെ രക്ഷിക്കാന്‍ എത്തുമോ പെക്കര്‍മാന്‍

കഴിഞ്ഞ ആറര വര്‍ഷമായി ടീമിനായി തന്ത്രമോതിയ പെക്കര്‍മാന്‍ കരാര്‍ പുതുക്കാന്‍ തനിക്കു താത്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് സ്ഥാനമൊഴിഞ്ഞത്
ഗുഡ് ബൈ കൊളംബിയ; അര്‍ജന്റീനയെ രക്ഷിക്കാന്‍ എത്തുമോ പെക്കര്‍മാന്‍

ബൊഗോട്ട: ലാറ്റിനമേരിക്കന്‍ നൈസര്‍ഗിക ഫുട്‌ബോള്‍ ശൈലി കൊളംബിയക്ക് തിരിച്ചുനല്‍കിയ പരിശീലകന്‍ ഹോസെ പെക്കര്‍മാന്‍ ടീമിന്റെ പടിയിറങ്ങി. 

കഴിഞ്ഞ ആറര വര്‍ഷമായി ടീമിനായി തന്ത്രമോതിയ പെക്കര്‍മാന്‍ കരാര്‍ പുതുക്കാന്‍ തനിക്കു താത്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് സ്ഥാനമൊഴിഞ്ഞത്. 2022ലെ ഖത്തര്‍ ലോകകപ്പില്‍ കൊളംബിയക്ക് എല്ലാ വിധ ആശംസകളും നേരുന്നുവെന്നും പെക്കര്‍മാന്‍ അറിയിച്ചു. പരിശീലകസ്ഥാനത്ത് തുടരാന്‍ കഴിയാത്തതില്‍ ദുഃഖമില്ല. ടീമിനൊപ്പം മികച്ച നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. ഫിഫ റാങ്കിങില്‍ കൊളംബിയ ഇത്രയും മുകളില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നതായും പെക്കര്‍മാന്‍ രാജി പ്രഖ്യാപിച്ച ശേഷം വ്യക്തമാക്കി. താത്കാലിക പരിശീലകനായി അര്‍തുറോ റെയ്‌സിനെ കൊളംബിയ ഫുടേ്‌ബോള്‍ അധികൃതര്‍ നിയമിച്ചിട്ടുണ്ട്. 

അതേസമയം കൊളംബിയയുടെ പരിശീലക സ്ഥാനമൊഴിഞ്ഞതോടെ പെക്കര്‍മാന്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയുടെ പുതിയ കോച്ചായേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നേരത്തേ അര്‍ജന്റൈന്‍ ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം പുതിയ കോച്ചുമാരുടെ സാധ്യതാ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറര വര്‍ഷമായി കൊളംബിയന്‍ ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം. 2012ലാണ് ടീമിന്റെ ചുമതലയേറ്റെടുത്തത്. പെക്കര്‍മാന്റെ കീഴില്‍ വന്‍ തിരിച്ചുവരവാണ് കൊളംബിയ നടത്തിയത്. ലാറ്റിനമേരിക്കന്‍ ശൈലി ടീമിലേക്ക് തിരിച്ച് സന്നിവേശിപ്പിച്ച പെക്കര്‍മാന്‍ അവരെ നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിലേക്ക് കൈപിടിച്ചുയര്‍ത്തി. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കാനും പെക്കര്‍മാന് സാധിച്ചിരുന്നു. റഷ്യന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് തോറ്റ് അവര്‍ പുറത്താകുകയായിരുന്നു. അടുത്ത വര്‍ഷം കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് നടക്കാനിരിക്കെയാണ് പെക്കര്‍മാന്‍ കൊളംബിയയോട് ഗുഡ്‌ബൈ പറയാന്‍ തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com