ആ സ്വപ്‌നം ഇതാ തൊട്ടുമുന്നില്‍; കന്നി ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ എതിരാളി റാക്കറ്റേന്താന്‍ പ്രചോദനമായ ഇതിഹാസം താരം 

യു.എസ് ഓപണിനെത്തി ലോകത്തിന്റെ ഹൃദയം കീഴടക്കിയ 20കാരിയയ ജപ്പാന്‍ താരം നവോമി ഒസാക്കയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍
ആ സ്വപ്‌നം ഇതാ തൊട്ടുമുന്നില്‍; കന്നി ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ എതിരാളി റാക്കറ്റേന്താന്‍ പ്രചോദനമായ ഇതിഹാസം താരം 

ന്യൂയോര്‍ക്ക്: യു.എസ് ഓപണിനെത്തി ലോകത്തിന്റെ ഹൃദയം കീഴടക്കിയ 20കാരിയയ ജപ്പാന്‍ താരം നവോമി ഒസാക്കയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍. ഞയറാഴ്ച നടക്കുന്ന വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസാണ് ഒസാക്കയുടെ എതിരാളി. ചരിത്രമെഴുതിയാണ് ഒസാക്കയുടെ ഫൈനല്‍ പ്രവേശം. ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനലിലേക്ക് കടക്കുന്ന ആദ്യ ജപ്പാന്‍ വനിതാ താരമെന്ന നേട്ടമാണ് ഒസാക്ക ഒപ്പം ചേര്‍ത്തത്. 

കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരി അമേരിക്കയുടെ മാഡിസന്‍ കീസിനെ സെമിയില്‍ കീഴടക്കിയാണ് ഒസാക്കയുടെ ഫൈനല്‍ പ്രവേശം. സ്‌കോര്‍: 6-2, 6-4. 

ആറ് തവണ ഇവിടെ കിരീടം നേടിയ താരമാണ് സെറീന. ഇത്തവണ വിജയം സ്വന്തമാക്കി 24 ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന ഓസ്‌ട്രേലിയന്‍ ഇതിഹാസം മാര്‍ഗ്‌രറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള ലക്ഷ്യത്തിലാണ് താരം. സെമിയില്‍ ലാത്വിയന്‍ താരം അനസ്താസിയ സ്വെറ്റ്‌സോവയെ 6-3, 6-0 എന്ന സ്‌കോറിനാണ് സെറീന പരാജയപ്പെടുത്തിയത്. 

ടെന്നീസിന്റെ മുഖ്യധാരയില്‍ കേട്ട് പരിചയമില്ലാത്ത ഒരു പേരാണ് ഒസാക്കയുടേത്. ആരാണോ റാക്കെടുക്കാന്‍ ഒസാക്കയ്ക്ക് പ്രചോദനമായത് ആ താരത്തെ തന്നെ ചരിത്ര പോരാട്ടത്തിന്റെ ഫൈനലില്‍ നേരിടാന്‍ നിയോഗമെന്ന അപൂര്‍വതയും ഈ ജപ്പാന്‍ താരത്തിന് സ്വന്തം. 

സെറീനയുടെ കളി കണ്ടാണ് ഒസാക്ക വളര്‍ന്നത്. ടെന്നീസ് റാക്കറ്റെടുത്തതും ഭാവിയില്‍ സെറീനയപ്പോലെ ആകാനും. ഫൈനല്‍ പ്രവേശത്തിന്റെ ആവേശത്തില്‍ നില്‍ക്കുകയായിരുന്ന ഒസാക്കയുടെ അരികിലെത്തിയ അവതാരകന്‍, എന്ത് സന്ദേശമാണ് സെറീനയ്ക്കായി നല്‍കാനുള്ളതെന്ന് ചോദിച്ചപ്പോള്‍ 'ഐ ലവ് യൂ' എന്നായിരുന്നു ഒസാക്കയുടെ മറുപടി. ഈ മറുപടിയിലുണ്ടായിരുന്നു ഇതിഹാസ താരം 20കാരിയുടെ  കളി ജീവിതത്തെ സ്വാധീനിച്ചതിന്റെ ഉത്തരം. 

ടൂര്‍ണമെന്റിലുടനീളം ഒസാക്കയുടെ പോസ്റ്റ് മാച്ച് അഭിമുഖങ്ങള്‍ ശ്രദ്ധേയമായിരുന്നു. തുറന്ന് സംസാരിക്കുന്ന ഒസാക്കയുടെ രീതിയാണ് ശ്രദ്ധയാകര്‍ഷിച്ചത്. സെമിയില്‍ 13 ബ്രേക്ക് പോയിന്റുകള്‍ സേവ് ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ 'കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റിയെന്ന് വരില്ല. പക്ഷെ സെറീനയ്‌ക്കെതിരെ കളിക്കുന്നതിനെ കുറിച്ചായിരുന്നു എന്റെ ചിന്ത. സെറീനയ്‌ക്കെതിരെ ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ കളിക്കുന്നത് സ്വപ്‌നം കണ്ടാണ് വളര്‍ന്നത്'.

ഞായറാഴ്ചത്തെ ഫൈനലിനായാണ് ടെന്നീസ് ലോകം കാത്തിരിക്കുന്നത്. ഒരു ഭാഗത്ത് മുന്‍ കിരീട ജേത്രി. മറുഭാഗത്ത് ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ നടാടെ ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുന്ന താരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com