അര്‍ധ സെഞ്ച്വറിയുമായി കുക്ക് പുറത്ത്; തുടരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ തിരിച്ചുവരവ്

കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന അലസ്‌റ്റൈര്‍ കുക്ക് ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി പുറത്തായി
അര്‍ധ സെഞ്ച്വറിയുമായി കുക്ക് പുറത്ത്; തുടരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ തിരിച്ചുവരവ്

ഓവല്‍: കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന അലസ്‌റ്റൈര്‍ കുക്ക് ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി പുറത്തായി. ഓപണിങില്‍ ജെന്നിങ്‌സുമൊത്ത് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ കുക്കിന് സാധിച്ചു. 190 പന്തുകള്‍ നേരിട്ട് എട്ട് ഫോറുകളുടെ അകമ്പടിയുമായി 71 റണ്‍സെടുത്താണ് കുക്ക് മടങ്ങിയത്. നേരത്തെ അവസാന ടെസ്റ്റ് കളിക്കാനിറങ്ങിയ കുക്കിന് ഇന്ത്യന്‍ താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കി. സ്‌റ്റേഡിയവും എഴുന്നേറ്റ് നിന്നാണ് കുക്കിനെ ആദരിച്ചത്. 

ഇന്ത്യക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലാണ്. മോയിന്‍ അലി (38), ബെന്‍ സ്‌റ്റോക്‌സ് (ഏഴ്‌) എന്നിവരാണ് ക്രീസില്‍.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമിട്ട് കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യം വച്ച് മുന്നേറിയ ഇംഗ്ലണ്ടിന് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. സ്‌കോര്‍ 60ല്‍ നില്‍ക്കേ 23 റണ്‍സുമായി ജെന്നിങ്‌സ് മടങ്ങി. പിന്നീട് കുക്കിന് കൂട്ടായി മോയിന്‍ അലി എത്തിയതോടെ ഇംഗ്ലണ്ട് ട്രാക്കിലായി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. സ്‌കോര്‍ 133ല്‍ നില്‍ക്കേ കുക്ക് മടങ്ങി. പിന്നാലെ വന്ന ക്യാപ്റ്റന്‍ ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയും സംപൂജ്യരായി മടങ്ങിയത് ഇംഗ്ലണ്ടിന് വന്‍ തിരിച്ചടിയായി. റൂട്ടിനെ ബുമ്‌റ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ പിന്നാലെയെത്തിയ ബെയര്‍‌സ്റ്റോയെ ഇഷാന്ത് ശര്‍മയും മടക്കി. നേരത്ത കുക്കിനെ ബുമ്‌റ ബൗള്‍ഡാക്കുകയായിരുന്നു. 

പരമ്പര കൈവിട്ട ഇന്ത്യ രണ്ട് മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിത്. ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജ ടീമിലെത്തി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം ഹൈദരബാദില്‍ നിന്നുള്ള ഇരുപതിനാലുകാരന്‍ ഹനുമ വിഹാരിയും പ്ലെയിങ് ഇലവനില്‍ ഇടം നേടി. ടെസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 292ാമത്തെ താരമായി വിഹാരി മാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com